2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. വമ്പൻമാരായ മുംബൈ ഇന്ത്യൻസ് ടീമിനെ അനായാസം പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടൂർണമെന്റിലെ മൂന്നാം വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാനായി ബോളിംഗിൽ തിളങ്ങിയത് ട്രെന്റ് ബോൾട്ടും സ്പിന്നർ ചാഹലുമായിരുന്നു. ഇതിനൊപ്പം റയാൻ പരഗ് മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കൂടി പുറത്തെടുത്തതോടെ രാജസ്ഥാൻ പട അനായാസം വിജയത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ബോൾട്ട് രാജസ്ഥാന് നൽകിയത്. തുടക്കത്തിൽ തന്നെ അപകടകാരികളായ രോഹിത്, നമൻ ദിർ, ബ്രവിസ് എന്നിവരെ പൂജ്യരാക്കി കൂടാരം കയറ്റാൻ ബോൾട്ടിന് സാധിച്ചു.
ഒപ്പം ഇഷാൻ കിഷനെ ബർഗർ കൂടാരം കയറ്റിയതോടെ മുംബൈ ഇന്ത്യൻസ് പൂർണമായും തകരുകയായിരുന്നു. ശേഷം തിലക് വർമയും നായകൻ ഹർദിക് പാണ്ട്യയും ചേർന്നാണ് മുംബൈയ്ക്ക് ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് സമ്മാനിച്ചത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ മുംബൈക്കായി 56 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി.
ഹർദിക് പാണ്ഡ്യ മത്സരത്തിൽ 21 പന്തുകളിൽ 6 ബൗണ്ടറുകളടക്കം 34 റൺസ് നേടി. തിലക് വർമ്മ 29 പന്തുകളിൽ 32 റൺസ് ആണ് നേടിയത്. എന്നാൽ പിന്നീട് എത്തിയ ബാറ്റർമാർ പൂർണമായി പരാജയപ്പെട്ടതോടെ മുംബൈ ചെറിയ സ്കോറിൽ ഒതുങ്ങുകയായിരുന്നു.
നിശ്ചിത 20 ഓവറുകളിൽ വെറും 125 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാൻ സാധിച്ചത്. മറുവശത്ത് രാജസ്ഥാനായി ബോൾട്ട്, ചാഹൽ എന്നിവർ 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി. ബർഗർ 2 വിക്കറ്റുകളുമായി മികച്ച പിന്തുണയും നൽകി. മറുപടി ബാറ്റിംഗിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ജയസ്വാളിന്റെയും(10) ബട്ലറുടെയും(13) വിക്കറ്റുകൾ നഷ്ടമായി.
ശേഷം സഞ്ജു സാംസനും(12) കൂടാരം കയറിയെങ്കിലും റിയാൻ പരാഗ് ക്രീസിൽ ഉറയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെതുപോലെ തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ പരഗിന് സാധിച്ചു.
ഇതോടെ രാജസ്ഥാൻ അനായാസം വിജയത്തിലേക്ക് എത്തുകയാണ് ഉണ്ടായത്. മത്സരത്തിൽ 39 പന്തുകൾ നേരിട്ട് പരഗ് 54 റൺസ് ആണ് സ്വന്തമാക്കിയത്. 5 ബൗണ്ടറികളും 3 സിക്സറുകളും പരഗിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ രാജസ്ഥാൻ മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.