ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഒരു തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവെച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. 353 എന്ന വമ്പൻ വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി 57 പന്തുകളിൽ 81 റൺസാണ് രോഹിത് ശർമ നേടിയത്. മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറാണ് രോഹിത് ശർമയ്ക്ക് പങ്കാളിയായി ഓപ്പണിങ് ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ഓസ്ട്രേലിയൻ പേസർമാരെ ആക്രമിച്ചാണ് രോഹിത് ശർമ കളിച്ചത്. പവർ പ്ലേ ഓവറുകളിൽ തന്നെ തന്റെ ട്രേഡ് മാർക്ക് പുൾ ഷോട്ടുകൾ കളിച്ച് രോഹിത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുകയുണ്ടായി.
മത്സരത്തിൽ 31 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ തന്റെ അർത്ഥസഞ്ചറി സ്വന്തമാക്കിയത്. രോഹിത്തിന്റെ ഏകദിന കരിയറിലെ 52ആം അർദ്ധസെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. അതിനുശേഷം രോഹിത് മത്സരത്തിൽ ആക്രമണം അഴിച്ചുവിട്ടു. 57 പന്തുകൾ നേരിട്ടാണ് രോഹിത് ശർമ്മ 81 റൺസ് സ്വന്തമാക്കിയത്. അഞ്ചു ബൗണ്ടറുകളും 6 സിക്സറുകളും രോഹിത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.
ഒടുവിൽ വളരെ അപ്രതീക്ഷിതമായ രീതിയിലായിരുന്നു രോഹിത് മത്സരത്തിൽ കൂടാരം കയറിയത്. മാക്സ്വെല്ലിന്റെ പന്തിൽ ഒരു സ്ട്രൈറ്റ് ഷോട്ടിന് ശ്രമിച്ചതായിരുന്നു രോഹിത്. എന്നാൽ അവിചാരിതമായ രീതിയിൽ പന്ത് മാക്സ്വെല്ലിന്റെ കൈകളിൽ എത്തുകയായിരുന്നു. എന്തായാലും ഇന്ത്യയെ ശക്തമായ ഒരു നിലയിലെത്തിച്ച ശേഷമാണ് രോഹിത് കൂടാരം കയറിയത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് പൂർണമായും അനുകൂലമായ പിച്ചിൽ ഓസ്ട്രേലിയയുടെ മുൻനിര തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പവർപ്ലേയിൽ തന്നെ ഒരു ട്വന്റി20യ്ക്ക് സമാനമായ രീതിയിലാണ് ഓസ്ട്രേലിയൻ ഓപ്പണർമാർ കളിച്ചത്. ആദ്യ വിക്കറ്റിൽ 8 ഓവറുകളിൽ നിന്ന് 78 റൺസ് കൂട്ടിച്ചേർക്കാൻ ഓസ്ട്രേലിയയുടെ ഓപ്പണർമാർക്ക് സാധിച്ചു. ഓപ്പണർ ഡേവിഡ് വാർണർ മത്സരത്തിൽ 34 പന്തുകളിൽ 56 റൺസാണ് നേടിയത്. മറ്റൊരു ഓപ്പണറായ മിച്ചൽ മാർഷ് 84 പന്തുകളില്‍ 13 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 96 റൺസ് നേടുകയുണ്ടായി.
ഇവർക്ക് ശേഷമെത്തിയ സ്റ്റീവ് സ്മിത്തും(74) ലാബുഷൈനും (72) ക്രീസിൽ വെടിക്കെട്ട് തീർത്തു. ഇതോടുകൂടി ഓസ്ട്രേലിയൻ സ്കോർ 400 കടക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ മത്സരത്തിന്റെ അവസാന ഭാഗങ്ങളിൽ ഒരു അത്യുഗ്രൻ തിരിച്ചുവരമാണ് ഇന്ത്യൻ ബോളർമാർ നടത്തിയത്. ആദ്യ സമയത്ത് നന്നായി തല്ലുകൊണ്ട ബൂമ്ര അവസാന ഓവറുകളിൽ മികവ് പുലർത്തി. ഇങ്ങനെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 352 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യക്കായി ബൂമ്ര 3 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ കുൽദീവ് യാദവ് 2 വിക്കറ്റുകളുമായി തിളങ്ങി.