“ധോണി, കോഹ്ലി എന്നിവരെയാണ് അവൻ പിന്നിലാക്കിയത്”.. രോഹിതിന് പ്രശംസകളുമായി മുൻ ഇന്ത്യൻ ഇതിഹാസം

rohit century vs afghan

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരത്തിലെ രോഹിത്തിന്റെ ബാറ്റർ എന്ന നിലയിലും, നായകൻ എന്ന നിലയിലുമുള്ള പ്രകടനത്തെയാണ് സുനിൽ ഗവാസ്കർ അഭിനന്ദിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയായിരുന്നു രോഹിത് ശർമ സ്വന്തമാക്കിയത്.

ഇതിന് പിന്നാലെ 2 സൂപ്പർ ഓവറിലും ഇന്ത്യയെ നയിക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. നായകൻ എന്ന നിലയിൽ രോഹിത് മത്സരത്തിൽ കൈക്കൊണ്ട ചില പ്രധാന തീരുമാനങ്ങളാണ് ഇന്ത്യയുടെ വിജയത്തിൽ കലാശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനിൽ ഗവാസ്കർ പ്രശംസകളുമായി രംഗത്തെത്തിയത്.

മത്സരത്തിൽ രോഹിത് ശർമയും റിങ്കു സിംഗും ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു എന്നാണ് ഗവാസ്കർ പറയുന്നത്. ഒപ്പം ട്വന്റി20യിലെ ധോണിയുടെ വിജയ റെക്കോർഡിനൊപ്പമെത്തിയ രോഹിതിനെ പ്രശംസിക്കേണ്ടതുണ്ട് എന്നും ഗവാസ്കർ കരുതുന്നു. “ഒരു നായകന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും യോജിച്ച ഫോർമാറ്റാണ് ട്വന്റി20. രോഹിത് ശർമയ്ക്ക് വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി എന്നിവരെക്കാൾ വിജയ ശതമാനം ട്വന്റി20 ക്രിക്കറ്റിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത് കാട്ടിത്തരുന്നത് രോഹിത് എത്രമാത്രം മികച്ച നായകനാണ് എന്നുതന്നെയാണ്.”- സുനിൽ ഗവാസ്കർ പറയുന്നു.

Read Also -  ലോകകപ്പിൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോ? സാധ്യത ടീം ഇങ്ങനെ.

“സാധാരണയായി ഇപ്പോൾ ട്വന്റി20 മത്സരങ്ങളിൽ വ്യത്യസ്തതരം മനോഭാവമാണ് എല്ലാവരും കാത്തുസൂക്ഷിക്കുന്നത്. തുടക്കത്തിൽ തന്നെ വെടിക്കെട്ട് തീർത്ത് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോകാനാണ് ബാറ്റർമാർ ശ്രമിക്കാറുള്ളത്. അത്തരമൊരു മനോഭാവം ട്വന്റി20 ക്രിക്കറ്റിൽ അടിച്ചേൽപ്പിച്ചു കഴിഞ്ഞു.

എന്നാൽ മൂന്നാം ട്വന്റി20യിൽ രോഹിത് ശർമയും റിങ്കു സിങ്ങും ഇത്തരത്തിൽ ആയിരുന്നില്ല കളിച്ചത്. അവർ അവരുടെ ക്രിക്കറ്റ് ബുദ്ധി അങ്ങേയറ്റം ഉപയോഗിച്ചു. 22ന് 4 എന്ന നിലയിൽ ഇന്ത്യ പതറിയപ്പോൾ ഇരുവരും വെടിക്കെട്ട് തീർക്കാൻ ശ്രമിച്ചില്ല. ക്രീസിൽ കുറച്ച് സമയം ചിലവഴിക്കാനും, ശേഷം പിന്നീട് റൺസ് കണ്ടെത്താനുമാണ് ഇരുവരും ശ്രമിച്ചത്.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

“ഒരുപക്ഷേ ആ സമയത്ത് ഇന്ത്യയ്ക്ക് ഒന്നോ രണ്ടോ വിക്കറ്റുകൾ നഷ്ടമായിരുന്നുവെങ്കിൽ, നമ്മൾ 70 റൺസിന് ഓൾ ഔട്ടായേനെ. അതുകൊണ്ടു തന്നെ ആ സാഹചര്യത്തിൽ കുറച്ച് സമയം ക്രീസിൽ ചെലവഴിക്കേണ്ടിയിരുന്നു. ആ രീതിയിലാണ് ഇരുവരും ശ്രമിച്ചത്. അവസാന 5 ഓവറുകളിൽ 100 റൺസ് സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു.

സാധാരണയായി ടീമുകൾ ഇത്തരത്തിലല്ല കളിക്കാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ നമ്മൾ സാഹചര്യത്തോട് പൊരുത്തപ്പെടുകയും, നമ്മുടെ ക്രിക്കറ്റ് ബുദ്ധി ഉപയോഗിക്കുകയും ചെയ്യണം. അതാണ് മത്സരത്തിൽ വിജയിക്കാനുള്ള ഉപാധി.”- ഗവാസ്കർ പറഞ്ഞു വയ്ക്കുന്നു.

Scroll to Top