“കോഹ്ലിയുടെയും രോഹിതിന്റെയും നിഴലിനടിയിലാണ് അവന്റെ കരിയർ”, ഇന്ത്യൻ താരത്തെ പറ്റി ആകാശ് ചോപ്ര.

virat kohli and rohit sharma

ഇന്ത്യക്കായി കഴിഞ്ഞ സമയങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് കെഎൽ രാഹുൽ. പലപ്പോഴും ഇന്ത്യ പ്രതിസന്ധിയിലാവുമ്പോൾ രക്ഷകനായി രാഹുൽ അവതരിക്കാറുണ്ട്. എന്നിരുന്നാലും മതിയായ രീതിയിൽ ഇന്ത്യൻ ടീമിന്റെ സ്ഥിര സാന്നിധ്യമായി മാറാൻ രാഹുലിന് കഴിഞ്ഞ കാലയളവിൽ സാധിച്ചിട്ടില്ല.

ഇന്ത്യയെ സംബന്ധിച്ച് രാഹുൽ ഒരു നിർഭാഗ്യവാനായ താരമാണ് എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുകയുണ്ടായി. വളരെ നന്നായി ബാറ്റ് ചെയ്യുന്ന താരമായിട്ടും വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും നിഴലിൽ പെട്ടുപോയ താരമാണ് രാഹുൽ എന്ന് ചോപ്ര കരുതുന്നു. എന്നിരുന്നാലും രാഹുൽ ഇനിയും ഇന്ത്യക്കായി ഒരുപാട് നാൾ ഒരുപാട് റൺസ് സ്വന്തമാക്കുമെന്നും ചോപ്ര പറയുകയുണ്ടായി.

“ഒരു ബാറ്റർ എന്ന നിലയ്ക്ക് കെഎൽ രാഹുലിനെ എനിക്ക് വലിയ ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ അവൻ സ്കോർ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ അവൻ ബാറ്റിംഗ് നന്നായി ചെയ്യുകയാണെങ്കില്‍ ഇന്ത്യയുടെ ദേശീയ ടീമിനായി ഒരുപാട് നാളുകൾ അവന് കളിക്കാൻ സാധിക്കും. നിലവിലെ രാഹുലിന്റെ സാഹചര്യം വളരെ വ്യത്യസ്തമാണ്. രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും നിഴലിനടിയിൽപ്പെട്ട സാഹചര്യമാണ് രാഹുലിനുള്ളത്. അവർ രണ്ടുപേരും വലിയ താരങ്ങൾ തന്നെയാണ്. മാത്രമല്ല കെഎൽ രാഹുലും ഒരുപാട് പ്രതിഭയുള്ള താരമാണ് എന്ന് നമ്മൾ മറക്കരുത്.”- ആകാശ് ചോപ്ര പറഞ്ഞു.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.
kohli and rahul

“ഇന്ത്യൻ ടീം തങ്ങളുടെ പ്രധാന താരമായി ഒരു സമയത്ത് രാഹുലിനെ കണ്ടിരുന്നു. പക്ഷേ ടീമിന്റെ സാഹചര്യങ്ങൾ പെട്ടെന്ന് തന്നെ മാറിമറിയുകയും ഇന്ത്യൻ ക്രിക്കറ്റ് രാഹുലിന് എതിരായി വരികയും ചെയ്തു. അതിന് ശേഷം ഒരുപാട് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തി. അവനെപ്പോലെയുള്ള ഒരുപാട് പ്രതിഭകൾ ടീമിലെത്തിയതോടെ അവന്റെ ടീമിലെ സ്ഥിരസാന്നിധ്യം നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലും, ഞാനായിരുന്നുവെങ്കിൽ രാഹുലിനെ ടീമിൽ നിലനിർത്തുമായിരുന്നു. കാരണം വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ ഇന്ത്യക്കായി അവൻ ഒരുപാട് റൺസ് സ്വന്തമാക്കിയിട്ടുണ്ട്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ 2 ടെസ്റ്റ് മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കുകയാണ്. ഇതിനായുള്ള ടെസ്റ്റ് സ്ക്വാഡിലേക്ക് രാഹുലിനെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യ ടീമിൽ രാഹുലിനെ കളിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ സമയത്ത് മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം സർഫറാസ് ഖാനാണ് ഇപ്പോൾ രാഹുലിന്റെ ടീമിലെ സ്ഥാനത്തിന് വലിയ വെല്ലുവിളി ഉണ്ടാക്കുന്നത്. എന്നിരുന്നാലും ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ടീമിൽ കളിക്കാൻ അവസരം ലഭിച്ചാൽ രാഹുൽ അത് മുതലാക്കും എന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top