2024 ട്വന്റി20 ലോകകപ്പിലേക്കുള്ള വിക്കറ്റ് കീപ്പർ ബാറ്റർമാരെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് നിലവിൽ ഇന്ത്യൻ ടീം സെലക്ടർമാർ. പ്രതിഭകളുടെ ധാരാളിത്തം ഇന്ത്യയെ നിലവിൽ ഒരുപാട് ബാധിക്കുന്നുണ്ട്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ജിതേഷ് ശർമ തുടങ്ങി ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റർമാർ നിലവിൽ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്.
ഇവരിൽ ഒന്നോ രണ്ടോ ബാറ്റർമാരെ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. മാത്രമല്ല ഇവർക്കൊപ്പം മുതിർന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും ദിനേശ് കാർത്തിക്കും ഐപിഎല്ലിൽ വെടിക്കെട്ട് തീർക്കുന്നുണ്ട്. ധോണിയുടെയും കാർത്തിക്കിന്റെയും ട്വന്റി20 ലോകകപ്പിലെ സാധ്യതകളെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
എക്സ്പെർട്ട് താരകൾ അണിനിരന്ന അഭിമുഖത്തിനിടയായിരുന്നു രോഹിത് ധോണിയെയും കാർത്തിക്കിനെയും കുറിച്ച് സംസാരിച്ചത്. നിലവിലെ ഇരു താരങ്ങളുടെയും ഉഗ്രൻ ബാറ്റിംഗ് പ്രകടനങ്ങൾ എടുത്തുകാട്ടിയാണ് രോഹിത് സംസാരിച്ചത്. ദിനേശ് കാർത്തിക് നിലവിൽ കളിക്കുന്ന രീതി തനിക്ക് വലിയ രീതിയിൽ സന്തോഷം ഉണ്ടാക്കുന്നുണ്ട് എന്ന് രോഹിത് പറയുന്നു.
ഒപ്പം മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടുകളും വലിയ ആവേശം നൽകുന്നതാണ് എന്ന് രോഹിത് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ഒരു ലോകകപ്പ് കൂടി കളിപ്പിക്കാൻ മഹേന്ദ്ര സിംഗ് ധോണിയെ സമ്മതിപ്പിക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് രോഹിത് പറയുന്നു. പക്ഷേ ദിനേശ് കാർത്തിക്കിന്റെ കാര്യത്തിൽ ഈ ബുദ്ധിമുട്ടില്ല എന്നാണ് രോഹിത് ചൂണ്ടിക്കാട്ടിയത്.
“ദിനേശ് കാർത്തിക്കിന്റെ പ്രകടനം എന്നെ ഒരുപാട് ഇമ്പ്രസ്സ് ചെയ്യിച്ചു. രണ്ടു ദിവസങ്ങൾക്കു മുൻപ് കാർത്തിക് കാഴ്ചവച്ച പ്രകടനം വലിയ സന്തോഷം നൽകി. മഹേന്ദ്ര സിംഗ് ധോണിയുടെയും ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. മുംബൈയ്ക്കെതിരായ മത്സരത്തിൽ കേവലം 4 പന്തുകൾ മാത്രമാണ് ധോണി നേരിട്ടത്. അതിനിടയിൽ തന്നെ വലിയ ഇമ്പാക്ട് ഉണ്ടാക്കാനും 20 റൺസ് സ്വന്തമാക്കാനും ധോണിക്ക് സാധിച്ചു. മത്സരത്തിലെ ഏറ്റവും വലിയ വ്യത്യാസമായി അത് മാറുകയും ചെയ്തു.”
“എന്നിരുന്നാലും ട്വന്റി20 ലോകകപ്പ് കളിക്കാൻ ധോണിയെ സമ്മതിപ്പിക്കുക എന്നത് അല്പം കഠിനമായ കാര്യമാണ്. അദ്ദേഹം അവശനാണ്. മാത്രമല്ല അദ്ദേഹം അമേരിക്കയിലേക്ക് മറ്റുചില കാര്യങ്ങൾക്കായി എത്തുന്നുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. പക്ഷേ ദിനേശ് കാർത്തിക്കിനെ ഇത് സമ്മതിപ്പിക്കുക എന്നത് അത്ര കഠിനമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”- രോഹിത് പറഞ്ഞു.
നിലവിൽ ഇന്ത്യൻ സെലക്ടർമാരെ സംബന്ധിച്ച് വലിയ തലവേദനയാണ് ലോകകപ്പിന് മുൻപ് ഉണ്ടായിരിക്കുന്നത്. സഞ്ജു സാംസൺ അടക്കമുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർമാർ വളരെ മികച്ച പ്രകടനം ഇതിനോടകം തന്നെ ഐപിഎല്ലിൽ പുറത്തെടുത്തു കഴിഞ്ഞു.
അതിനാൽ തന്നെ ഈ താരങ്ങളെ മാറ്റി നിർത്താൻ യാതൊരു കാരണവശാലും ഇന്ത്യയ്ക്ക് സാധിക്കില്ല. മറുവശത്ത് പരിക്കിൽ നിന്ന് തിരിച്ചെത്തിയ റിഷഭ് പന്തും ഇതുവരെ മികവ് പുലർത്തിയിട്ടുണ്ട്. ഈ വരുന്ന ലോകകപ്പിനുള്ള ടീം സെലെക്ഷൻ എന്നത് സെലക്ടർമാരെ സംബന്ധിച്ച് വലിയ തലവേദനയാണ്.