ബാബറെയും റിസ്വാനെയുമല്ല, ഇന്ത്യ ഭയക്കേണ്ടത് മറ്റൊരു പാക് ബാറ്ററെയാണ് ; ഹർഭജൻ സിംഗ്

ഫെബ്രുവരി 23നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി മത്സരം നടക്കുന്നത്. ലോക ക്രിക്കറ്റ്‌ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ദുബായിൽ നടക്കാൻ പോകുന്നത്. ഈ അവസരത്തിൽ ഇന്ത്യ- പാക്ക് മത്സരത്തെപ്പറ്റി വാചാലനായിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ അനാവശ്യമായി ഹൈപ്പ് ചെയ്യപ്പെടുന്നു എന്നാണ് ഹർഭജൻ പറയുന്നത്. 2 രാജ്യങ്ങളും വളരെ വ്യത്യസ്തമായ ധ്രുവങ്ങളിലാണ് നിലവിലുള്ളത് എന്ന് ഹർഭജൻ പറയുന്നു. അതുകൊണ്ടുതന്നെ മത്സരം ഇന്ത്യയ്ക്ക് പൂർണ്ണമായ ആധിപത്യം പുലർത്താൻ സാധിക്കുന്ന തരത്തിലാവും മുൻപോട്ട് പോവുക എന്നാണ് ഹർഭജൻ കരുതുന്നത്. എന്നിരുന്നാലും പാക്കിസ്ഥാൻ നിരയിലെ ഇടംകയ്യൻ ബാറ്ററായ ഫഖർ സമാനെ ഇന്ത്യ ഭയക്കണമെന്നും ഹർഭജൻ മുന്നറിയിപ്പ് നൽകുന്നു.

“ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ ഓവർ ഹൈപ് ആകുന്നു. കാരണം ഇത്തരം മത്സരങ്ങളിൽ വലിയ കാര്യമൊന്നുമില്ല. നമ്മൾ ഇരു ടീമുകളുടെയും പ്രധാന ബാറ്റർമാരെ പരിശോധിക്കണം. പാകിസ്താന്റെ സ്റ്റാർ ബാറ്റർ ബാബർ ആസമാണ്. എന്നാൽ ഇന്ത്യക്കെതിരെ ഏകദിന ക്രിക്കറ്റിൽ 31 റൺസിന് താഴെ മാത്രമാണ് ബാബറിന്റെ ശരാശരി. ഒരു മികച്ച ടോപ്പ് ഓർഡർ ബാറ്റർക്ക് 50 റൺസിനടുത്ത് ശരാശരിയാണ് ആവശ്യമായുള്ളത്. മറ്റൊരു താരമായ റിസ്വാന്റെ കാര്യം എടുക്കാം. എനിക്ക് റിസ്വാനെ വളരെ ഇഷ്ടമാണ്. വളരെ ഫ്രീയായി അവൻ കളിക്കാറുണ്ട്. പക്ഷേ ഇന്ത്യയ്ക്കെതിരെ അവന്റെ ശരാശരി 25 റൺസ് മാത്രമാണ്.”- ഹർഭജൻ പറയുന്നു.

“പാക്കിസ്ഥാൻ നിരയിൽ ഫഖർ സമാന് മാത്രമാണ് ഇന്ത്യക്കെതിരെ ഭേദപ്പെട്ട ശരാശരിയുള്ളത്. പാക്കിസ്ഥാന്റെ ഫുൾടൈം ഓപ്പണറായ ഫഖർ സമന് 46 റൺസ് ശരാശരിയുണ്ട്. അതൊരു മികച്ച ആവറേജ് തന്നെയാണ്. ഇന്ത്യയുടെ കയ്യിൽ നിന്ന് മത്സരം തട്ടിയെടുക്കാൻ അവന് സാധിക്കും. ശേഷമുള്ളത് ഫഹീം അഷറഫ് ആണ്. അവന്റെ ശരാശരി 12.5 മാത്രമാണ്. അതുകൊണ്ടുതന്നെ അവൻ ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് ഞാൻ കരുതുന്നില്ല. സൗദ് ഷക്കീലിന് ഇന്ത്യയ്‌ക്കെതിരെ 8 റൺസ് ശരാശരി മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ഈ താരങ്ങളൊക്കെ ഇന്ത്യക്കെതിരെ പോരാട്ടം നയിക്കുമെന്ന് പോലും ഞാൻ കരുതുന്നില്ല.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

“കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തങ്ങളുടെ നാട്ടിൽ അടിച്ചൊതുക്കിയത്. അതേസമയം തങ്ങളുടെ നാട്ടിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനോട് പരാജയപ്പെടുകയും ചെയ്തു. ന്യൂസിലാൻഡ് ചാമ്പ്യൻസ് ട്രോഫിയിൽ തങ്ങളുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെയാണ് കളിക്കുന്നത് എന്ന് ഓർക്കണം. ആ മത്സരത്തിൽ വീണ്ടും ന്യൂസിലാൻഡ് പാക്കിസ്ഥാനെ പരാജയപ്പെടുത്തും എന്നാണ് ഞാൻ കരുതുന്നത്. കാരണം പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ വളരെ ശക്തമായി മനസ്സിലാക്കാൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. ഇന്ത്യ ഇതിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യ- പാകിസ്ഥാൻ മത്സരം ഒരു വൺ സൈഡ് മത്സരമാകും എന്ന് ഞാൻ പറയുന്നത്.”- ഹർഭജൻ പറഞ്ഞുവയ്ക്കുന്നു.

Previous articleകോഹ്ലിയേക്കാളും ബാബറിനെക്കാളും മികച്ച താരം രോഹിത് ശർമ : മുൻ പാക് താരം പറയുന്നു.
Next article“ബുമ്രയ്ക്ക് പകരം ഇന്ത്യൻ ടീമിൽ കളിക്കേണ്ടത് ഷാമിയല്ല “, വലിയ പ്രസ്താവനയുമായി പോണ്ടിംഗ്.