പണമുണ്ടാക്കുന്നത് നല്ലതാ, പക്ഷേ രാജ്യത്തിനായും കളിക്കണം.. പാണ്ഡ്യയ്ക്കെതിരെ മുൻ ഇന്ത്യൻ താരം..

hardik pandya

കഴിഞ്ഞ കുറച്ചുകാലങ്ങളായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യയുടെ സൂപ്പർ താരം ഹർദിക് പാണ്ഡ്യ. ലോകകപ്പിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യ പിന്നീട് ഇന്ത്യക്കായി കളിച്ചിട്ടില്ല. മാത്രമല്ല രഞ്ജി ട്രോഫി അടക്കമുള്ള മറ്റ് ആഭ്യന്തര മത്സരങ്ങളിലും പാണ്ഡ്യ കളിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

പക്ഷേ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി കളിക്കാൻ തയ്യാറെടുക്കുകയാണ് പാണ്ഡ്യ. ഈ സാഹചര്യത്തിൽ പാണ്ഡ്യയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ. ഐപിഎല്ലിന് മുൻപ് സ്ഥിരമായി ഹർദിക് പാണ്ഡ്യ ഇത്തരത്തിൽ പരിക്കേൽക്കാറുണ്ട് എന്ന് പ്രവീൺ കുമാർ തുറന്നടിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ, നേരിട്ട് ഐപിഎല്ലിൽ കളിക്കാനുള്ള പാണ്ഡ്യയുടെ മനോഭാവത്തെ ചോദ്യം ചെയ്താണ് പ്രവീൺ കുമാർ സംസാരിച്ചത്.

929k59p hardik pandya

രാജ്യത്തിനായും തന്റെ സംസ്ഥാനത്തിനായി കളിക്കാത്ത ഹർദിക് പാണ്ഡ്യ നേരിട്ട് ഐപിഎല്ലിൽ കളിക്കാൻ ഇറങ്ങുന്നത് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് എന്ന് പ്രവീൺ കുമാർ കരുതുന്നു. “ഇത്തവണയും ഇന്ത്യൻ പ്രീമിയർ ലീഗിന് കേവലം രണ്ടു മാസങ്ങൾക്ക് മുൻപ് ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റു.”

“പല സമയത്തും പാണ്ഡ്യ രാജ്യത്തിനായി കളിക്കാറില്ല. ആഭ്യന്തര ക്രിക്കറ്റിൽ തന്റെ സംസ്ഥാനത്തിനായി കളിക്കാനും ഈ താരം തയ്യാറാവില്ല. പക്ഷേ നേരിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനെത്തും. ഇത്തരത്തിലല്ല കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകേണ്ടത്. സ്വയം പണം സ്വരൂപിക്കുന്നത് വളരെ നല്ല കാര്യമാണ്. അതിൽ തെറ്റൊന്നുമില്ല. പക്ഷേ നമ്മുടെ രാജ്യത്തിനായും സംസ്ഥാനത്തിനായും കളിക്കാൻ തയ്യാറാവണം. ഇപ്പോൾ പല താരങ്ങളും ഐപിഎല്ലിന് വലിയ പ്രാധാന്യം നൽകുന്നു.”- പ്രവീൺ കുമാർ വിമർശിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

2023 ഏകദിന ലോകകപ്പിനിടയായിരുന്നു ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ പാണ്ഡ്യ ടീമിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. എന്നാൽ ശേഷം ആഭ്യന്തര ക്രിക്കറ്റിലടക്കം കളിക്കാൻ അവസരമുണ്ടായിട്ടും പാണ്ഡ്യ അതിന് തയ്യാറായിരുന്നില്ല.

അതുകൊണ്ടുതന്നെ തിരികെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനും പാണ്ഡ്യയ്ക്ക് കഴിഞ്ഞില്ല. എന്നാൽ 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗിമുന്നോടിയായി മുംബൈ ഇന്ത്യൻസ് പാണ്ഡ്യയെ തങ്ങളുടെ ടീമിൽ എത്തിക്കുകയാണ് ഉണ്ടായത്. ശേഷമാണ് പരിക്കിനെ മാറ്റി നിർത്തി പാണ്ഡ്യ മുംബൈ ക്യാമ്പിൽ പരിശീലനം തുടങ്ങിയത്.

മുംബൈ ഇന്ത്യൻസിന്റെ മുൻ നായകൻ രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ നായകനാക്കി മാറ്റിയ തീരുമാനത്തെയും പ്രവീൺ കുമാർ വിമർശിക്കുകയുണ്ടായി. രോഹിത് ശർമ അടുത്ത 2-3 സീസണുകളിൽ കൂടി മുംബൈ ഇന്ത്യൻസിനെ നയിക്കാൻ സാധിക്കുന്ന താരമായിരുന്നു എന്നാണ് പ്രവീൺ കുമാർ പറയുന്നത്.

പക്ഷേ അവസാന തീരുമാനം മാനേജ്മെന്റിന്റെയാണ് എന്ന് പ്രവീൺ സമ്മതിക്കുന്നു. നിലവിൽ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരികെ വന്നിരിക്കുന്നത്. മുംബൈയെ സംബന്ധിച്ച് വലിയ ശക്തി തന്നെയാണ് പാണ്ഡ്യയുടെ കടന്നുവരവ്.

Scroll to Top