ഡൽഹിക്കെതിരായ മത്സരത്തിൽ അത്യുഗ്രൻ വിജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ 67 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ഓപ്പണർ ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ്, അഭിഷേക് ശർമ എന്നിവർ ഹൈദരാബാദിനായി തിളങ്ങുകയുണ്ടായി.
മൂവരുടെയും ബാറ്റിംഗിന്റെ മികവിൽ 266 എന്ന വമ്പൻ സ്കോർ സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചു. മറുപടി ബാറ്റിംഗിൽ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും, നടരാജന്റെയും മാർക്കണ്ഠയുടെയും ബോളിംഗ് പ്രകടനത്തിന് മുൻപിൽ ഡൽഹി കൂപ്പുകുത്തി വീഴുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ വെടിക്കെട്ട് തുടക്കം തന്നെയാണ് ഹൈദരാബാദിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ആദ്യ ബോൾ മുതൽ ഡൽഹിയെ തറ പറ്റിക്കാൻ ഹൈദരാബാദിന്റെ ഓപ്പണർമാർക്ക് സാധിച്ചു.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പവർപ്ലെയാണ് ഹൈദരാബാദിന് മത്സരത്തിൽ ലഭിച്ചത്. ആദ്യ 38 പന്തുകളിൽ 131 റൺസാണ് ഹൈദരാബാദിനായി ഓപ്പണർ ഹെഡും അഭിഷേക് ശർമയും ചേർന്ന് നേടിയത്. അഭിഷേക് ശർമ 12 പന്തുകളിൽ 2 ബൗണ്ടറീകളും 6 സിക്സറുകളുമടക്കം 46 റൺസ് സ്വന്തമാക്കി.
ഹെഡ് 32 പന്തുകളിൽ 11 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 89 റൺസാണ് നേടിയത്. ഇതോടെ ഹൈദരാബാദിന്റെ സ്കോർ കുത്തനെ ഉയരുന്നതാണ് കാണാൻ സാധിച്ചത്. പിന്നീട് മധ്യനിരയിൽ നിതീഷ് റെഡി 37 റൺസ് നേടി ഹൈദരാബാദിനായി മികവ് പുലർത്തി. ഒപ്പം അവസാന ഓവറുകളിൽ 29 പന്തുകളിൽ 59 റൺസുമായി ഷഹബാസ് അഹമ്മദും തിളങ്ങിയതോടെ ഹൈദരാബാദ് 266 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.
ഇത് മൂന്നാം തവണയാണ് ഹൈദരാബാദ് 250 നു മുകളിൽ സ്കോർ കണ്ടെത്തുന്നത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹിയും ഒട്ടും തന്നെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. മൂന്നാമനായി ക്രീസിലെത്തിയ ഫ്രൈസർ മക്ഗർക്ക് ഡൽഹിക്കായി കൂടാരം തീർത്തു.
കേവലം 15 പന്തുകളിൽ തന്നെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ച് മക്ഗർക്ക് എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. 18 പന്തുകൾ നേരിട്ട താരം 5 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 65 റൺസാണ് നേടിയത്. ഒപ്പം അഭിഷേക് പോറൽ 22 പന്തുകളിൽ 42 റൺസും സ്വന്തമാക്കുകയുണ്ടായി. ഇങ്ങനെ ഡൽഹി സ്കോർ കുതിക്കുകയായിരുന്നു. പക്ഷേ പിന്നീട് തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനവുമായി ഹൈദരാബാദ് മത്സരത്തിലേക്ക് തിരികെയെത്തി.
10 ഓവറുകൾക്ക് ശേഷം ഹൈദരാബാദ് ബോളിങ് നിരയുടെ മറ്റൊരു മുഖമാണ് ഡൽഹി കണ്ടത്. റിഷഭ് പന്ത് അടക്കമുള്ള താരങ്ങൾ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരുതരത്തിലും ഹൈദരാബാദിനെതിരെ ആക്രമണം അഴിച്ചുവിടാൻ സാധിച്ചില്ല. 4 വിക്കറ്റുകൾ സ്വന്തമാക്കിയ നടരാജനാണ് ഡൽഹിയെ എറിഞ്ഞിന്നതിൽ പ്രധാന പങ്കു വഹിച്ചത്. ഇതോടെ മത്സരത്തിൽ ഹൈദരാബാദ് 67 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.