ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകന്മാരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം അമ്പട്ടി റായിഡു. രോഹിത് ശർമയ്ക്ക് ശേഷം ആര് ഇന്ത്യൻ നായകനാവും എന്നതിനുള്ള ഉത്തരമാണ് റായിഡു ഒരു അഭിമുഖത്തിലൂടെ നൽകിയത്.
എന്നാൽ ഇന്ത്യ വലിയ പ്രതീക്ഷ വയ്ക്കുന്ന ഋഷഭ് പന്തിനെയും ഹർദിക് പാണ്ഡ്യയെയും ഇന്ത്യയുടെ ഭാവി നായകന്മാരായി റായിഡു തിരഞ്ഞെടുത്തില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. പകരമായി ശുഭ്മാൻ ഗില്ലിനെയും ഋതുരാജിനെയുമാണ് റായിഡു ഇന്ത്യയുടെ ഭാവി നായകന്മാരായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ സീസണിൽ വളരെ അവിചാരിതമായി നായക സ്ഥാനത്തേക്കെത്തിയ രണ്ടു താരങ്ങളാണ് ഗില്ലും ഋതുരാജും. ഹർദിക് പാണ്ഡ്യ ഗുജറാത്ത് ടീമിൽ നിന്ന് മുംബൈ ടീമിലേക്ക് എത്തിയതോടു കൂടിയായിരുന്നു ഗില്ലിനെ ഗുജറാത്ത് തങ്ങളുടെ നായകനാക്കി മാറ്റിയത്.
2024 ഐപിഎൽ സീസൺ തുടങ്ങാൻ കേവലം മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ഋതുരാജിനെ തങ്ങളുടെ നായകനായി നിയമിച്ചത്. ഇരുവരും ഇതുവരെ നായകർ എന്ന നിലയിൽ മികച്ച പ്രകടനങ്ങൾ തന്നെയാണ് തങ്ങളുടെ ടീമിനായി കാഴ്ച വെച്ചിട്ടുള്ളത്. 2 താരങ്ങൾക്കും തങ്ങളുടെ ടീമിനെ 4 മത്സരങ്ങളിൽ വിജയിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. ശേഷമാണ് അമ്പാട്ടി റായിഡു തന്റെ പ്രസ്താവനയുമായി രംഗത്തെത്തിയത്.
“തന്ത്രപരമായ കാര്യങ്ങൾ വീക്ഷിക്കുമ്പോൾ ഇരു ക്യാപ്റ്റൻമാരെയും എനിക്ക് വളരെ മികച്ചതായാണ് തോന്നുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഇരുവർക്കും നിർണയിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ഞാൻ തിരഞ്ഞെടുക്കുന്ന നായകന്മാരിൽ ഒരാൾ ശുഭമാൻ ഗില്ലാണ്. വളരെ ശാന്തനായി തന്നെ മൈതാനത്ത് തുടരാൻ ഗില്ലിന് സാധിക്കുന്നുണ്ട്. ആശിഷ് നെഹ്റ ഭായ് അവനെ നന്നായി മനസ്സിലാക്കുകയും കൂടുതൽ പ്രചോദനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.”- റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
“ഞാൻ തിരഞ്ഞെടുക്കുന്ന മറ്റൊരു നായകൻ ഋതുരാജ് ഗെയ്ക്കുവാഡാണ്. അവനും വളരെ ശാന്തനും കാര്യങ്ങൾ നന്നായി ഗ്രഹിക്കാൻ സാധിക്കുന്നവനുമാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു കൈ എപ്പോഴും ഋതുവിന്റെ തോളിൽ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ അവനും ഇന്ത്യയുടെ ഭാവിയിലെ വളരെ മികച്ച നായകനായി മാറും എന്നാണ് ഞാൻ കരുതുന്നത്.”
”മാത്രമല്ല ഇതിനോടകം തന്നെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ഋതുരാജിന് സാധിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ മെഡലാണ് ഋതുരാജ് നൽകിയത്. അതുകൊണ്ടുതന്നെ ഇരുതാരങ്ങൾക്കും വലിയൊരു ഭാവിയുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.”- റായിഡു കൂട്ടിച്ചേർക്കുന്നു.