പാകിസ്ഥാനെതിരെ കണ്ടത് ഇന്ത്യയുടെ അഹങ്കാരം. ഇത് അയർലൻഡല്ല, പാകിസ്ഥാനാണ്. ഗവാസ്കറുടെ വിമർശനം.

ezgif 4 2be740797c

സമീപകാലത്ത് ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം കാത്തിരുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ന്യൂയോർക്കിലെ ആരാധകരെ അങ്ങേയറ്റം ആവേശത്തിലാക്കിയാണ് മത്സരം അവസാനിച്ചത്.

ഒരു ലോ സ്കോറിങ് ത്രില്ലർ മത്സരമായിരുന്നു ന്യൂയോർക്കിൽ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 119 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. പാക്കിസ്ഥാന്റെ ബോളിങ്ങിന് മുൻപിൽ ഇന്ത്യ അടിപതറുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാനെ ഇതേ രീതിയിൽ തന്നെ എറിഞ്ഞിടാൻ ഇന്ത്യയ്ക്ക് സാധിച്ചു.

ഇതോടെ മത്സരത്തിൽ ഇന്ത്യ 6 റൺസിന്റെ വിജയം സ്വന്തമാക്കുകയാണ് ഉണ്ടായത്. പക്ഷേ മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ചുകൊണ്ടാണ് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്ത് വന്നത്.

ന്യൂയോർക്കിലെ പിച്ച് ദുഷ്കരമായിരുന്നുവെങ്കിലും 150 റൺസിലധികം സ്വന്തമാക്കാൻ സാധിക്കുന്നതായിരുന്നു. പക്ഷേ ഓരോവർ ബാക്കിയാക്കി ഇന്ത്യ ഓൾ ഔട്ടായി. മാത്രമല്ല പാക്കിസ്ഥാനെതിരായ ട്വന്റി20 മത്സരത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ എന്ന നാണക്കേടും ഇന്ത്യക്ക് ഉണ്ടായി.

ഈ സാഹചര്യത്തിലാണ് വിമർശനവുമായി സുനിൽ ഗവാസ്കർ രംഗത്തെത്തിയത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് ദുരന്തമുണ്ടാവാൻ പ്രധാന കാരണം ഇന്ത്യൻ ടീമിന്റെ അഹങ്കാരമാണ് എന്ന് സുനിൽ ഗവാസ്കർ പറയുകയുണ്ടായി. അയർലൻഡ് ബോളർമാരെ നേരിടുന്ന ലാഘവത്തിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ബാറ്റിംഗ് പ്രകടനം നടത്തിയതെന്നും ഗവാസ്കർ പറയുന്നു.

Read Also -  ദുബെ വെറും "ഹോം ബുള്ളി", അമേരിക്കൻ പിച്ചിൽ മുട്ടുവിറയ്ക്കുന്നു. പകരം സഞ്ജു കളിക്കണമെന്ന ആവശ്യം ഉയരുന്നു.

“പാക്കിസ്ഥാനെതിരായ മത്സരത്തിൽ കാണാൻ സാധിച്ചത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ അഹങ്കാരം തന്നെയാണ്. അവർ നേരിട്ടത് അയർലൻഡ് ബോളർമാരെയല്ല എന്ന് മനസ്സിലാക്കേണ്ടിയിരുന്നു. അയർലൻഡ് അത്ര മോശം ടീമാണ് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ പാകിസ്ഥാനെ പോലെ ശക്തമായ ഒരു ബോളിങ്‌ നിരയെ നേരിടുമ്പോൾ അല്പം കൂടി ബഹുമാനം കാട്ടേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു.”- സ്റ്റാർ സ്പോർട്സിൽ സംസാരിക്കുന്ന സമയത്ത് സുനിൽ ഗവാസ്കർ പറഞ്ഞു. മത്സരത്തിൽ പാക്കിസ്ഥാനായി നസീം ഷാ, ഹാരിസ് റോഫ് എന്നിവർ 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി. ഒപ്പം മുഹമ്മദ് അമീർ 2 വിക്കറ്റുകളും സ്വന്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ അടി പതറിയത്.

ഇന്ത്യൻ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആർക്കും തന്നെ സാധിച്ചില്ല എന്നതാണ് വസ്തുത. മത്സരത്തിലുടനീളം ഭാഗ്യത്തിന്റെ പിൻബലത്തിൽ മുന്നേറിയ ഋഷഭ് പന്ത് 31 പന്തുകളിൽ 42 റൺസ് സ്വന്തമാക്കുകയുണ്ടായി. പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.

മത്സരത്തിൽ 6 ബൗണ്ടറികൾ താരം നേടിയിരുന്നു. പക്ഷേ 4 തവണ പന്തിന് ലൈഫ് ലഭിക്കുകയും ചെയ്തു. എന്തായാലും ഇത്തരത്തിലുള്ള ബാറ്റിംഗ് പ്രകടനം ഉപയോഗിച്ച് ഇന്ത്യയ്ക്ക് ടൂർണമെന്റിൽ മുൻപോട്ടു പോകാൻ സാധിക്കില്ല എന്ന കാര്യം ഉറപ്പാണ്. വരും മത്സരങ്ങളിൽ ഇന്ത്യ ബാറ്റിംഗിൽ മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top