മുംബൈയ്ക്കെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ആടിത്തിമർത്ത് ഓപ്പണർ ജയസ്വാൾ. മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് ജയസ്വാൾ ആരാധകരെ ഞെട്ടിച്ചത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കാതെ വന്ന ജയസ്വാളിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എല്ലാത്തിനുമുള്ള മറുപടി ഒരു തകർപ്പൻ സെഞ്ച്വറിയിലൂടെ നൽകിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം. മത്സരത്തിൽ 59 പന്തുകളിൽ നിന്നാണ് ജയസ്വാൾ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഐപിഎൽ കരിയറിലെ തന്റെ രണ്ടാം സെഞ്ചുറിയാണ് ജയസ്വാൾ മത്സരത്തിൽ നേടിയത്.
മത്സരത്തിൽ 180 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ രാജസ്ഥാനായി ഓപ്പണറായാണ് ജയസ്വാൾ എത്തിയത്. പതിവിന് വിപരീതമായി വളരെ സൂക്ഷ്മതയോടെയാണ് ജയസ്വാൾ മുംബൈക്കെതിരെ ആരംഭിച്ചത്. തനിക്ക് ലഭിച്ച അവസരങ്ങളിൽ മുംബൈ ബോളർമാരെ അടിച്ചുകറ്റാൻ ജയസ്വാളിന് സാധിച്ചിരുന്നു.
പവർപ്ലേ ഓവറുകളിൽ കൃത്യമായി ഗ്യാപ്പ് കണ്ടെത്തി ബൗണ്ടറികൾ നേടാനും ജയസ്വാളിന് സാധിച്ചു. ബട്ലറുമൊത്ത് ആദ്യ വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടാണ് രാജസ്ഥാനായി ജയസ്വാൾ കെട്ടിപ്പടുത്തത്. കേവലം 31 പന്തുകളിൽ നിന്നായിരുന്നു മത്സരത്തിൽ ജയസ്വാൾ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.
ഇതിന് ശേഷവും ജയസ്വാൾ അടിച്ചു തകർക്കുകയുണ്ടായി. ബട്ലർ പുറത്തായ ശേഷവും സഞ്ജുവിനെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാനാണ് ജയസ്വാൾ ശ്രമിച്ചത്. രാജസ്ഥാന് ആവശ്യമായ സമയങ്ങളിലൊക്കെ ബൗണ്ടറി കണ്ടെത്താനും ജയസ്വാളിന് സാധിച്ചിരുന്നു. മത്സരത്തിൽ 59 പന്തുളിൽ നിന്നാണ് താരം തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.
ഐപിഎല്ലിലെ ജയസ്വാളിന്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ 60 പന്തുകളിൽ 104 റൺസ് സ്വന്തമാക്കിയ ജയസ്വാൾ പുറത്താവാതെ നിന്നു. 9 ബൗണ്ടറികളും 7 സിക്സറുകളുമാണ് ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.
ഈ തകർപ്പൻ ഇന്നിംഗ്സോടെ മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിക്കാനും ജയസ്വാളിന് സാധിച്ചു. മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.
ഇതുവരെ 8 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ ഒരു മത്സരത്തിൽ മാത്രമാണ് പരാജയമറിഞ്ഞത്. നിലവിൽ 14 പോയിന്റുകളുമായാണ് രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് 10 പോയിന്റുകളാണ് ഉള്ളത്.