നാലാം മത്സരത്തിലെ കളിയിലെ താരം സര്‍പ്രൈസ്

gill and jurel

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്‌ മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ധ്രുവ് ജൂറൽ ആയിരുന്നു. തന്റെ ടെസ്റ്റ്‌ കരിയറിലെ കേവലം രണ്ടാം മത്സരമാണ് ജൂറൽ റാഞ്ചിയിൽ കളിച്ചത്. എന്നാൽ ഒരു തുടക്കക്കാരന്റെ സമ്മർദ്ദമില്ലാതെ ഇംഗ്ലണ്ട് ബോളർമാരെ നേരിടാൻ ജുറലിന് സാധിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ തകര്‍ന്ന സമയത്താണ് ജൂറൽ ക്രീസിലെത്തിയത്.

തന്റേതായ ശൈലിയിൽ ബാറ്റ് ചെയ്ത ജൂറൽ ഇന്ത്യക്കായി 90 റൺസ് സ്വന്തമാക്കി. ഇത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമായിരുന്നു. ശേഷം രണ്ടാം ഇന്നിങ്സിലും ഇന്ത്യ തകർന്നടിഞ്ഞ സമയത്ത് ക്രീസിലെത്തി ഗില്ലിന് മികച്ച പിന്തുണ നൽകാൻ ജുറലിന് സാധിച്ചു. ഇതോടെ മത്സരത്തിലെ താരമായി ജൂറലിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

താൻ മത്സരത്തിലുടനീളം സാഹചര്യത്തിനനുസരിച്ച് കളിക്കാനാണ് തയ്യാറായത് എന്ന് ജൂറൽ പറയുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ ടീമിന് റൺസ് ആവശ്യമായിരുന്നു എന്നും, അതിനാൽ ഏറ്റവും അന്തിമ സമയം വരെ ബാറ്റ് ചെയ്യാനാണ് താൻ ശ്രമിച്ചതെന്നും ജൂറൽ പറയുന്നു. മാത്രമല്ല കൃത്യമായ സമയങ്ങളിൽ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുന്നതിലും താൻ എല്ലായിപ്പോഴും ശ്രദ്ധിക്കാറുണ്ട് എന്ന് ജൂറൽ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും തന്റെ മുൻപിൽ വരുന്ന ബോളുകളെ നേരിടുക എന്നതിലുപരി വലിയ തന്ത്രങ്ങൾ താൻ മെനയാറില്ല എന്നും ജൂറൽ പറഞ്ഞു. ഇന്ത്യയുടെ വിജയത്തിൽ വലിയ സന്തോഷമുണ്ടെന്ന് സൂചിപ്പിച്ച ജൂറൽ, ഇനിയും ഇത്തരം പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും എന്ന വിശ്വാസവും പ്രകടിപ്പിച്ചു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

“സാഹചര്യങ്ങൾക്കനുസരിച്ച് മൈതാനത്ത് കളിക്കാനാണ് ഞാൻ ശ്രമിച്ചത്. ആദ്യ ഇന്നിങ്സിൽ ഞങ്ങൾക്ക് റൺസ് കണ്ടെത്തണമായിരുന്നു. അതുകൊണ്ടു തന്നെ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. കാരണം അങ്ങനെയെങ്കിൽ ഞങ്ങൾക്ക് കുറച്ചധികം റൺസ് ലഭിക്കും. കൃത്യമായി കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാനും എനിക്ക് സാധിച്ചിരുന്നു.

എനിക്കൊപ്പം ക്രീസിൽ തുടർന്ന എല്ലാ താരങ്ങൾക്കും ഞാൻ അതിന്റെ ക്രെഡിറ്റ് നൽകുകയാണ്. റൺസ് കൂട്ടിച്ചേർക്കുന്നതിലും അവർ സഹായിച്ചു. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി ചിന്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. മുൻപിലേക്ക് വരുന്ന ബോളിനെതിരെ പ്രതികരിക്കുക എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലിനൊപ്പം സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. 10 റൺ അടങ്ങുന്ന ഓരോ സെറ്റുകളായി ഭേദിച്ചാണ് ഞങ്ങൾ മുൻപോട്ടു പോയത്. അങ്ങനെയാണ് ഞങ്ങൾ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്.”- ജൂറൽ പറയുന്നു.

മത്സരത്തിൽ 5 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരയിലെ അവസാന മത്സരം ധർമ്മശാലയിലാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ആ മത്സരത്തിൽ കൂടി വിജയം സ്വന്തമാക്കിയാൽ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ ഒരു തിരിച്ചുവരവാണ് കാണാൻ സാധിച്ചത്.

Scroll to Top