ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ബാറ്റർമാരിൽ ഒരാളാണ് ശുഭ്മാൻ ഗിൽ. മത്സരത്തിന്റെ അവസാന ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 192 റൺസാണ്. മികച്ച തുടക്കം ഇന്ത്യയ്ക്ക് ഓപ്പണർമാർ നൽകിയെങ്കിലും, പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ഇത് ഇന്ത്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയ സമയത്ത് ഗിൽ ഉത്തരവാദിത്വം തോളിലേറ്റി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
വിക്കറ്റ് കീപ്പർ ജൂറലിനൊപ്പം ചേർന്ന് ഒരു മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യയെ 5 വിക്കറ്റ് വിജയത്തിലെത്തിക്കാൻ ഗില്ലിന് സാധിച്ചു. മത്സരത്തിലെ മികച്ച ഇന്നിങ്സിന് തനിക്ക് പ്രചോദനമായ കോച്ച് ദ്രാവിഡിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഗിൽ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ദ്രാവിഡിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടി ഗില്‍ രംഗത്ത് എത്തിയത്. ദ്രാവിഡിന്റെ പ്രചോദന വാക്കുകൾ തനിക്ക് വലിയ സഹായകരമായി മാറി എന്ന ഗിൽ പറയാതെ പറയുകയാണ് ഉണ്ടായത്. “നീയല്ലെങ്കിൽ പിന്നെ ആരാണ്? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? രാഹുൽ ദ്രാവിഡ് പറയുന്നു”- ഇങ്ങനെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ ഗിൽ കുറിച്ചത്.
ഗില്ലും ജൂറലും മൈതാനത്ത് ബാറ്റ് ചെയ്യുന്ന ഫോട്ടോയുടെ ശീർഷകമായാണ് ദ്രാവിഡിന്റെ ഈ വാക്കുകൾ ഗില്‍ പോസ്റ്റ് ചെയ്തത്. ദ്രാവിഡ് എന്ന കോച്ച് കളിക്കാരിൽ എത്രമാത്രം ഇമ്പാക്ട് ഉണ്ടാക്കുന്നുണ്ട് എന്ന് വിളിച്ചോതുന്ന പ്രവർത്തിയാണ് ഗില്ലിൽ നിന്നുണ്ടായിരിക്കുന്നത്.
മൂന്നാം നമ്പരിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാത്തതിന്റെ പേരിൽ കഴിഞ്ഞ സമയങ്ങളിൽ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയ ക്രിക്കറ്ററാണ് ശുഭമാൻ ഗിൽ. ഇന്ത്യയ്ക്കായി മൂന്നാം നമ്പറിൽ കളിച്ച ആദ്യ 12 മത്സരങ്ങളിൽ ഒരു അർത്ഥസഞ്ചറി പോലും സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചിരുന്നില്ല.
എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയാണ് ഗിൽ വിമർശകരുടെ വായടപ്പിച്ചത്. 106 റൺസായിരുന്നു വിശാഖപട്ടണത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഗിൽ സ്വന്തമാക്കിയത്. ശേഷം രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 91 റൺസ് സ്വന്തമാക്കാനും ഗില്ലിന് സാധിച്ചിരുന്നു.
ശേഷമാണ് നാലാം ടെസ്റ്റ് മത്സരത്തിലും ഗില്‍ ഇന്ത്യയുടെ ഹീറോയായി മാറിയത്. ബാറ്റിംഗിന് അങ്ങേയറ്റം ദുർഘടമായ റാഞ്ചി പിച്ചിലാണ് ഗില്ലിന്റെ ഈ ഹീറോയിസം. മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ 52 റൺസാണ് ഗിൽ കൂട്ടിച്ചേർത്തത്. പരമ്പരയ്ക്ക് തൊട്ടു മുൻപ് രാഹുൽ ദ്രാവിഡ്, താൻ ശുഭ്മാൻ ഗില്ലിൽ എത്രമാത്രം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.
എന്തായാലും ദ്രാവിഡിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. വരും മത്സരത്തിലും ഇത്തരത്തിൽ മികച്ച പ്രകടനം ഗിൽ പുറത്തെടുക്കും എന്നാണ് പ്രതീക്ഷ.