ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും ആരാധകരെ ആവേശത്തിലാക്കാൻ ചെന്നൈയുടെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയ്ക്ക് സാധിച്ചു. 42കാരനായ ധോണിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ആശങ്കകൾ ഐപിഎല്ലിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ 2024 ഐപിഎല്ലിലും തനിക്കാവും വിധം മികച്ച പ്രകടനങ്ങൾ പുറത്തെടുത്താണ് മഹേന്ദ്രസിംഗ് ധോണി മടങ്ങിയിരിക്കുന്നത്.
പല മത്സരങ്ങളിലും കുറച്ചു പന്തുകൾ മാത്രമേ ധോണി ഈ സീസണിൽ നേരിട്ടുള്ളൂ. എന്നിരുന്നാലും നേരിട്ട പന്തുകളിൽ കൃത്യമായി ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ധോണിയ്ക്ക് സാധിച്ചു. മഹേന്ദ്രസിംഗ് ധോണിയുടെ ക്രിക്കറ്റ് കരിയറിലെ അവസാന ഐപിഎൽ സീസണാണ് 2024 എന്ന് ഇതിനോടകം തന്നെ പലരും വിധിയെഴുതുകയുണ്ടായി.
മഹേന്ദ്രസിംഗ് ധോണി കളിക്കളത്തിൽ നിന്ന് ഇത്തവണ വിട പറഞ്ഞാലും വരും സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒപ്പമുണ്ടാകും എന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ.
അടുത്ത സീസണിൽ ഒരു പ്രത്യേക റോളിൽ ആയിരിക്കും മഹേന്ദ്ര സിംഗ് ധോണി ചെന്നൈയ്ക്കൊപ്പം തുടരുക എന്ന് ഹെയ്ഡൻ പറയുകയുണ്ടായി. ഇത് ധോണിയുടെ അവസാന മത്സരമാണെങ്കിലും, അവസാനമായി ചെന്നൈക്കൊപ്പം ധോണിയെ കാണുന്ന മത്സരമായിരിക്കില്ല എന്നാണ് ഹെയ്ഡൻ വിശ്വസിക്കുന്നത്.
ചെന്നൈയുടെ മെന്ററോ പരിശീലകനോ ഒക്കെയായി മഹേന്ദ്ര സിംഗ് ധോണി ഉണ്ടാവുമെന്നും ഹെയ്ഡൻ ഉറപ്പിച്ചു പറയുന്നു. കാരണം ധോണിയുടെ അറിവും പരിചയസമ്പത്തും ചെന്നൈയ്ക്ക് ആവശ്യമാണ് എന്ന് ഹെയ്ഡൻ വിശ്വസിക്കുന്നു. മുൻനിര ബാറ്റർമാർക്ക് ബൗണ്ടറി കണ്ടെത്താൻ വളരെ അനായാസമാണെന്നും, പക്ഷേ അവസാന ഓവറുകളിൽ ബൗണ്ടറികൾ കൃത്യമായി കണ്ടെത്താൻ ധോണിയെ പോലെയുള്ള താരങ്ങൾക്ക് മാത്രമേ സാധിക്കൂവെന്നും ഹെയ്ഡൻ പറഞ്ഞു.
“ഇത് മഹേന്ദ്രസിംഗ് ധോണിയുടെ അവസാനത്തെ മത്സരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അവസാനമായി അദ്ദേഹത്തെ ചെന്നൈയോടൊപ്പം കാണുന്നത് 2024 ഐപിഎല്ലിൽ ആയിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. അടുത്ത വർഷങ്ങളിൽ ചെന്നൈയുടെ മെന്ററായോ മറ്റു റോളുകളിലോ ധോണി ടീമിനൊപ്പം അണിനിരന്നില്ലെങ്കിൽ അത് എനിക്ക് വലിയൊരു ഞെട്ടലായിരിക്കും.”
“കാരണം ചെന്നൈ കുടുംബത്തിലെ വലിയൊരു അംഗം തന്നെയാണ് ധോണി. മാത്രമല്ല ചെന്നൈയ്ക്കായി കൃത്യമായി ബുദ്ധി ഉപയോഗിക്കാനും തന്റെ ക്രിക്കറ്റ് അറിവുകൾ പകർന്നു നൽകാനും ധോണിയ്ക്ക് സാധിക്കും.”- ഹെയ്ഡൻ പറയുന്നു.
“ധോണിയ്ക്ക് ഇപ്പോഴും പഴയ പവർ കൈയിലുണ്ട് എന്നത് ഉറപ്പാണ്. എപ്പോഴും ധോണിയോടൊപ്പം ആ പവറുണ്ട്. ഇന്നിംഗ്സിന്റെ അവസാന സമയത്തിൽ ബോളുകൾക്കെതിരെ വമ്പനടികൾ നടത്താൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇപ്പോഴും സാധിക്കുന്നു. മുൻനിരയിൽ ബാറ്റിങ്ങിനിറങ്ങുന്ന താരങ്ങൾക്ക് ഇത്തരത്തിൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ അല്പം അനായാസമാണ്.”
“പക്ഷേ അവസാന ഓവറുകളിൽ ഇത്തരത്തിൽ പന്തിനെ ആക്രമിക്കുക എന്നത് കുറച്ച് പ്രയാസകരമാണ്. പക്ഷേ ധോണിയ്ക്ക് അത് അനായാസം സാധിക്കുന്നു.”- ഹെയ്ഡൻ കൂട്ടിച്ചേർത്തു. എന്നിരുന്നാലും തന്റെ വിരമിക്കലിനെ സംബന്ധിച്ചുള്ള കൃത്യമായ സൂചന ധോണി ഇതുവരെയും നൽകിയിട്ടില്ല.