പിച്ച് ചതിച്ചു. ബാറ്റിങ്ങിലും പരാജയപ്പെട്ടു. 25 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് സഞ്ജു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാന് നേരിടേണ്ടിവന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 141 റൺസ് മാത്രമാണ് നേടിയത്. താരതമ്യേന സ്ലോ ആയ പിച്ചിൽ രാജസ്ഥാന്റെ ബാറ്റർമാരൊക്കെയും ബുദ്ധിമുട്ടുന്നത് കാണാൻ സാധിച്ചു.

റിയാൻ പരഗിന്റെ ഭേദപ്പെട്ട പ്രകടനമാണ് രാജസ്ഥാനെ 141 എന്ന സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്കായി നായകൻ ഋതുരാജ് ക്രീസിലുറച്ചതോടെ രാജസ്ഥാൻ മത്സരത്തിൽ പരാജയം നേരിടുകയായിരുന്നു. മത്സരത്തിലെ പരാജയത്തിന് ശേഷം സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

ആദ്യം ബാറ്റ് ചെയ്ത തങ്ങൾ 25 റൺസോളം പിന്നിലാണ് ബാറ്റിംഗ് ഫിനിഷ് ചെയ്തത് എന്ന് സഞ്ജു പറയുകയുണ്ടായി. “പവർപ്ലെ സമയത്ത് തന്നെ മൈതാനത്തെ സംബന്ധിച്ചുള്ള സന്ദേശം ഞങ്ങൾക്ക് ലഭിച്ചിരുന്നു. പിച്ച് സ്ലോ ആണെന്നും 2 പേസ് ഉള്ളതാണെന്നും കൃത്യമായി ബോധ്യപ്പെട്ടു. അതിനാൽ തന്നെ പവർപ്ലേയ്ക്കുശേഷം 170 എന്ന സ്കോർ മനസ്സിൽ വച്ചാണ് ഞങ്ങൾ മുൻപോട്ട് നീങ്ങിയത്.

പക്ഷേ 20-25 റൺസ് കുറവ് മാത്രമാണ് ഞങ്ങൾക്ക് നേടാൻ സാധിച്ചത്. ചെന്നൈക്കായി സിമർജിത്ത് സിംഗ് വളരെ നന്നായി തന്നെ ബോൾ ചെയ്തു. ഇത്തരത്തിലുള്ള എവെ മാച്ചുകളിൽ നിന്ന് ഏതുതരത്തിൽ കാര്യങ്ങൾ പ്രതീക്ഷിക്കണം എന്നതിനെപ്പറ്റി ഞങ്ങൾക്ക് പൂർണമായ ബോധ്യമില്ല. ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്നതാണ് മികച്ച തീരുമാനമെന്ന് ഞങ്ങൾ കരുതി.”- സഞ്ജു പറഞ്ഞു.

“പക്ഷേ ചെന്നൈ ടീമിന് ഇക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നു. അവർ ഇവിടെ കളിച്ച് നല്ല ശീലമായവരാണ്. രണ്ടാം ഇന്നിങ്സിൽ പിച്ച് വളരെ സ്ലോ ആയി തന്നെ പെരുമാറുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ആദ്യ ഇന്നിംഗ്സിനേക്കാൾ മികച്ച നിലയിലാണ് പിച്ച് ഉണ്ടായിരുന്നത്. ഇവിടെ രാത്രി സമയങ്ങളിൽ കളിക്കുമ്പോൾ ചെയ്സ് ചെയ്യാൻ വളരെ എളുപ്പമാണ്.”

”കാരണം മഞ്ഞുതുള്ളികളുടെ സാന്നിധ്യം പിച്ചിൽ ഉണ്ടാവും. എന്നാൽ പകൽ സമയത്ത് ചൂട് പിച്ചിനെ ബാധിച്ചേക്കും. അങ്ങനെ വരുമ്പോഴും പിച്ച് സ്ലോ ആവാനുള്ള സാധ്യതയുണ്ടായിരുന്നു. പക്ഷേ രണ്ടാം ഇന്നിങ്സിൽ അങ്ങനെയൊന്ന് ഉണ്ടായില്ല.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.

ഇതുവരെയും ഇന്ത്യൻ പ്രീമിയർ ലീഗ് 2024ന്റെ ക്വാളിഫയറിലേക്ക് യോഗ്യത നേടാൻ രാജസ്ഥാൻ ടീമിന് സാധിച്ചിട്ടില്ല. ഇതേപ്പറ്റി ചോദിച്ചപ്പോൾ സഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.- “ഈ സാഹചര്യത്തിൽ യോഗ്യതകളെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ കൂടുതലായി നമ്മുടെ നിയന്ത്രണത്തിലുള്ളത് എന്താണോ അതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഞാനെന്റെ സഹതാരങ്ങളോട് പറയുന്നത് നമ്മുടെതായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. നമ്മുടെ കയ്യിലുള്ള കാര്യങ്ങൾ മാത്രമേ നമുക്ക് നിയന്ത്രിക്കാൻ സാധിക്കൂ. ഇപ്പോൾ ചെയ്യുന്ന പ്രക്രിയയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത മത്സരത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുക.”- സഞ്ജു പറഞ്ഞു വെക്കുന്നു.

Previous articleസഞ്ജുവിന്റെ ത്രോ തടഞ്ഞ് ജഡേജ, ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ പുറത്ത്..
Next articleപ്ലേയോഫ് സ്വപ്നം കണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പോയിന്‍റ് പട്ടികയില്‍ അഞ്ചാമത്.