2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ വമ്പൻ പ്രകടനങ്ങളാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ഈ സീസണിൽ 9 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 8 വിജയങ്ങളുമായി 16 പോയിന്റ്കളാണ് നേടിയിട്ടുള്ളത്. നിലവിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് രാജസ്ഥാൻ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനോട് മാത്രമാണ് രാജസ്ഥാൻ പരാജയം അറിഞ്ഞിട്ടുള്ളത്. ഔദ്യോഗികമായി പ്ലേയോഫിൽ എത്തിയിട്ടില്ലെങ്കിലും രാജസ്ഥാൻ ആദ്യ നാലിൽ ഇടം കണ്ടെത്തും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഇനി ഈ ഐപിഎല്ലിൽ 5 മത്സരങ്ങളാണ് ലീഗ് ഘട്ടത്തിൽ രാജസ്ഥാന് അവശേഷിക്കുന്നത്. ഇതിൽ 3 മത്സരങ്ങളോളം ജയിച്ചാൽ രാജസ്ഥാന് ആദ്യ 2 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ സാധിക്കും. എന്നാൽ രാജസ്ഥാൻ പ്ലെയോഫിൽ എത്തിയാൽ ടീമിന് ചില അനിവാര്യമായ മാറ്റങ്ങൾ വരുത്തേണ്ടി വരും എന്നതാണ് വസ്തുത.
പ്ലേയോഫിൽ എത്തുന്ന രാജസ്ഥാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം ജോസ് ബട്ലറുടെ മടങ്ങിപ്പോക്കാണ്. നിലവിൽ രാജസ്ഥാന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ബട്ലർ. പക്ഷേ ലോകകപ്പിനുള്ള ഇത്തവണത്തെ ഇംഗ്ലണ്ടിന്റെ സ്ക്വാഡിൽ ബട്ലറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബട്ലറാണ് ഇംഗ്ലണ്ട് ടീമിന്റെ ലോകകപ്പിലെ നായകൻ. അതിനാൽ ബട്ലർക്ക് ദേശീയ ജോലികൾ ആരംഭിക്കുകയാണ്. ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഇംഗ്ലണ്ട് താരങ്ങളും മെയ് 22 മുതൽ നാഷണൽ ഡ്യൂട്ടി ആരംഭിക്കും. മെയ് 22ന് പാകിസ്ഥാനെതിരെ ആരംഭിക്കുന്ന ട്വന്റി20 പരമ്പരക്കായാണ് ബട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നത്.
ഇക്കാര്യം ഇതിനോടകം തന്നെ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ബോർഡ് അറിയിച്ചു കഴിഞ്ഞു. മെയ് 19ന് ഐപിഎല്ലിന്റെ ലീഗ് സ്റ്റേജ് അവസാനിച്ച ശേഷം ബട്ലർക്ക് മടങ്ങേണ്ടി വരും എന്നാണ് സൂചന. 2018 മുതൽ രാജസ്ഥാനായി നിരന്തരം കളിക്കുന്ന താരമാണ് ബട്ലർ. ഈ സീസണിലും ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
8 മത്സരങ്ങൾ രാജസ്ഥാനായി ഈ സീസണിൽ കളിച്ച ബട്ലർ 53.7 എന്ന ശരാശരിയിൽ 319 റൺസ് നേടിയിട്ടുണ്ട്. ബാംഗ്ലൂരിനെതിരെയും കൊൽക്കത്തക്കെതിരെയും സെഞ്ച്വറികൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. അതിനാൽ തന്നെ ബട്ലറുടെ മടങ്ങിപ്പോക്ക് ടീമിനെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഈ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ രാജസ്ഥാന് നടത്തേണ്ടി വരും എന്നത് ഉറപ്പാണ്. മുൻപ് പരിക്കു മൂലം പഞ്ചാബിനെതിരായ മത്സരത്തിൽ ബട്ലർ കളിച്ചിരുന്നില്ല. അന്ന് മറ്റൊരു ഇന്ത്യൻ താരമായ തനുഷ് കൊട്ടിയനെയാണ് ബട്ലർക്ക് പകരം രാജസ്ഥാൻ ഉൾപ്പെടുത്തിയത്. ഓപ്പണറായി തനുഷിനെ ഇറക്കിയെങ്കിലും ഈ നീക്കം വലിയ പരാജയമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ബട്ടർ പ്ലേയോഫിൽ ഇല്ലെങ്കിൽ പകരമായി ഒരു പുതിയ ഓപ്പണിങ് ബാറ്ററെ കണ്ടെത്തേണ്ട സാഹചര്യം രാജസ്ഥാനുണ്ട്. ഈ ദുർഘട സാഹചര്യം രാജസ്ഥാൻ എങ്ങനെയെങ്കിലും മറികടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.