ധോണിയില്ല, 2025 ഐപിഎല്ലിന് മുമ്പ് ചെന്നൈ നിലനിർത്തുന്ന 4 താരങ്ങൾ ഇവർ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് തൊട്ടുമുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കുകയാണ്. അതിനാൽ തന്നെ ടീമുകളെല്ലാം തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളെ മാത്രം നിലനിർത്തി മുൻപോട്ടു പോകാനാണ് ശ്രമിക്കുന്നത്. ഒരു ടീമിന് നാലോ അഞ്ചോ താരങ്ങളെ മാത്രമേ നിലനിർത്താൻ സാധിക്കുവെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ.

എന്നാൽ ഇതേ സംബന്ധിച്ചുള്ള വ്യക്തത പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും 4 താരങ്ങളെ മാത്രമാണ് നിലനിർത്താൻ സാധിക്കുന്നതെങ്കിൽ, ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്താൻ ഉദ്ദേശിക്കുന്ന കളിക്കാരെ പരിശോധിക്കാം. ക്രിക്ബസാണ് ഈ താരങ്ങളെ ചെന്നൈ നിലനിർത്താൻ സാധ്യതയുണ്ട് എന്ന സൂചനകൾ പുറത്തുവിട്ടിരിക്കുന്നത്.

1. ഋതുരാജ് ഗെയ്ക്വാഡ്

നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായ ഋതുരാജിനെ ഒരിക്കലും ടീം കൈവിടില്ല എന്ന കാര്യം ഉറപ്പാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് തൊട്ടു മുൻപായിരുന്നു ഋതുരാജിനെ നായകനായി ചെന്നൈ പ്രഖ്യാപിച്ചത്. ശേഷം നായകനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് ഋതുരാജ് കാഴ്ച വെച്ചിട്ടുള്ളത്.

2020ലാണ് ചെന്നൈ സൂപ്പർ കിങ്സിനായി ഋതുരാജ് തന്റെ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 66 മത്സരങ്ങൾ ചെന്നൈ ടീമിനായി കളിച്ച ഋതുരാജ് 41.75 എന്ന ഉയർന്ന ശരാശരിയിൽ 2380 റൺസ് ടീമിനായി സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ നിലനിർത്തുന്ന ആദ്യ താരമായി ഋതുരാജ് മാറിയേക്കും.

2. രവീന്ദ്ര ജഡേജ

ചെന്നൈ ടീമിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായ ജഡേജയെ ടീം ലേലത്തിന് മുൻപായി തന്നെ നിലനിർത്തുമെന്നാണ് സൂചനകൾ. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. എന്നിരുന്നാലും എല്ലാകാലത്തും ചെന്നൈ ടീമിന്റെ വിശ്വസ്തനാണ് രവീന്ദ്ര ജഡേജ. ഇന്ത്യൻ പ്രീമിയർ ലീഗിൽ 240 മത്സരങ്ങളിൽ നിന്ന് 2959 റൺസും 160 വിക്കറ്റുകളും ഈ താരം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഫീൽഡിങ്ങിൽ ടീമിനെ ശക്തമായി മുന്നോട്ടു നയിക്കാനും ജഡേജയ്ക്ക് കഴിഞ്ഞ സമയങ്ങളിൽ സാധിച്ചിട്ടുണ്ട്.

3. ശിവം ദുബെ

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് ശിവം ദുബെ. കഴിഞ്ഞ സീസണുകളിലെ വെടിക്കെട്ട് പ്രകടനമാണ് ദുബെയെ ചെന്നൈ ടീം നിലനിർത്താൻ പ്രധാന കാരണമായി മാറുന്നത്. സ്പിന്നർമാർക്കെതിരെ ഏത് സമയത്തും ആക്രമണം അഴിച്ചുവിടാൻ താരത്തിന് സാധിക്കുന്നുണ്ട്. മാത്രമല്ല കൃത്യമായ ഒരു സിക്സ് ഹിറ്റിങ് കഴിവുള്ള താരമാണ് ദുബെ. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിലെ സ്ഥിരാംഗവുമാണ് താരം. 2025 ഐപിഎല്ലില്ലും ചെന്നൈ ദുബെയെ നിലനിർത്തും.

4. മതീഷ പതിരാന

ജൂനിയർ മലിംഗ എന്നറിയപ്പെടുന്ന താരമാണ് ശ്രീലങ്കയുടെ മതീഷ പതിരാന. ചെന്നൈ ടീമിൽ എത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് താരത്തിന്റെ ബോളിങ്ങിന് ലഭിച്ചിട്ടുള്ളത്. മലിംഗയെ ഓർമിപ്പിക്കുന്ന സ്ലിംഗിംഗ് ബോളിംഗ് സ്റ്റൈലാണ് താരത്തിന്റെ വലിയ ശക്തി. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഐപിഎൽ സീസണുകളിലൊക്കെയും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 20 മത്സരങ്ങളിൽ നിന്നും 34 വിക്കറ്റുകളാണ് ഈ താരം നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ വജ്രായുധമായിരുന്ന പതിരാന 2025ലും ടീമിൽ ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Previous article“വാലറ്റക്കാരിൽ നിന്ന് റൺസ് പ്രതീക്ഷിക്കരുത്, പക്ഷേ അവർക്ക് സാമാന്യബോധം വേണം”. മുൻ ഇന്ത്യൻ താരം
Next articleഇന്ത്യയ്ക്ക് തിരിച്ചടിയായത് ഗംഭീറിന്റെയും രോഹിതിന്റെയും ആ മണ്ടൻ തന്ത്രം. മുൻ താരങ്ങൾ പറയുന്നു..