പട്ടിദാർ പുറത്ത്. മലയാളി താരം പ്ലേയിങ് ഇലവനിൽ. അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലെ മാറ്റങ്ങൾ.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. മാർച്ച് ഏഴിന് ധർമശാലയിലാണ് അഞ്ചാം ടെസ്റ്റ് മത്സരം നടക്കുന്നത്. എന്നാൽ ഇതിന് മുമ്പേ പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യക്കായി ഈ പരമ്പരയിൽ 4 യുവതാരങ്ങളാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

ഇവരിൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത താരം രജത് പട്ടിദാറാണ്. പട്ടിദാർ പരമ്പരയിലൂടനീളം റൺസ് കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ച കാണുകയുണ്ടായി. എന്നാൽ പട്ടിദാറിന്റെ ഈ മോശം ഫോം മറ്റൊരു താരത്തിന് വലിയ ഗുണമായി മാറിയിരിക്കുകയാണ്. ദേവദത് പടിക്കലിന് പട്ടിദാറാന്റെ ഈ മോശം ഫോം നൽകുന്നത് വളരെ സന്തോഷകരമായ വാർത്തയാണ്.

ദേവദത് പടിക്കലിന് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കും എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന മത്സരമാണ് ധർമശാലയിൽ നടക്കാനിരിക്കുന്നത്.

ഈ മത്സരത്തിൽ പടിക്കലിന് അവസരം നൽകാനാണ് ഇന്ത്യ തയ്യാറാവുന്നത്. നിലവിൽ രാഹുലിന്റെ വിടവിലേക്കാണ് ഇന്ത്യ പടിക്കലിനെ പരിഗണിക്കുന്നത്. രാഹുൽ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഇതേ സംബന്ധിച്ചുള്ള പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത് ബിസിസിഐയാണ്.

“ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ പടിക്കൽ തന്റെ അരങ്ങേറ്റ മത്സരം കളിക്കും. രാഹുൽ മത്സരത്തിൽ കളിക്കാൻ സാധ്യത വളരെ കുറവാണ്. മാത്രമല്ല ഐപിഎല്ലിന് മുൻപായുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര മത്സരമായതിനാൽ തന്നെ പടിക്കലിന് ഒരു അവസരം നൽകണമെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.”- ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു വൃത്തം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

മാത്രമല്ല കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്ന ഇന്ത്യൻ ബാറ്റർ രാജത് പട്ടിദാറിനെ ഇന്ത്യ മാറ്റി നിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 6 ഇന്നിങ്സുകളിൽ നിന്നായി കേവലം 73 റൺസ് മാത്രമാണ് പട്ടിദാർ നേടിയത്.

അതിനാൽ പട്ടിദാറിനെ തങ്ങളുടെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ പട്ടിദാറിന് രഞ്ജി ട്രോഫി സെമിഫൈനൽ മത്സരത്തിൽ മധ്യപ്രദേശ് ടീമിനായി കളിക്കാൻ സാധിക്കും. എന്നിരുന്നാലും രാഹുൽ ടീമിനൊപ്പം ഇല്ലാത്ത സാഹചര്യത്തിൽ ബായ്ക്കപ്പായി പട്ടിദാറിനെ ഇന്ത്യ കാത്തുസൂക്ഷിക്കാനും സാധ്യതയുണ്ട്.

Previous articleഹർദിക്കിന് ഒന്നും ബാധകമല്ലേ? ഇഷാനും ശ്രേയസിനും മാത്രം ശിക്ഷയോ? വിമർശനവുമായി ആരാധകർ.
Next articleഹർദിക്കിനെ കേന്ദ്രകരാറിൽ നിന്ന് ഒഴിവാക്കാത്തതിന്റെ കാരണമിതാണ്. തുറന്ന് പറഞ്ഞ് ബിസിസിഐ.