ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഒരുപാട് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക കേവലം 55 റൺസിന് ഓൾഔട്ട് ആവുകയുണ്ടായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആയിരുന്നു ബോളിങ്ങിൽ തിളങ്ങിയത്.
സിറാജ് മത്സരത്തിൽ 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് മുൻനിര ബാറ്റർമാർ നൽകിയത്. എന്നാൽ അത് മുതലെടുക്കുന്നതിൽ മധ്യനിര പരാജയപ്പെടുകയുണ്ടായി. 153ന് 4 എന്ന ശക്തമായ നിലയിൽ നിന്ന് ഇന്ത്യ ഒരു റൺപോലും കൂട്ടിച്ചേർക്കാനാവാതെ ഓൾഔട്ട് ആവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 98 റൺസിന്റെ ലീഡ് സ്വന്തമാക്കിയെങ്കിലും വളരെ നിരാശാജനകമായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്.
പിന്നീട് രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 62ന് 3 എന്ന നിലയിലാണ്. 23 വിക്കറ്റുകളാണ് മത്സരത്തിന്റെ ആദ്യ ദിവസം കൊഴിഞ്ഞത്. ഇത്തരം ഒരു ബാറ്റിംഗ് ദുരന്തത്തിന് പ്രധാന കാരണമായി മാറിയത് പിച്ചിന്റെ മോശം അവസ്ഥയും ബാറ്റർമാരുടെ നൂതന ശൈലിയുമാണ് എന്നാണ് ഇന്ത്യൻ തരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞിരിക്കുന്നത്.
പിച്ചിന്റെ ബോളിങ്ങിന് അനുകൂലമായ സമീപനവും, പുതിയ തലമുറയുടെ ബാറ്റിംഗ് രീതിയും മത്സരത്തിന്റെ ആദ്യ ദിവസം ഉയർന്നുനിന്നു എന്ന് മഞ്ജരേക്കർ പറയുന്നു. ഒപ്പം ബോളർമാർ തങ്ങൾക്ക് ലഭിച്ച സാഹചര്യം നന്നായി മുതലാക്കി എന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
“പിച്ചിന് മത്സരത്തിന്റെ ആദ്യ ദിവസം ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ഒപ്പം പുതിയ തരത്തിലുള്ള ബാറ്റിംഗ് ശൈലിയും മത്സരത്തിന്റെ ആദ്യ ദിവസം പ്രതിഫലിച്ചു. ബാറ്റർമാരാരും തന്നെ പ്രധാനമായി പ്രതിരോധാത്മകമായ സമീപനം സ്വീകരിച്ചില്ല. നിലവിൽ മുൻഗണനയുടെ കാര്യത്തിലേക്ക് വന്നാൽ മൂന്നാമത്തെ ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. “
“അതിനാൽ തന്നെ ഇത്തരം സമീപനങ്ങൾ പ്രതീക്ഷിക്കാം. മാത്രമല്ല പിച്ചിന് ഇത്തരത്തിൽ ഒരു ജീവനുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും. കേപ്ടൗണിൽ ബോൾ ചെയ്തവരൊക്കെയും ഓരോ മുനമ്പുമായാണ് വന്നത് എന്ന് തോന്നി.”- മഞ്ജരേക്കർ പറയുന്നു.
“മത്സരത്തിന്റെ ആദ്യ ദിവസത്തെ പ്രധാന ഘടകം ബോളിംഗ് പ്രകടനം തന്നെയായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ബാറ്റ് ചെയ്ത് 55 റൺസിന് ഔൾ ഔട്ടായി. ഇന്ത്യക്കായി വളരെ മികച്ച ബോളിംഗ് പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത്. മുകേഷ് കുമാർ മികച്ച പിന്തുണയും നൽകി. ഈ രണ്ടു ബോളർമാരും ആദ്യ ഇന്നിങ്സിൽ മികവ് പുലർത്തി. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡയായിരുന്നു നല്ല രീതിയിൽ പന്തറിഞ്ഞത്. ഇരു ടീമുകളിൽ നിന്നും ഇത്തരം ഒരു ബാറ്റിംഗ് ദുരന്തം ഉണ്ടാവുമ്പോൾ ഇരു ടീമുകളുടെയും ബോളർമാർ മത്സരത്തിൽ ആധിപത്യം പുലർത്തി എന്ന് തന്നെ വിശ്വസിക്കാം.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.