ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ റോയൽസിന് നേരിടേണ്ടി വന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം മുതൽ രാജസ്ഥാന് പിഴയ്ക്കുകയായിരുന്നു.
ചെന്നൈയിലെ സ്ലോ ആയ പിച്ചിൽ രാജസ്ഥാൻ ബാറ്റർമാർ നന്നായി വിയർത്തു. നിശ്ചിത 20 ഓവറുകളിൽ കേവലം 141 റൺസ് മാത്രമാണ് രാജസ്ഥാന് നേടാൻ സാധിച്ചത്. ഈ സ്കോർ അനായാസം മറികടക്കാൻ ചെന്നൈയ്ക്ക് സാധിക്കുകയും ചെയ്തു. മത്സരത്തിൽ ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാതെ വന്നതാണ് പരാജയത്തിന് കാരണമായത് എന്ന് രാജസ്ഥാന്റെ ഹെഡ് കോച്ച് കുമാർ സംഗക്കാര പറയുകയുണ്ടായി.
തങ്ങളുടെ ഇന്നിംഗ്സിന്റെ മധ്യ ഓവറുകളിൽ ബാറ്റർമാർ ആവശ്യമായ മനോഭാവം പുലർത്തിയില്ല എന്നാണ് സംഗക്കാര കരുതുന്നത്. ആദ്യ ഓവറുകളിൽ തങ്ങൾക്ക് ബൗണ്ടറി നേടാൻ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അത് മുതലാക്കാൻ ബാറ്റർമാർക്ക് സാധിച്ചില്ല എന്ന് സംഗക്കാര കരുതുന്നു.
“മത്സരത്തിലെ പിച്ച സ്ലോ ആയിരിക്കും എന്നത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതുപോലെ തന്നെയാണ് സംഭവിച്ചത്. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബോളർമാർ നന്നായി തന്നെ പന്തെറിഞ്ഞു. ഞങ്ങളുടെ ബാറ്റിംഗിലേക്ക് വന്നാൽ പലപ്പോഴും മനോഭാവമില്ലായ്മ കാണാൻ സാധിക്കുമായിരുന്നു. മധ്യ ഓവറുകളിൽ കൃത്യമായ രീതിയിൽ ആക്രമണ മനോഭാവം കാട്ടാൻ ഞങ്ങൾക്ക് സാധിച്ചില്ല. ആദ്യ പന്തുകളിൽ ഞങ്ങൾക്ക് ബൗണ്ടറികൾ നേടാൻ അവസരം ലഭിച്ചിരുന്നു. പക്ഷേ അധികമായി ഡോട്ട് ബോളുകൾ വന്നത് ഞങ്ങളുടെ മൊമെന്റത്തെ ബാധിച്ചു.”- സംഗക്കാര പറഞ്ഞു.
“ആദ്യ ഓവറുകളിൽ കൃത്യമായി ഗ്യാപ്പുകൾ കണ്ടെത്തി റൺസ് സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. മാത്രമല്ല വിക്കറ്റിന് ഇടയിലെ ഓട്ടത്തിന്റെ കാര്യത്തിലും ഞങ്ങൾ പരാജയപ്പെട്ടു. മൈതാനത്ത് താരങ്ങളൊക്കെയും ഒരുപാട് ചൂട് നേരിട്ടു എന്നത് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ ചെന്നൈ അതിവിദഗ്ധമായി മത്സരത്തിൽ ബോൾ ചെയ്തു. ഏകദേശം 25-30 റൺസ് കുറവ് മാത്രമാണ് ഞങ്ങൾക്ക് നേടാൻ സാധിച്ചത്. അതൊരു 170-180 റൺസ് വിക്കറ്റായിരുന്നു. പക്ഷേ ഞങ്ങൾക്ക് ആ സ്കോറിലേക്ക് ഒരു കാരണവശാലും എത്തിപ്പെടാൻ സാധിച്ചില്ല.”- സംഗക്കാര കൂട്ടിച്ചേർത്തു.
ഇത്തവണത്തെ ഐപിഎൽ സീസണിൽ ഉഗ്രൻ തുടക്കമായിരുന്നു രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. ആദ്യ 9 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയം നേടാൻ രാജസ്ഥാന് സാധിച്ചു. ഇതോടെ അനായാസം രാജസ്ഥാൻ പ്ലേയോഫിൽ എത്തുമെന്നാണ് എല്ലാവരും കരുതിയത്.
പക്ഷേ പിന്നാലെ തുടർ പരാജയങ്ങൾ രാജസ്ഥാൻ നേരിടുകയുണ്ടായി. രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം പരാജയമാണ് മത്സരത്തിൽ ഉണ്ടായത്. മെയ് 15ന് പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം നടക്കുന്നത്. ഒരു മത്സരത്തിൽ കൂടി വിജയം സ്വന്തമാക്കിയാൽ രാജസ്ഥാന് അനായാസം പ്ലേയോഫിലെത്താം.