“ധോണിയല്ല, ഋതുരാജാണ് ക്യാപ്റ്റൻ. അവനെ സ്‌ക്രീനിൽ കാണിക്കൂ”. വിമർശനവുമായി സേവാഗ്.

Virender Sehwag

ചില വമ്പൻ മാറ്റങ്ങളുമായാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിനായി ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങിയത്. മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പകരം ഋതുരാജ് ഗൈക്വാഡാണ് ഇത്തവണ ചെന്നൈയുടെ നായകൻ. നായകനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ബാംഗ്ലൂരിനെതിരെ വമ്പൻ വിജയം സ്വന്തമാക്കാൻ ഋതുരാജിന് സാധിച്ചു. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

ഋതുരാജ് നായകനായി കളത്തിൽ തുടർന്നപ്പോഴും ക്യാമറ കണ്ണുകളും ആരാധക വൃന്ദങ്ങളും ധോണിയുടെ പിന്നാലെയായിരുന്നു എന്നതാണ് ഐപിഎല്ലിലെ ആദ്യ ദിവസത്തെ സവിശേഷത. ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.

കളിയിൽ ഭൂരിഭാഗം സമയത്തും ക്യാമറയുടെ കണ്ണുകൾ ചെന്നൈയുടെ മുൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയിലേക്ക് എത്തിയതാണ് സേവാഗിനെ ചൊടിപ്പിച്ചത്. മത്സരത്തിന്റെ കമന്ററി ബോക്സിൽ ഉണ്ടായിരുന്ന സേവാഗ് ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു.

2024 ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് മാത്രമായിരുന്നു നാടകീയമായ രീതിയിൽ ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ശേഷമാണ് ഋതുരാജ് ചുമതലയേറ്റത്. പക്ഷേ ചെന്നൈയും ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിനിടെ ഋതുരാജിനെ സ്ക്രീനിൽ കാണാൻ സാധിച്ചത് കേവലം കുറച്ച് സമയം മാത്രമാണ്.

See also  2 ബോളിൽ 2 റിവ്യൂ നശിപ്പിച്ച് പാണ്ഡ്യ. മണ്ടൻ തീരുമാനങ്ങളുടെ ആറാട്ട്.

സ്ക്രീനിൽ കൂടുതൽ സമയവും ധോണി നിറഞ്ഞു നിൽക്കുന്നതാണ് കാണാൻ സാധിച്ചത്. ഇത്തരത്തിൽ ധോണിയെ മാത്രം ഫോക്കസ് ചെയ്യുന്നത് ശരിയല്ല എന്നാണ് സേവാഗ് കമന്ററി ബോക്സിൽ പറഞ്ഞത്. മുഴുവൻ സമയവും ധോണിയുടെ മുഖത്ത് ക്യാമറ പതിപ്പിച്ചതിനാൽ തന്നെ ക്യാമറാമാന് സേവാഗ് നിർദ്ദേശം നൽകുകയുണ്ടായി.

“ഭായ്, ഇടയ്ക്ക് ഋതുരാജിന്റെ മുഖം കൂടി ഒന്ന് കാണിക്കൂ. 1-2 തവണ കാണിച്ചാൽ മതി. അവനും ഒരു നായകനാണ്. ധോണിയുടെ മുഖം മാത്രമാണ് എനിക്ക് കാണാൻ സാധിക്കുന്നത്.”- സേവാഗ് കമന്ററി ബോക്സിൽ പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്‌സിനെ 5 തവണ കിരീടം ചൂടിച്ച നായകനാണ് മഹേന്ദ്ര സിംഗ് ധോണി. അതിനാൽ തന്നെ ചെന്നൈയിൽ ഒത്തുകൂടിയ മുഴുവൻ ആരാധകരും ധോണിയെ അങ്ങേയറ്റം സ്നേഹിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നവരാണ്. മാത്രമല്ല ഇത് തന്റെ അവസാന ഐപിഎൽ സീസണാവും എന്ന് ധോണി ഇതിനോടകം തന്നെ സൂചനയും നൽകി കഴിഞ്ഞു.

അതിനാൽ കൂടുതൽ ആരാധകരും ധോണിയെ കാണാനായാണ് മത്സരങ്ങൾക്കായി എത്താറുള്ളത്. ഈ സാഹചര്യത്തിലാണ് ക്യാമറ കണ്ണുകളും പലപ്പോഴും ധോണിയുടെ അടുത്തേക്ക് ചലിക്കുന്നത്.

Scroll to Top