പാകിസ്ഥാനെതിരെ പന്തല്ല, സഞ്ജുവാണ് ഇന്ത്യയ്ക്കായി കളിക്കേണ്ടത്. കാരണം പറഞ്ഞ് ഹർഭജൻ സിംഗ്.

2024 ഐപിഎല്ലിന് ശേഷം ആരാധകർ ആവശ്യത്തോടെ കാത്തിരിക്കുന്ന ടൂർണ്ണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. അമേരിക്കയിലും വെസ്റ്റിൻഡീസിനുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യ ഫേവറേറ്റ് ടീമുകളിൽ ഒന്നാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ തന്നെയാണ് ഇത്തവണത്തെ ലോകകപ്പിലുള്ളത്.

സൂപ്പർതാരങ്ങൾ അടങ്ങുന്ന 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയുടെ സ്ക്വാഡിൽ വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിട്ടുള്ളത് റിഷഭ് പന്തിനെയും സഞ്ജു സാംസനെയുമാണ്. ഇവരിൽ ആര് ഇന്ത്യയുടെ പ്ലെയിങ്‌ ഇലവനിൽ കളിക്കണമെന്ന കാര്യത്തിലാണ് നിലവിൽ സംശയം നിലനിൽക്കുന്നത്. ഇതിനെപ്പറ്റിയാണ് ഹർഭജൻ സിംഗ് സംസാരിക്കുന്നത്.

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ റിഷഭ് പന്തിന് പകരം സഞ്ജു സാംസൺ കളിക്കണമെന്ന അഭിപ്രായമാണ് ഹർഭജൻ സിംഗ് ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ കാരണവും ഹർഭജൻ വിശദീകരിക്കുകയുണ്ടായി.

“വളരെ നാളത്തെ പരിക്കിൽ നിന്നാണ് റിഷഭ് പന്ത് തിരിച്ചുവന്നത്. ഐപിഎല്ലിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ അവന് സാധിച്ചിട്ടുണ്ട്. തന്റെ ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കാൻ പന്തിന് സാധിച്ചിട്ടുണ്ട്. വിക്കറ്റിന് പിന്നിലും അവൻ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പക്ഷേ സഞ്ജു സാംസനെ ഇന്ത്യയ്ക്ക് മാറ്റി നിർത്താൻ സാധിക്കില്ല.”- ഹർഭജൻ സിംഗ് പറയുന്നു.

“ഈ സീസണിൽ വളരെ മനോഹരമായി സഞ്ജു സാംസൺ കളിച്ചിട്ടുണ്ട്. സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. 30ഓ 40ഓ റൺസ് നേടുന്ന പഴയ സഞ്ജുവിനെയല്ല നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. സ്ഥിരതയോടെ 60, 70 റൺസുകൾ സ്വന്തമാക്കാൻ സഞ്ജുവിന് ഇപ്പോൾ സാധിക്കുന്നുണ്ട്. സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനമാണ് സമീപകാലത്ത് സഞ്ജു സാംസൺ പുറത്തെടുത്തിട്ടുള്ളത്. പക്ഷേ എല്ലാവർക്കും തന്നെ റിഷഭ് പന്തിനെ പ്ലെയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാനാണ് താല്പര്യം. പന്ത് കഠിനമായി അധ്വാനിക്കുന്നുണ്ട് എന്നത് വാസ്തവമാണ്.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും ഈ ഐപിഎല്ലിൽ പന്തിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത് സഞ്ജു സാംസണാണ്. അമേരിക്കയിലും വെസ്റ്റിൻഡീസിലും സ്ലോ ആയ പിച്ചുകളാവും ഉണ്ടാവുക എന്നാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. അതിനാൽ സ്പിന്നിനെതിരെ തന്നെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളെയാവും ഇന്ത്യ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുക. ഐപിഎല്ലിൽ പന്തിനേക്കാൾ നന്നായി സ്പിന്നിനെ നേരിട്ടത് സഞ്ജു സംസൺ തന്നെയാണ്. ഈ സാഹചര്യത്തിൽ സഞ്ജു പ്ലെയിൻ ഇലവനിൽ ഉൾപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്.

Previous articleഗ്യാലറിയും അംപയറും ആര്‍സിബിക്കൊപ്പം. രാജസ്ഥാന്‍ നേടിയത് ഒന്നൊന്നര വിജയം
Next articleഒരു 20 റൺസ് കൂടി നേടിയിരുന്നെങ്കിൽ ജയിച്ചേനെ. ഇമ്പാക്ട് പ്ലയർ നിയമം പണി തരുന്നു എന്ന് ഡുപ്ലസിസ്.