നന്ദി പറയാനുള്ളത് ഗൗതം സാറിനോട്. ആ വാക്കുകൾ ഒരുപാട് സഹായിച്ചു. നിതീഷ് റെഡ്‌ഡി പറയുന്നു.

20241009 202113

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ രണ്ടാം മത്സരത്തിൽ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ യുവതാരം നിതീഷ് റെഡ്ഡി കാഴ്ചവച്ചത്. ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ തിളങ്ങാന്‍ നിതീഷ് റെഡ്ഡിയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിലെ തന്റെ മികച്ച പ്രകടനത്തിന് ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് നന്ദി പറയുകയാണ് നിതീഷ് റെഡ്ഡി ഇപ്പോൾ.

ബോളർ എന്ന നിലയ്ക്ക് തനിക്ക് ആത്മവിശ്വാസം നൽകിയത് ഗൗതം ഗംഭീറിന്റെ വാക്കുകളാണ് എന്ന് നിതീഷ് റെഡ്ഡി പറയുന്നു. ഒരു ട്വന്റി20 മത്സരത്തിൽ 70 റൺസിലധികം സ്വന്തമാക്കുകയും, 2 വിക്കറ്റുകൾ നേടുകയും ചെയ്യുന്ന ആദ്യ ഇന്ത്യൻ താരമായി മത്സരത്തിലൂടെ നിതീഷ് റെഡ്ഡി മാറിയിരുന്നു.

മത്സരത്തിൽ നിതീഷ് റെഡ്ഡിയ്ക്ക് സൂര്യകുമാർ യാദവ് ന്യൂ ബോൾ തന്നെ നൽകുകയുണ്ടായി. പവർപ്ലേ ഓവറുകളിൽ നന്നായി പന്തറിയാനും സ്കോറിങ് റേറ്റ് കുറയ്ക്കാനും നിതീഷിന് സാധിച്ചു. മാത്രമല്ല ഇന്നിംഗ്സിന്റെ അവസാന സമയത്തെത്തി ബംഗ്ലാദേശിലെ ടോപ്പ് സ്കോററായ മഹ്മൂദുള്ളയുടെ വിക്കറ്റും നിതീഷ് നേടുകയുണ്ടായി. പിന്നാലെ തൻസീർ സാക്കിബിനെയും നിതീഷ് പുറത്താക്കി.

ഇതിന് സഹായകരമായി മാറിയത് ഗംഭീറിന്റെ വാക്കുകളാണ് എന്ന് നിതീഷ് പറയുന്നു. ബോൾ ചെയ്യാൻ അറിയാവുന്ന ഒരു ബാറ്റർ എന്ന നിലയ്ക്കല്ല കളിക്കേണ്ടത് എന്നാണ് ഗൗതം ഗംഭീർ നിതീഷിന് നൽകിയ ഉപദേശം.

Read Also -  നിതീഷിനും റിങ്കുവിനും മുൻപിൽ അടിതെറ്റി ബംഗ്ലകൾ. പരമ്പര സ്വന്തമാക്കി ഇന്ത്യ.

“സത്യസന്ധമായി പറഞ്ഞാൽ, ഇതിനായി നന്ദി പറയേണ്ടത് എനിക്ക് ഗൗതം സാറിനോടാണ്. അദ്ദേഹമാണ് എനിക്ക് ബോളിംഗ് ക്രീസിൽ ഒരുപാട് ആത്മവിശ്വാസം നൽകിയത്. എന്റെ ബോളിങ്ങിൽ പൂർണമായും വിശ്വസിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. മാത്രമല്ല ബോൾ ചെയ്യുന്ന സമയത്ത് ഒരു ബോളറെ പോലെ ചിന്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കലും ബോൾ ചെയ്യാൻ സാധിക്കുന്ന ഒരു ബാറ്റർ എന്ന നിലയ്ക്ക് ചിന്തിക്കാൻ പാടില്ല എന്ന് അദ്ദേഹം എന്നെ ബോധിപ്പിച്ചു. സ്വയമേ ഒരു ബോളറായി തന്നെ കാണണമെന്ന് ഗംഭീർ പറഞ്ഞു. അതെനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി. അതിനാൽ ഗംഭീറിനോട് ഞാൻ ഒരുപാട് നന്ദി പറയുകയാണ്.”- നിതീഷ് റെഡ്ഡി പറയുന്നു.

വ്യത്യസ്ത വേരിയേഷനുകളുമായാണ് നിതീഷ് റെഡ്ഡി ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യിൽ മികവ് പുലർത്തിയത്. 135 കിലോമീറ്ററിലധികം സ്പീഡിൽ പന്തറിയാൻ നിതീഷിന് മത്സരത്തിൽ സാധിച്ചു. മത്സരത്തിൽ 4 ഓവറുകൾ പന്തറിഞ്ഞ നിതീഷ് 23 റൺസ് മാത്രമാണ് വിട്ടു നൽകിയത്. മത്സരത്തിൽ 86 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചു തന്നെയാണ് മത്സരത്തിലെ വിജയം കൊയ്തിരിക്കുന്നത്. ഈ വിജയത്തോടെ 2-0 എന്ന നിലയിൽ പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

Scroll to Top