“ധോണി 7ആം നമ്പറിൽ ഇറങ്ങേണ്ട താരമല്ല.. അവന്റെ കഴിവുകൾ പോയ്‌ മറഞ്ഞിട്ടില്ല”. ബ്രെറ്റ് ലീ പറയുന്നു.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും, ചെന്നൈ ആരാധകർക്ക് വളരെയേറെ ആവേശം വിതറിയ മത്സരമായിരുന്നു വിശാഖപട്ടണത്ത് നടന്നത്. മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് മികവാണ് എല്ലാവരും വളരെയേറെ ശ്രദ്ധിച്ചത്.

മത്സരത്തിൽ 16 പന്തുകളിൽ 37 റൺസാണ് മഹേന്ദ്ര സിംഗ് ധോണി നേടിയത്. 2024 ഐപിഎല്ലിൽ താൻ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയായിരുന്നു ധോണി ആരംഭിച്ചത്. പിന്നീട് കൃത്യമായി ബോളുകളെ അതിർത്തി കടത്താൻ ധോണിക്ക് സാധിച്ചിരുന്നു. ശേഷം ധോണിക്ക് മുമ്പിൽ ചില നിർദ്ദേശങ്ങൾ വച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ബ്രറ്റ് ലീ.

ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് ഓർഡറിൽ കുറച്ചുകൂടി മുകളിൽ കളിക്കാൻ തയ്യാറാവണമെന്നാണ് ബ്രറ്റ് ലീ പറയുന്നത്. മധ്യനിര ബാറ്ററായെങ്കിലും മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തണം എന്ന് ലീ ആവർത്തിക്കുന്നു. ഇപ്പോഴും ധോണിക്ക് കൃത്യമായ ആശയങ്ങളും ബുദ്ധിയുമുണ്ടെന്നും, അത് ടീമിന് വളരെ ഗുണമുള്ളതായി മാറുമെന്നുമാണ് ലീ പറയുന്നത്.

ടീമിനായി ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ കളിക്കേണ്ട ബാറ്ററല്ല ധോണി എന്ന് ലീ കൂട്ടിച്ചേർത്തു. ഡൽഹിക്കെതിരായ മത്സരത്തിൽ ആൻറിച് നോർക്കിയ എറിഞ്ഞ അവസാന ഓവറിൽ 20 റൺസാണ് മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കിയത്. മത്സരത്തിൽ 17 പന്തുകളിൽ 37 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. 3 സിക്സറുകളും 4 ബൗണ്ടറികളും ധോണിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

“ധോണി ഇന്നത്തെ രാത്രി തന്റെ മികച്ച ഫോമിലേക്ക് ഉയരുകയുണ്ടായി. യാതൊരു ക്ഷീണവുമില്ലാതെയാണ് ധോണി കളിച്ചത്. ബാറ്റിംഗിൽ ധോണിയിൽ നിന്ന് കൂടുതൽ സംഭാവനകൾ ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ ബാറ്റിംഗ് ഓർഡറിൽ കുറച്ചുകൂടി മുകളിൽ ഇറങ്ങാൻ ധോണി തയ്യാറാവണം. ഒരു അവിശ്വസനീയ താരം തന്നെയാണ് ധോണി. മാത്രമല്ല ഇപ്പോഴും ധോണിയുടെ കൃത്യതയാർന്ന തീരുമാനങ്ങൾ ഫലിക്കുന്നുണ്ട്. ദയവുചെയ്ത് ചെന്നൈ സൂപ്പർ കിംഗ്സ് ഓർഡറിൽ ധോണിയെ കുറച്ചുകൂടി മുകളിൽ ഇറക്കാൻ തയ്യാറാവണം.” – ബ്രെറ്റ് ലീ പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലങ്ങൾ എടുത്തു നോക്കിയാൽ ധോണിയുടെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത് എന്ന ഷെയ്ൻ വാട്സൺ പറയുകയുണ്ടായി. “മഹേന്ദ്ര സിംഗ് ധോണിയെ ഇത്തരമൊരു ഫോമിൽ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തന്റെ കഴിവുകൊണ്ടും പവർ കൊണ്ടും എതിർ ടീമിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ധോണിക്ക് സാധിച്ചിട്ടുണ്ട്.”

“ധോണിയുടെ കരിയറിൽ ഒരുപാട് തവണ നമ്മൾ ഫിനിഷിംഗിന് പവറുകൾ കണ്ടിട്ടുണ്ട്. പരാജയം മണത്ത പല മത്സരങ്ങളിലും ധോണി ഇത്തരത്തിൽ വിജയം സ്വന്തമാക്കിയിട്ടുമുണ്ട്. ഇന്ന് ധോണി കളിച്ച ചില ഷോട്ടുകൾ ഇതുവരെ ധോണി കളിച്ചതിൽ ഏറ്റവും മികച്ചതാണ്.”- വാട്സൺ പറഞ്ഞു.

Previous article42കാരന്റെ അഴിഞ്ഞാട്ടം 🔥 വിശാഖപട്ടണത്തെ ഞെട്ടിച്ച് ധോണി ധമാക്ക.. 16 പന്തിൽ 37 റൺസ്..
Next articleമത്സരം ജയിച്ചിട്ടും പന്തിന് തിരിച്ചടി. വമ്പൻ പിഴ ചുമത്തി ബിസിസിഐ.