“ബാബർ ആസമിന് മുമ്പിൽ കോഹ്ലി ഒന്നുമല്ല, വട്ടപ്പൂജ്യം”. വിവാദ പരാമർശവുമായി മുൻ കോച്ച്.

2025 ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ക്രിക്കറ്ററാണ് പാകിസ്ഥാൻ താരം ബാബർ ആസം. ആതിഥേയ രാജ്യമായിരുന്നിട്ടും പാക്കിസ്ഥാൻ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ തന്നെ ദയനീയമായ പരാജയങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി. ന്യൂസിലാൻഡ്, ഇന്ത്യ എന്നീ ടീമുകളോട് തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയ പാക്കിസ്ഥാന്റെ ഗ്രൂപ്പിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

ഇതോടെ ഒരു വിജയം പോലുമില്ലാതെ ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പുറത്തായി. ഇതിനൊപ്പം വലിയ വിമർശനമാണ് ബാബർ ആസമിന് നേരിടേണ്ടി വന്നത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വളരെ പതിയെ ബാബർ ആസം നേടിയ അർത്ഥ സെഞ്ച്വറി വലിയ ചർച്ചയായിരുന്നു. ടൂർണമെന്റിൽ 2 മത്സരങ്ങളിൽ നിന്ന് 87 റൺസ് മാത്രമാണ് ബാബറിന് നേടാൻ സാധിച്ചത്.

എന്നിരുന്നാലും ബാബറിനെയും വിരാട് കോഹ്ലിയെയും താരതമ്യം ചെയ്യുന്നതിൽ യാതൊരു കാര്യവുമില്ല എന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം മുഹ്സിൻ ഖാൻ. ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരത്തിൽ ശക്തമായ സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും ബാബർ ആസമിന് മുൻപിൽ വിരാട് കോഹ്ലി ഒന്നും തന്നെയല്ല എന്നാണ് മുഹ്സിൻ പറയുന്നത്. ബാബറിന്റെ ഇത്തരത്തിലുള്ള പിന്നോട്ട് പോക്കിന് കാരണം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളാണ് എന്നും മുഹ്സിൻ വിമർശിക്കുകയുണ്ടായി.

“ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. ബാബർ ആസമുമായി താരതമ്യം ചെയ്യുമ്പോൾ വിരാട് കോഹ്ലി ഒന്നുമല്ല. അവനൊരു വലിയ സീറോയാണ്. പക്ഷേ ഇവിടത്തെ പ്രധാന പ്രശ്നം ഇതൊന്നുമല്ല. പ്രധാന പ്രശ്നം പാക്കിസ്ഥാൻ ക്രിക്കറ്റ് ആണ്. നിലവിൽ എല്ലാ തരത്തിലും പാകിസ്ഥാൻ ക്രിക്കറ്റ് നശിച്ചു കിടക്കുകയാണ്. ഒരു തരത്തിലുള്ള പ്ലാനിങും ഇവിടെ നടക്കുന്നില്ല. കൃത്യമായ തന്ത്രങ്ങൾ ഇല്ലാതെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് മുൻപോട്ട് പോകുന്നത്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ കാര്യങ്ങൾ ഗുണകരമായി മാറില്ല.”- മുഹസിൻ പറഞ്ഞു.

ടൂർണമെന്റിൽ ബാബർ ആസമിനെ ഓപ്പണറായി ഇറക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ ചോദ്യം ചെയ്താണ് മുൻ കോച്ച് ആലം സംസാരിച്ചത്. അതൊരു വലിയ പിഴവായിരുന്നു എന്ന് ആലം പറയുകയുണ്ടായി. “എന്തിനാണ് ആസമിനെ പാക്കിസ്ഥാൻ ഓപ്പണറായി ഇറക്കിയത്? അവന്റെ സ്വാഭാവികമായ പൊസിഷൻ അതായിരുന്നില്ല. ഒരു ബാറ്റിംഗ് ലൈനപ്പിന്റെ നട്ടെല്ല് മൂന്നാം നമ്പർ ബാറ്ററാണ്. അവിടെയാണ് നമ്മുടെ ഏറ്റവും നല്ല കളിക്കാരൻ കളിക്കേണ്ടത്. ആ പൊസിഷനിൽ തന്നെ ബാബർ ആസമിനെ കളിപ്പിക്കാൻ പരിശീലകർ തയ്യാറാവണമായിരുന്നു. അങ്ങനെ അവന് ഇന്നിംഗ്സ് ആങ്കർ ചെയ്യാൻ സാധിക്കുമായിരുന്നു. സെഞ്ച്വറികൾക്കായി അവന് പരിശ്രമിക്കാൻ കഴിയുമായിരുന്നു.”- ആലം പറഞ്ഞു.