ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും വലിയ പ്രതീക്ഷ തന്ന് അവസാനം കലമുടച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. സീസണിന്റെ ആദ്യപകുതിയിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് ആരാധകരെയടക്കം അമ്പരപ്പിക്കാൻ ടീമിന് സാധിച്ചിരുന്നു. ശേഷം രണ്ടാം പകുതിയിൽ വീണ്ടും നിറംമങ്ങുന്ന രാജസ്ഥാൻ റോയൽസിനെയാണ് കാണാൻ സാധിച്ചത്.
അടുത്ത സീസണിൽ താരലേലം നടക്കുന്നതിന് മുൻപ് തന്നെ ടീമിൽ വലിയ അഴിച്ചുപണി ഉറപ്പാണ്. ഇതിന് പ്രധാന കാരണം രാജസ്ഥാന്റെ തകർച്ച തന്നെയാണ്. ഏപ്രിൽ മാസത്തിൽ തന്നെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് 16 പോയിന്റുകളുമായി എത്താൻ സഞ്ജുവിന്റെ രാജസ്ഥാന് സാധിച്ചിരുന്നു. പക്ഷേ പിന്നീട് തുടർ പരാജയങ്ങളോടെ രാജസ്ഥാൻ പതറി. ആദ്യ ക്വാളിഫയറിൽ ഇടംനേടാൻ പോലും സഞ്ജുവിന്റെ രാജസ്ഥാന് സാധിച്ചില്ല. ഇത് രാജസ്ഥാന്റെ ആദ്യ വീഴ്ചയായിരുന്നു.
ശേഷം പ്ലേയൊഫിൽ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിജയം നേടിയത് രാജസ്ഥാന് പുതിയ ഉണർവ് നൽകുമെന്ന് എല്ലാവരും കരുതി. പക്ഷേ ചെപോക്കിലെ സ്പിൻ കെണിയിൽ വീണ്ടും രാജസ്ഥാൻ വീഴുകയാണ് ഉണ്ടായത്. ആദ്യം ചെന്നൈയ്ക്കെതിരെ ചെപ്പോക്കിൽ ദുരന്തമായി മാറിയ രാജസ്ഥാൻ, രണ്ടാമത് ഹൈദരാബാദിനെതിരെയും തങ്ങളുടെ ടീമിന്റെ ദൗർബല്യം പുറത്ത് കാട്ടി. പല സമയത്തും അനാവശ്യമായ പരീക്ഷണങ്ങൾ രാജസ്ഥാനെ തളർത്തിയിരുന്നു. മാത്രമല്ല ചില താരങ്ങളിലുള്ള അമിതമായ ആത്മവിശ്വാസവും രാജസ്ഥാനെ ഈ സീസണിൽ ബാധിച്ചിട്ടുണ്ട്. ബട്ലർ ദേശീയ ടീമിന്റെ മത്സരങ്ങൾക്കായി തിരികെ പോയത് രാജസ്ഥാനേറ്റ ഒരു പ്രഹരം തന്നെയായിരുന്നു.
പകരമെത്തിയ ടോം കോഹ്ലർ കാഡ്മോർ രാജസ്ഥാനെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുപോയി. പവർപ്ലേ ഓവറുകളിൽ തനിക്ക് ലഭിച്ച ഫുൾടോസുകൾ പോലും ബൗണ്ടറി കടത്താൻ പലപ്പോഴും താരത്തിന് സാധിച്ചില്ല. 30 വാരയ്ക്ക് പുറത്തേക്ക് ഒരു ഷോട്ട് കളിക്കാൻ പോലും കാഡ്മോർ മറന്നു.
സഞ്ജുവിനെ സംബന്ധിച്ചും വലിയ പിന്നോട്ട് പോക്കാണ് ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിൽ ഉണ്ടായിരിക്കുന്നത്. ഒരുപക്ഷേ പ്ലേയോഫിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെങ്കിൽ ലോകകപ്പിലെ ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജു സാംസന് മാറാൻ സാധിച്ചേനെ. പക്ഷേ നിർണായക സമയത്ത് രോഗബാധയേറ്റതടക്കം സഞ്ജുവിനെ ഈ സീസണിൽ ദുർബലനാക്കി മാറ്റിയിട്ടുണ്ട്.
ഈ സീസണിൽ രാജസ്ഥാന്റെ ഏറ്റവും വലിയ ശക്തി റിയാൻ പരഗായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവസാനം റിയാൻ പരഗ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നത് ഈ സീസണിലാണ്. ഒപ്പം ആവേഷ് ഖാനും വിക്കറ്റുകൾ കണ്ടെത്തിയത് രാജസ്ഥാന് നേട്ടമായി മാറി. എന്നാൽ ചാഹലും അശ്വിനും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വന്നത് രാജസ്ഥാനെ ഈ സീസണിൽ ബാധിച്ചു. എന്തായാലും അടുത്ത വർഷം മെഗാലേലം നടക്കാൻ ഇരിക്കുകയാണ്. സഞ്ജു സാംസൺ, ജയസ്വാൾ, ബട്ലർ എന്നിവരെ മാത്രമാണ് നിലവിൽ രാജസ്ഥാൻ നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾ. ശേഷം മറ്റുള്ള താരങ്ങളെ തങ്ങളുടെ ഘടനയ്ക്കനുസരിച്ച് സ്വന്തമാക്കാനാവും രാജസ്ഥാൻ ശ്രമിക്കുക.