2024ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 22നാണ് ആരംഭിക്കുന്നത്. ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ എല്ലാ ടീമുകളും തങ്ങളുടെ പരിശീലന കാര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ രാജസ്ഥാൻ റോയൽസ് ടീമും തങ്ങളുടെ പരിശീലന ക്യാമ്പുമായി സജീവമായി രംഗത്തെത്തിയിരിക്കുകയാണ്.
മലയാളി താരം സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ ഇതിനോടകം തന്നെ തങ്ങളുടെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. നെറ്റ്സിൽ സഞ്ജു സാംസൺ പലതരത്തിൽ സിക്സറുകൾ പായിക്കുന്ന വീഡിയോകളാണ് ഇപ്പോൾ ആരാധക ഹൃദയം കീഴടക്കിയിരിക്കുന്നത്.
സ്പിന്നർമാർക്കെതിരെ അടിച്ചുതകർക്കുന്ന സഞ്ജു സാംസനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സ്പിന്നർമാർക്ക് എതിരെയുള്ള മുഴുവൻ പന്തുകളിലും ആക്രമിച്ചു തന്നെ സിക്സർ പറത്തുകയാണ് സഞ്ജു സാംസൺ. മാത്രമല്ല നൂതന ഷോട്ടുകളായ റിവേഴ്സ് സ്വീപ്പ് അടക്കമുള്ളവ സഞ്ജു കളിക്കുന്നതും വീഡിയോയിലുണ്ട്.
സഞ്ജുവിനെ സംബന്ധിച്ച് ഈ വരുന്ന സീസൺ വളരെയധികം പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാന് മികച്ച തുടക്കം തന്നെയായിരുന്നു സഞ്ജു സാംസൺ നൽകിയത്. എന്നാൽ സീസണിലെ അവസാന മത്സരങ്ങളിൽ രാജസ്ഥാൻ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഇതോടുകൂടി അഞ്ചാം സ്ഥാനക്കാരായി രാജസ്ഥാന് ഒതുങ്ങേണ്ടി വന്നു.
എന്നാൽ ഇത്തവണ അങ്ങനെയൊരു തെറ്റു വരുത്താതിരിക്കാനാണ് സഞ്ജു ശ്രമിക്കുന്നത്. മാത്രമല്ല സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ കഴിഞ്ഞ സീസണിന് ശേഷം ഉയർന്നിരുന്നു. ഇത്തവണ മികവാർന്ന പ്രകടനത്തോടെ രാജസ്ഥാനെ പ്ലെയോഫിൽ എത്തിച്ചില്ലെങ്കിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസി തെറിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ഇക്കാരണം കൊണ്ടും സഞ്ജുവിന് കൂടുതൽ നിർണായകമാണ് ഈ സീസൺ. നെറ്റ്സിൽ ബോളർമാരെ അടിച്ചു തകർക്കുന്ന അതേ കരുത്തുതന്നെ സഞ്ജു സാംസൺ മത്സരങ്ങളിലും ആവർത്തിക്കേണ്ടതുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷമാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സജീവമായ പ്രകടനം കാഴ്ചവച്ചാൽ മാത്രമേ സഞ്ജുവിന് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടംപിടിക്കാൻ സാധിക്കു.
ഇതുവരെയുള്ള ഐപിഎൽ ചരിത്രത്തിൽ വളരെ പക്വതയാർന്ന പ്രകടനങ്ങൾ തന്നെയാണ് സഞ്ജു കാഴ്ച വച്ചിരിക്കുന്നത്. പതിനേഴാം സീസണിലും ഈ പ്രകടനങ്ങൾ ആവർത്തിക്കുക എന്നതാണ് സഞ്ജുവിന്റെ ലക്ഷ്യം. ബിസിസിഐയുടെ പുതിയ കേന്ദ്ര കരാറിൽ സഞ്ജു സാംസണിന് സ്ഥാനം ലഭിച്ചിരുന്നു.
അതിനാൽ തന്നെ ഐപിഎല്ലിൽ തിളങ്ങി ഇന്ത്യൻ ടീമിന്റെ ഭാഗമായി മാറുക എന്ന ലക്ഷ്യമാണ് സഞ്ജുവിന് മുൻപിലുള്ളത്. സഞ്ജുവിനൊപ്പം ജയസ്വാൾ, ചാഹൽ, അശ്വിൻ തുടങ്ങിയ താരങ്ങൾക്കും ഈ ഇന്ത്യൻ പ്രീമിയർ ലീഗ് വളരെ പ്രധാനപ്പെട്ടതാണ്.