2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ കളിമടന്ന് ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡ്. കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് ഹെഡ് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ഹൈദരാബാദിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു ഹെഡ് കാഴ്ചവച്ചത്.
അതിനാൽ തന്നെ വളരെ വലിയ പ്രതീക്ഷയോടെയാണ് ഹെഡ് പ്ലെയോഫിലേക്ക് എത്തിയത്. എന്നാൽ പ്ലേയോഫിലെ 3 മത്സരങ്ങളിലും ബാറ്റിംഗിൽ വലിയ ദുരന്തമായി ഹെഡ് മാറുകയുണ്ടായി. കൊൽക്കത്തക്കെതിരായ ആദ്യ ക്വാളിഫയറിലും രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയറിലും ഇപ്പോൾ ഫൈനലിലും ഹെഡ് പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്.
പ്ലേയോഫിലെത്തിയ ശേഷം ഹെഡിന്റെ നിഴൽ പോലും കാണാൻ സാധിച്ചില്ല എന്നതാണ് വസ്തുത. ആദ്യ ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്തക്കെതിരെ വളരെ മോശം പ്രകടനമാണ് ഹെഡ് കാഴ്ചവച്ചത്. മത്സരത്തിൽ ഹെഡ് മിച്ചൽ സ്റ്റാർക്കിന്റെ പന്തിലായിരുന്നു പുറത്തായത്. സ്റ്റാർക്കിന്റെ ഒരു തട്ടുപൊളിപ്പൻ സ്വിങ് ബോളിൽ ഹെഡിന്റെ കുറ്റിതെറിച്ചു.
ശേഷം രാജസ്ഥാനെതിരെ 34 റൺസ് ഹെഡ് സ്വന്തമാക്കി. എന്നാൽ 28 പന്തുകളിലായിരുന്നു ഹെഡിന്റെ ഈ പ്രകടനം. ഇത് വലിയ വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു. ശേഷമാണ് ഇപ്പോൾ ഫൈനലിൽ ആദ്യ പന്തിൽ പൂജ്യനായി ഹൈദരാബാദിന്റെ വമ്പൻ താരം മടങ്ങിയത്.
മത്സരത്തിൽ കൊൽക്കത്തയുടെ യുവ പേസർ വൈഭവ് അറോറയാണ് ഹെഡിനെ പുറത്താക്കിയത്. അറോറ എറിഞ്ഞ ഗുഡ് ലെങ്ത് പന്തിൽ ഒരു പ്രതിരോധ ഷോട്ട് കളിക്കാൻ ഹെഡ് തയ്യാറാവുകയായിരുന്നു. എന്നാൽ പിച്ച് ചെയ്തതിന് ശേഷം സ്വിങ് ചെയ്താണ് പന്ത് എത്തിയത്.
പന്തിന്റെ ദിശ നിർണയിക്കുന്നതിൽ ഹെഡ് പരാജയപ്പെട്ടു. ശേഷം ഹെഡിന്റെ എഡ്ജിൽ കൊണ്ട പന്ത് കീപ്പർ ഗുർബാസിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. കൃത്യമായി ബാറ്റിൽ പന്ത് സ്പർശിക്കുന്നത് കൊൽക്കത്ത താരങ്ങൾ വ്യക്തമായി കണ്ടു. ഇതോടെ അവർ അപ്പീൽ ചെയ്യുകയും അമ്പയർ ഔട്ട് വിധിക്കുകയുമാണ് ഉണ്ടായത്.
ഹൈദരാബാദിനെ സംബന്ധിച്ച് ഒരു ദുരന്ത തുടക്കമാണ് ഐപിഎൽ ഫൈനലിന്റെ ആദ്യ സമയത്ത് ലഭിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ തങ്ങളുടെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയുടെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ അഭിഷേക് ശർമയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു.
ശേഷം അടുത്ത ഓവറിലാണ് ഹെഡ് കൂടാരം കയറിയത്. കഴിഞ്ഞ 4 ഇന്നിംഗ്സുകളിൽ ഇത് മൂന്നാം തവണയാണ് ഹെഡ് പൂജ്യനായി മടങ്ങുന്നത്. ഹെഡിന്റെ പുറത്താകൽ ഹൈദരാബാദിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.