പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ അതൃപ്തി. മുംബൈ വിടാനൊരുങ്ങി രോഹിത്. നേരിട്ട് 2025 മെഗാ ലേലത്തിലേക്ക് എന്ന് റിപ്പോർട്ട്‌.

മുംബൈ ഇന്ത്യൻസ് ടീമിലെ ക്യാപ്റ്റൻസി പ്രശ്നം കൂടുതൽ രൂക്ഷമാകുന്നതായി സൂചന. ഹർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ തൃപ്തനല്ലാത്ത രോഹിത് ശർമ ടീമിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാവുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം രോഹിത് മുംബൈ ഇന്ത്യൻസിൽ നിന്ന് മാറാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.

36കാരനായ രോഹിത് ശർമ 2011ലായിരുന്നു മുംബൈ ഇന്ത്യൻസ് ടീമിലേക്ക് ചേക്കേറിയത്. 9.2 കോടി രൂപയ്ക്ക് ആയിരുന്നു രോഹിത്തിനെ മുംബൈ സ്വന്തമാക്കിയത്. ശേഷം മുംബൈയെ നായകൻ എന്ന നിലയിൽ നന്നായി നയിക്കാൻ രോഹിതിന് സാധിച്ചു.

മുംബൈയ്ക്കായി 21 മത്സരങ്ങൾ കളിച്ച രോഹിത് ശർമ ഇതിനോടകം 510 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല മുംബൈയ്ക്കായി 5 ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുക്കാനും രോഹിത്തിന് സാധിച്ചു. പക്ഷേ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന് തൊട്ടു മുന്നോടിയായി രോഹിത്തിനെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു.

പകരക്കാരനായി ഹർദിക് പാണ്ഡ്യയെ നിയമിക്കുകയും ചെയ്തു. എന്നാൽ ഹർദിക്കിന്റെ നായകത്വത്തിൽ രോഹിത് തൃപ്തനല്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ന്യൂസ്24ന്റെ റിപ്പോർട്ട് പ്രകാരം ഒരു മുംബൈ താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഡ്രസിങ് റൂമിലടക്കം രോഹിത് ശർമ ഒട്ടും തൃപ്തനല്ല എന്ന് മുംബൈ താരം പറയുകയുണ്ടായി.

രോഹിത്തിന്റെയും പാണ്ഡ്യയുടെയും പക്ഷത്തിലേക്ക് പലതാരങ്ങളും മാറുന്നതായും, മുംബൈ ടീമിൽ പുതിയ ഗ്രൂപ്പ് ഉണ്ടാവുന്നതായും മുൻപും സൂചനകൾ ലഭിച്ചിരുന്നു. ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മുംബൈയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനോടൊപ്പം ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ മുംബൈയെ വലിയ രീതിയിൽ വലയ്ക്കുകയാണ്.

നിലവിൽ പോയ്ന്റ്സ് ടേബിളിൽ ഏറ്റവും താഴെയാണ് മുംബൈ ടീം സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. ടീമിനുള്ളിൽ പല തീരുമാനങ്ങളിലും രോഹിത്തും പാണ്ഡ്യയും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ട് എന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അത് ടീമിനെ ബാധിക്കുന്നുണ്ട് എന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഈ സീസണിന് ശേഷം മുംബൈ വിടുകയാണെങ്കിൽ, രോഹിത് ശർമ നേരിട്ട് 2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിലേക്ക് എത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ മറ്റു ടീമുകളെ സംബന്ധിച്ച് രോഹിത് ശർമയെ സ്വന്തമാക്കാനുള്ള ഒരു വലിയ അവസരം തന്നെയാവും ലഭിക്കുക. രോഹിത് ശർമ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിലേക്ക് നേരിട്ട് എത്തിയാൽ ഒരുപാട് വമ്പൻ റെക്കോർഡുകൾ പഴങ്കഥയാവും എന്ന കാര്യവും സംശയമില്ല. മാത്രമല്ല ചെന്നൈ സൂപ്പർ കിങ്സ് അടക്കമുള്ള താരങ്ങൾ ഒരു വമ്പൻ നായകനായുള്ള കാത്തിരിപ്പിലാണ് എന്നതും രോഹിത്തിന് പ്രതീക്ഷ നൽകുന്നു.

Previous article“ഗില്ലിനെയൊന്നും ട്വന്റി20 ലോകകപ്പിൽ കളിപ്പിക്കരുത്.. പകരം അവനെ ഇറക്കണം”. നിർദേശവുമായി സൈമൺ ഡൂൽ.
Next articleട്വന്റി20യിൽ ഗിൽ കളിക്കുന്നത് കോഹ്ലി സ്റ്റൈലിൽ. ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയെന്ന് ഇർഫാൻ പത്താൻ.