കേരള ക്രിക്കറ്റ് ലീഗിൽ തൃശ്ശൂർ ടൈറ്റൻസിനെ പരാജയപ്പെടുത്തി ട്രിവാൻഡ്രം റോയൽസ്. ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കിയത്. അർധസെഞ്ച്വറി നേടിയ അഖിലിന്റെ പ്രകടനമാണ് ട്രിവാൻഡ്രം ടീമിനെ ബാറ്റിംഗിൽ സഹായിച്ചത്.
നായകൻ അബ്ദുൽ ബാസിത്തിന്റെ ബോളിംഗ് മികവും ട്രിവാൻഡ്രത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താൻ ട്രിവാൻഡ്രം ടീമിന് സാധിച്ചിട്ടുണ്ട്. ഇതുവരെ 6 മത്സരങ്ങൾ ടൂർണമെന്റിൽ കളിച്ച ട്രിവാൻഡ്രം 3 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച തൃശ്ശൂരിന് ആനന്ദ് സാഗറിന്റെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. 17 റൺസ് നേടിയ അഹമ്മദ് ഇമ്രാൻ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും ട്രിവാൻഡ്രം ബോളർമാർക്ക് മുമ്പിൽ അടിയറവു പറയുകയായിരുന്നു. ശേഷം വരുൺ നായനാരും ക്രീസിലുറച്ചത് തൃശ്ശൂരിന് പ്രതീക്ഷകൾ നൽകി. എന്നാൽ കൃത്യമായ സമയത്ത് നായനാരെ പുറത്താക്കാൻ ട്രിവാൻഡ്രത്തിന് സാധിച്ചു. ശേഷം അവസാന ഓവറുകളിൽ വിഷ്ണു വിനോദു അക്ഷയ്മനോഹറും ചേർന്നാണ് തൃശ്ശൂരിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
മത്സരത്തിൽ 20 പന്തുകളിൽ 25 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അക്ഷയ് മനോഹർ 21 പന്തുകളിൽ 35 റൺസുമായി പുറത്താകാതെ നിന്നു. ഒരു ബൗണ്ടറിയും 3 സിക്സറുകളുമാണ് അക്ഷയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇതോടെ തൃശൂർ നിശ്ചിത 20 ഓവറുകളിൽ 129 എന്ന സ്കോറിൽ എത്തുകയായിരുന്നു.
ട്രിവാൻഡ്രത്തിനായി നായകൻ അബ്ദുൽ ബാസിത് 2 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ട്രിവാൻഡ്രം റോയൽസിനായി കരുതലോടെയാണ് ബഷീർ ആരംഭിച്ചത്. വിക്കറ്റ് കീപ്പർ സുബിൻ എസ്സും കരുതലോടെ ബാറ്റ് ചെയ്തതോടെ ട്രിവാൻഡ്രം വിജയത്തിലേക്ക് അടുത്തു.
എന്നിരുന്നാലും മത്സരത്തിന്റെ അവസാന ഓവറുകളിൽ വമ്പൻ വെടിക്കെട്ട് തന്നെ ട്രിവാൻഡ്രത്തിന് ആവശ്യമായി വന്നു. പിന്നീട് ഗോവിന്ദ് പൈയും അഖിൽ എംഎസും ചേർന്ന് മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. ഒരു വെടിക്കെട്ട് അർധസെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ അഖിലിന് സാധിച്ചു. 37 പന്തുകളിൽ 54 റൺസാണ് അഖിൽ നേടിയത്. 2 ബൗണ്ടറികളും 5 സിക്സറുകളും അഖിലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഗോവിന്ദ് പൈ 23 പന്തുകളിൽ 30 റൺസാണ് നേടിയത്. ഇതോടെ ട്രിവാൻഡ്രം അനായാസം വിജയത്തിൽ എത്തുകയായിരുന്നു. 8 വിക്കറ്റുകൾക്കാണ് മത്സരത്തിൽ ട്രിവാൻഡ്രം വിജയം സ്വന്തമാക്കിയത്.