നരേയ്നെ രക്ഷിച്ചത് പന്തിന്റെ റിവ്യൂ ദുരന്തം. 2 തവണ മണ്ടത്തരം കാട്ടി… ന്യായീകരണം ഇങ്ങനെ.

ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ തങ്ങളുടെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ കാഴ്ചവച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ടോട്ടലാണ് മത്സരത്തിൽ കൊൽക്കത്ത നേടിയത്.

മത്സരത്തിൽ ബാറ്റിംഗ് ആരംഭിച്ചതിന് ശേഷം കൊൽക്കത്ത പൂർണ്ണമായും ഡൽഹിയെ അടിച്ചുകറ്റുന്നതാണ് കാണാൻ സാധിച്ചത്. കൊൽക്കത്തക്കായി ഓപ്പണർ സുനിൽ നരെയ്ൻ 39 പന്തുകളിൽ 85 റൺസുമായി കളം നിറയുകയുണ്ടായി. ശേഷം യുവതാരം രഘുവംശി 27 പന്തുകളിൽ 54 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ഇതിനിടെ ഡൽഹി നായകൻ റിഷഭ് പന്തിന്റെ കയ്യിൽ നിന്നുണ്ടായ വലിയൊരു അബദ്ധം വലിയ രീതിയിൽ ശ്രദ്ധ നേടി.

മത്സരത്തിൽ നരെയ്ൻ നാലാം ഓവറിൽ 22 റൺസിൽ നിൽക്കുകയായിരുന്നു. ഈ ഓവറിൽ ഇഷാന്ത് ശർമയ്ക്കെതിരെ തുടർച്ചയായി രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും സ്വന്തമാക്കാൻ സാധിച്ചിരുന്നു. എന്നാൽ അടുത്ത പന്തിൽ ഇഷാന്തിനെതിരെ ആക്രമിക്കാൻ ശ്രമിച്ച നരെയ്ന് തെറ്റുപറ്റി.

നരെയന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് നേരെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തുകയായിരുന്നു. എന്നാൽ റിഷഭ് പന്ത് ബോൾ ബാറ്റിന്റെ എഡ്ജിൽ കൊണ്ട കാര്യം മനസ്സിലാക്കിയില്ല. മിച്ചൽ മാർഷ് പലതവണ പന്തിനെ റിവ്യൂ എടുക്കാൻ നിർബന്ധിച്ചു. എന്നാൽ റിവ്യൂ എടുക്കുന്നതിൽ പന്ത് താമസിച്ചു പോവുകയുണ്ടായി.

മത്സരത്തിലെ ഈ മോശം തീരുമാനം ക്യാപ്പിറ്റൽസിന് വലിയ തിരിച്ചടി തന്നെ ഉണ്ടാക്കി. പിന്നീട് സുനിൽ നരെയ്ൻ പൂർണമായും ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇത്തരത്തിൽ റിവ്യൂ എടുക്കാനുണ്ടായ തീരുമാനത്തിൽ വന്ന പ്രശ്നത്തെപ്പറ്റി മത്സരശേഷം പന്ത് സംസാരിക്കുകയുണ്ടായി.

മൈതാനത്തെ വലിയ സ്ക്രീനിൽ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിന്റെ ടൈമർ കൃത്യമായി പ്രവർത്തിക്കാതിരുന്നത് തങ്ങൾക്ക് തിരിച്ചടിയായത് എന്ന് പന്തു പറഞ്ഞു. മാത്രമല്ല മൈതാനത്ത് വലിയ ശബ്ദം ഉണ്ടായിരുന്നതായും അതിനാൽ പന്ത് എഡ്ജിൽ കൊണ്ട കാര്യം താൻ കേട്ടിരുന്നില്ല എന്നും റിഷഭ് കൂട്ടിച്ചേർത്തു.

“മത്സരത്തിനിടെ ഗ്യാലറി വളരെ ശബ്ദം നിറഞ്ഞതായിരുന്നു. മാത്രമല്ല വലിയ സ്ക്രീനിലെ ടൈമർ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല. ആ സ്ക്രീനിന് കുറച്ച് പ്രശ്നങ്ങളും ഉണ്ടായിരുന്നു. മൈതാനത്തെ ചില കാര്യങ്ങൾ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ ചിലത് നിയന്ത്രിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ആ ഒഴുക്കിനൊപ്പം മുൻപോട്ടു പോകുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്നത്.”- പന്ത് പറഞ്ഞു.

ഇതു മാത്രമല്ല ഇതിന് ശേഷവും ഡിസിഷൻ റിവ്യൂ സിസ്റ്റം എടുക്കാത്തതിന്റെ പേരിൽ കൊൽക്കത്തയ്ക്ക് മറ്റൊരു വിക്കറ്റ് നഷ്ടമായിരുന്നു. കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ ബാറ്റിൽ കൊണ്ട ബോൾ പന്തിന്റെ കൈകളിൽ എത്തിയിരുന്നു. എന്നാൽ അവിടെയും പന്ത് റിവ്യൂ എടുക്കുന്നതിൽ പരാജയപ്പെടുകയാണ് ചെയ്തത്.

Previous articleറിഷഭ് പന്തിന്റെ തിരിച്ചുവരവ്. സഞ്ജുവിന് കിട്ടിയത് മുട്ടൻ പണി. ലോകകപ്പ് സ്വപ്നം ഇല്ലാതാവുന്നു?
Next articleചെന്നൈ ടീമിലെത്തിയാൽ ഏത് മോശം താരവും മികവ് പുലർത്തും. ഇതിനുള്ള കാരണമെന്ത്? വ്യക്തമാക്കി സിദ്ധു.