ദുബെ വെറും “ഹോം ബുള്ളി”, അമേരിക്കൻ പിച്ചിൽ മുട്ടുവിറയ്ക്കുന്നു. പകരം സഞ്ജു കളിക്കണമെന്ന ആവശ്യം ഉയരുന്നു.

ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ആവേശത്തിലാക്കിയ മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ന്യൂയോർക്കിൽ നടന്നത്. ഒരു ലോ സ്കോറിംഗ് ത്രില്ലർ മത്സരത്തിൽ 6 റൺസിന് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തുകയുണ്ടായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കേവലം 119 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്.

മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 113 റൺസിൽ അവസാനിക്കുകയായിരുന്നു. പക്ഷേ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ മത്സരത്തിൽ കാഴ്ചവച്ചത്. ന്യൂയോർക്കിലെ പിച്ച് പലപ്പോഴും ബോളിങ്ങിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ബാറ്റർമാരുടെ നിലവാരം വിലയിരുത്തുമ്പോൾ, പിച്ചിനെ നിരീക്ഷിച്ച മുൻപോട്ടു പോകാൻ സാധിച്ചില്ല എന്ന് നിസംശയം പറയാൻ സാധിക്കും. ഇന്ത്യയുടെ മധ്യനിര ബാറ്റർ ശിവം ദുബയുടെ പ്രകടനമാണ് മത്സരത്തിന് ശേഷം ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തതിന് ശേഷമായിരുന്നു ദുബെയെ ഇന്ത്യ തങ്ങളുടെ ലോകകപ്പ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്. മധ്യനിരയിൽ ഇന്ത്യയ്ക്കായി സ്പിന്നിനെതിരെ ആക്രമണം അഴിച്ചുവിടാൻ ദുബെയ്ക്ക് കഴിവുണ്ട് എന്നായിരുന്നു അന്ന് സെലക്ടർമാർ വിലയിരുത്തിയത്. എന്നാൽ ഇന്ത്യയുടെ ലോകകപ്പിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലും, പാക്കിസ്ഥാനെതിരായ മത്സരത്തിലും ഒരു ടെസ്റ്റ് ബാറ്ററുടെ പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്. പാക്കിസ്ഥാനെതിരെ 9 പന്തുകൾ നേരിട്ട് ദുബെ കേവലം 3 റൺസ് മാത്രമാണ് നേടിയത്.

ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് തങ്ങൾ ദുബെയെ കളിപ്പിക്കുന്നത് എന്ന് രോഹിത് ശർമ മുൻപ് പറയുകയുണ്ടായിm എന്നാൽ ദുബെയെ ബോളിങ്ങിൽ ഉപയോഗിക്കാനും രോഹിത്തിന് സാധിക്കുന്നില്ല. ഓരോവർ പോലും രോഹിത് ദുബെയ്ക്ക് നൽകിയിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ ബാറ്റിംഗിൽ പരാജയമായ ദുബെയെ എന്തിനാണ് വീണ്ടും ടീമിൽ ഉൾപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു.

ഇതിനൊപ്പം മലയാളി താരം സഞ്ജു സാംസന് ഇന്ത്യ കൂടുതൽ അവസരം നൽകണമെന്ന ആവശ്യവും ഉയരുകയാണ്. പക്ഷേ ഇന്ത്യ സഞ്ജുവിനെ ഇനിയും കളിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിനുള്ള പ്രധാന കാരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത് രോഹിത് ശർമയാണ്. കാരണം നിലവിലെ രോഹിത്തിന്റെ പദ്ധതികളിൽ സഞ്ജുവിന് ടീമിൽ ഇടമില്ല.

ഓപ്പണിങ് ഒഴിച്ച് മറ്റൊരു ബാറ്റിംഗ് പൊസിഷനെ സംബന്ധിച്ചും ഉറപ്പു പറയാൻ സാധിക്കില്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. പക്ഷേ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ പന്ത് ഇന്ത്യക്കായി മൂന്നാം നമ്പറിൽ തുടരാനാണ് സാധ്യത. കോഹ്ലിയും രോഹിത്തും ഓപ്പണറായി ക്രീസിലെത്തുകയും മൂന്നാം നമ്പറിൽ ഇടംകയ്യനായ പന്ത് തുടരുകയും ചെയ്യുമ്പോൾ സഞ്ജുവിനെ ഒരുകാരണവശാലും ഇന്ത്യ കളിപ്പിക്കില്ല.

പിന്നീട് മധ്യനിരയിൽ ഇന്ത്യയ്ക്ക് സഞ്ജുവിനെ കളിപ്പിക്കാൻ ധൈര്യവുമില്ല. കാരണം ടോപ്പ് ഓർഡറിൽ മികവ് പുലർത്തുന്ന താരമാണ് സഞ്ജു. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ കോഹ്ലിയും രോഹിതും പന്തും സഞ്ജുവിന് വിലങ്ങു തടിയായി നിൽക്കുന്നു.

Previous articleഎന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബർ ആസം
Next articleപാകിസ്ഥാനെതിരെ കണ്ടത് ഇന്ത്യയുടെ അഹങ്കാരം. ഇത് അയർലൻഡല്ല, പാകിസ്ഥാനാണ്. ഗവാസ്കറുടെ വിമർശനം.