ദുലീപ് ട്രോഫിയിലും മാറ്റമില്ല, വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു. നേടിയത് 5 റൺസ് മാത്രം.

GXViadMboAAhqG9

ദുലീപ് ട്രോഫിയിലും തനിക്ക് ലഭിച്ച അവസരം മുതലാക്കാനാവാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഇന്ത്യ ഡി ടീമിനായി മൈതാനത്ത് എത്തിയ സഞ്ജു സാംസണ് 6 പന്തുകളിൽ 5 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മത്സരത്തിൽ ഇന്ത്യ ഡി ടീമിന്റെ അഞ്ചാം നമ്പർ താരമായി ആയിരുന്നു സഞ്ജു സാംസൺ എത്തിയത്.

സഞ്ജുവിനെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയാണ് മത്സരത്തിൽ ലഭിച്ചത്. പക്ഷേ ഒരു അനാവശ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു സാംസൺ തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. സഞ്ജുവിന്റെ ഈ നിരാശാജനകമായ പ്രകടനം ആരാധകർക്ക് വലിയ രീതിയിൽ തിരിച്ചടി സമ്മാനിക്കും എന്ന് ഉറപ്പാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 290 റൺസ് ആയിരുന്നു ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയത്. അർദ്ധസെഞ്ച്വറി സ്വന്തമാക്കിയ ഷംസ് മുളണിയും തനുഷ് കൊട്ടിയനുമാണ് ഇന്ത്യ എ ടീമിന് ഭേദപ്പെട്ട സ്കോർ നൽകിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഡി ടീമിനായി ദേവദത്ത് പടിക്കൽ മാത്രമാണ് പിടിച്ചുനിന്നത്. നായകൻ ശ്രേയസ് അയ്യർ പൂജ്യനായി മടങ്ങുകയുണ്ടായി. ശേഷമാണ് സഞ്ജു സാംസണ് മുമ്പിലേക്ക് വലിയ അവസരം വന്നത്. മത്സരത്തിൽ താൻ നേരിട്ട രണ്ടാം പന്തിൽ തന്നെ ആക്കിബ് ഖാനെതിരെ ഒരു ബൗണ്ടറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷ തന്നെയാണ് നൽകിയത്. എന്നാൽ പിന്നീട് സഞ്ജു കളി മറക്കുകയായിരുന്നു.

Read Also -  9 റൺസ് വഴങ്ങി 4 വിക്കറ്റ്. അക്ഷയ് ചന്ദ്രന് മുമ്പിൽ മുട്ടുമടക്കി ട്രിവാൻഡ്രം. ആലപ്പിയ്ക്ക് വമ്പൻ വിജയം.

ഇന്നിംഗ്സിന്റെ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ഒരു പുൾ ഷോട്ടിന് കളിക്കവെയാണ് സഞ്ജു സാംസൻ പുറത്തായത്. ആഖിബ് എറിഞ്ഞ പന്ത് ഒരു ഷോട്ട് പിച്ച് ബോൾ ആയിരുന്നു. പന്തിന്റെ ലെങ്ത് കൃത്യമായി മനസ്സിലാക്കിയ സഞ്ജു പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ചു. എന്നാൽ പന്ത് പിച്ചിൽ അല്പം ഹോൾഡ് ചെയ്യുകയും, സഞ്ജുവിന്റെ ഷോട്ട് അല്പം നേരത്തെയായി മാറുകയും ചെയ്തു. ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് മിഡ് ഓണിൽ നിന്ന ഫീൽഡറുടെ കൈകളിലേക്ക് എത്തുകയായിരുന്നു. പ്രസീദ് കൃഷ്ണ ഒരു ഡൈവിങ്ങോടുകൂടിയാണ് പന്ത് കൈപ്പിടിയിൽ ഒതുക്കിയത്.

ഇതോടെ 6 പന്തുകളില്‍ 5 റൺസ് നേടിയ സഞ്ജു സാംസൺ പുറത്താവുകയാണ് ഉണ്ടായത്. വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് സഞ്ജു മത്സരത്തിൽ പുറത്തെടുത്തത്. ഒരുവശത്ത് ഇഷാൻ കിഷൻ അടക്കമുള്ള വിക്കറ്റ് കീപ്പർമാർ സെഞ്ച്വറി പ്രകടനങ്ങളുമായി മികവ് പുലർത്തുമ്പോൾ, മറുവശത്ത് സഞ്ജു ടെസ്റ്റ് മത്സരങ്ങളിൽ പരാജയപ്പെടുന്നതാണ് കാണുന്നത്. വലിയ കാത്തിരിപ്പിന് ശേഷമായിരുന്നു സഞ്ജുവിന് ദുലീപ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ആദ്യ അവസരം സഞ്ജു വലിച്ചെറിഞ്ഞിരിക്കുന്നു.

Scroll to Top