പന്ത് – മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്. മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ഡൽഹിയ്ക്കായി ബോളിംഗിൽ തിളങ്ങിയത് കുൽദീപ് യാദവും ഖലീൽ അഹമ്മദുമാണ്.

ശേഷം ബാറ്റിംഗിൽ അർത്ഥ സെഞ്ച്വറി സ്വന്തമാക്കിയ ഫ്രാസർ മക്ഗര്‍ക്കും നായകൻ റിഷാദ് പന്തും മികവ് പുലർത്തിയപ്പോൾ അനായാസം ഡൽഹി വിജയം സ്വന്തമാക്കി. മത്സരത്തിന്റെ എല്ലാ മേഖലകളിലും പൂർണ്ണമായും ആധിപത്യം സ്ഥാപിച്ചാണ് ഡൽഹിയുടെ ഈ വിജയം.

മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലക്നൗവിനായി തരക്കേടില്ലാത്ത തുടക്കമാണ് നായകൻ രാഹുൽ നൽകിയത്. എന്നാൽ മറുവശത്ത് ഒരു ബാറ്റിംഗ് ദുരന്തം ഉണ്ടായതോടെ ലക്നൗ പതറാൻ തുടങ്ങി. രാഹുൽ മത്സരത്തിൽ 22 പന്തുകളിൽ 39 റൺസ് നേടി മികവു പുലർത്തി.

എന്നാൽ വലിയ പ്രതീക്ഷയായിരുന്ന ദേവദത് പടിക്കൽ(3) സ്റ്റോയിനിസ്(8) പൂറൻ(0) എന്നിവരൊക്കെയും രണ്ടക്കം കാണാതെ കൂടാരം കയറിയതോടെ ലക്നൗ പൂർണമായും തകർന്നു. ഇങ്ങനെ ലക്നൗ 7 വിക്കറ്റ് നഷ്ടത്തിൽ 94 എന്ന മോശം അവസ്ഥയിൽ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് ആയുഷ് ബടോണി ലക്നൗവിനെ കൈപിടിച്ചു കയറ്റിയത്.

മത്സരത്തിന്റെ അവസാന ഓവറുകളിൽ ഒറ്റയാൾ പോരാട്ടം നയിച്ച ബടോണി ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറിയും സ്വന്തമാക്കുകയുണ്ടായി. സമ്മർദ്ദ സാഹചര്യത്തിൽ അങ്ങേയറ്റം മികവോടെ കളിച്ച ബടോണി മത്സരത്തിൽ 35 പന്തുകളിൽ 55 റൺസ് ആണ് നേടിയത്. എട്ടാം വിക്കറ്റിൽ അർഷദ് ഖാനൊപ്പം ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടാണ് ബടോണി ചേർത്തത്.

ഇതോടെ ലക്നൗ നിശ്ചിത 20 ഓവറുകളിൽ 167 റൺസിൽ എത്തുകയായിരുന്നു. ഡൽഹി നിരയിൽ കേവലം 20 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ കുൽദീപ് യാദവാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹിക്ക് തട്ടുപൊളിപ്പൻ തുടക്കം തന്നെ പൃഥ്വി ഷാ നൽകി. 22 പന്തുകളിൽ 32 റൺസാണ് ഷാ നേടിയത്.

ശേഷം മൂന്നാമതായി ക്രീസിലെത്തിയ മക്ഗര്‍ക്ക് മികവാർന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. നായകൻ പന്തിനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ മക്ഗര്‍ക്കിന് സാധിച്ചു. ഇരുവരും ചേർന്ന് 77 റൺസ് ആണ് മൂന്നാം വിക്കറ്റിൽ ചേർത്തത്.

മക്ഗര്‍ക്ക് 35 പന്തുളിൽ 2 ബൗണ്ടറുകളും 5 സിക്സറുകളും അടക്കം 55 റൺസാണ് മത്സരത്തിൽ നേടിയത്. ഋഷഭ് പന്ത് 24 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 41 റൺസ് നേടി. ഇങ്ങനെ മത്സരത്തിൽ ഡൽഹി വിജയത്തിലേക്ക് എത്തുകയായിരുന്നു.

Previous articleജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Next articleകൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.