2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ നായകൻ രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റുകയുണ്ടായി. പകരം ഹർദിക് പാണ്ഡ്യയെയാണ് മുംബൈ നിലവിൽ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ മുംബൈ ടീമിനെതിരെ ഉയരുന്നുണ്ട്. കഴിഞ്ഞ 10 വർഷമായി മുംബൈ ടീമിനെ നയിച്ച രോഹിത്തിനെ പൂർണ്ണമായും ടീം അവഗണിക്കുകയാണ് ഉണ്ടായത് എന്ന് ആരാധകർ പറയുന്നു.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ത അഭിപ്രായവുമായാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്ത് വന്നിരിക്കുന്നത്. കാര്യങ്ങൾ വൈകാരികപരമായി ചിന്തിക്കുന്നതാണ് പ്രശ്നം എന്ന് മഞ്ജരേക്കർ പറയുന്നു. ഭാവി ലക്ഷ്യം വെച്ചുള്ള മുംബൈ ഇന്ത്യൻസിന്റെ ഈ നീക്കത്തെ പ്രശംസിച്ചുകൊണ്ടാണ് മഞ്ജരേക്കർ സംസാരിച്ചത്.
രോഹിത് ശർമയെ പറ്റി ആരും തന്നെ വൈകാരികമായി പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് മഞ്ജരേക്കർ പറഞ്ഞത്. “വൈകാരികപരമായി വിഷമത്തോടെ രോഹിത് ശർമയെ പറ്റി ചിന്തിക്കേണ്ട കാര്യം ഇവിടെയില്ല. മുംബൈ ഇന്ത്യൻസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് വളരെ മികച്ച ഒരു നീക്കമായാണ് എനിക്ക് തോന്നുന്നത്. ഹർദിക് പാണ്ഡ്യ തെളിയിക്കപ്പെട്ട നായകനാണ്.
മാത്രമല്ല സമീപകാലത്ത് മികച്ച വിജയങ്ങൾ നേടാനും ഹർദിക്കിന് സാധിച്ചിട്ടുണ്ട്. നിലവിൽ വളരെ മികച്ച ഫോമിലുള്ള നായകനും കളിക്കാരനുമാണ് ഹർദിക് പാണ്ഡ്യ. രോഹിത് മുംബൈ ടീമിനോടൊപ്പം കുറച്ചധികം നാളുകളായി ഉണ്ട്. ഹർദിക്കിനെ പോലെ ഒരാളെ നായകനായി തെരഞ്ഞെടുത്തത് വളരെ മികച്ച തീരുമാനമാണ്.”- സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
അതേപോലെ തന്നെ ഹർദിക്കിന് യാതൊരു സമയത്തും മുംബൈ ടീമിൽ സമ്മർദ്ദം ഉണ്ടാവില്ലയെന്നും മഞ്ജരേക്കർ പറഞ്ഞു. മുംബൈ ഹാർദ്ദിക്കിനെ എല്ലായിപ്പോഴും പിന്തുണയ്ക്കുന്ന ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇത്തരമൊരു നീക്കം മുംബൈയിൽ നിന്നും ഉണ്ടായത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് മറ്റൊരു മുൻ ഇന്ത്യൻ താരമായ വസീം ജാഫർ പറഞ്ഞത്.
“രോഹിത് ശർമയെ ഇത്ര നേരത്തെ തന്നെ മുംബൈ നായക സ്ഥാനത്തുനിന്നും മാറ്റിയത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് വളരെ പെട്ടെന്ന് സംഭവിച്ചതായി എനിക്ക് തോന്നുന്നു. ഞാൻ ഞെട്ടലിലാണ്. മാത്രമല്ല ടീമിനുള്ളിൽ തന്നെ നായകനാവാൻ പ്രാപ്തിയുള്ള മറ്റു ചില താരങ്ങളും ഉണ്ടായിരുന്നു. അതിൽ ഒരാൾ സൂര്യകുമാർ യാദവാണ്. നിലവിൽ ഇന്ത്യൻ ടീമിനായി സൂര്യ കുമാർ നായകസ്ഥാനം വഹിക്കുന്നുണ്ട്.”- ജാഫർ പറഞ്ഞു.
“സൂര്യകുമാറിന് വളരെ മികച്ച രീതിയിൽ ഇന്ത്യയെ നയിക്കാൻ സാധിച്ചു. ഒപ്പം ജസ്പ്രീറ്റ് ബൂമ്രയും ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിനെ ടെസ്റ്റ് മത്സരങ്ങളിൽ നന്നായി ബുമ്ര നയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഹർദിക് പാണ്ട്യയെ ഇപ്പോൾ തെരഞ്ഞെടുത്തത് എന്നെ ഞെട്ടിച്ചു. ഇത് എന്നായാലും സംഭവിക്കേണ്ടതാണ്. എന്നാൽ ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയില്ല.”- ജാഫർ പറഞ്ഞു വയ്ക്കുന്നു. 2013 മുതൽ 2020 വരെ മുംബൈ ഇന്ത്യൻസ് ടീമിലെ പ്രധാന ഘടകമായിരുന്നു രോഹിത് ശർമ. ക്യാപ്റ്റൻ എന്ന നിലയിൽ മുംബൈയെ അഞ്ച് തവണ കിരീടം ചൂടിക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്.