ഡൽഹിയ്ക്ക് നിർണായക വിജയം.. പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാൻ.. ലക്നൗ തുലാസിൽ..

ലക്നൗവിനെതിരായ മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 19 റൺസിന്റെ ഉഗ്രൻ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ലക്നൗ യുവതാരം അർഷദ് ഖാന്റെയും നിക്കോളാസ് പൂറാന്റെയും പോരാട്ടങ്ങൾക്ക് അറുതി വരുത്തിയാണ് ഡൽഹി മത്സരത്തിൽ വിജയം സ്വന്തമാക്കിയത് ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്താൻ ഡൽഹിക്ക് സാധിച്ചിട്ടുണ്ട്. മറുവശത്ത് ലക്നൗ ടൂർണമെന്റിൽ നിന്ന് പുറത്താവാനുള്ള സാധ്യതയും വർദ്ധിച്ചിട്ടുണ്ട്.

ആവേശകരമായ മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ വളരെ മികച്ച തുടക്കമാണ് ലക്നൗവിന് ലഭിച്ചത്. ഡൽഹി ഓപ്പണർ ഫ്രീസർ മക്ഗർക്കിനെ(0) തുടക്കത്തിൽ തന്നെ പുറത്താക്കാൻ ലക്നൗവിന് സാധിച്ചു. എന്നാൽ പിന്നീട് അഭിഷേക് പോറലും ഹോപ്പും ചേർന്ന് ഒരു വെടിക്കെട്ട് കൂട്ടുകെട്ട് ഡൽഹിക്കായി കെട്ടിപ്പടുത്തു. 92 റൺസ് ആണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പോറൽ 33 പന്തുകളിൽ 5 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 58 റൺസാണ് നേടിയത്. ഹോപ്പ് 38 റൺസ് നേടി. പിന്നീടെത്തിയ നായകൻ പന്തും 23 പന്തുകളിൽ 33 റൺസുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ഡൽഹി കുതിച്ചു.

ഡൽഹിയുടെ അവസാന ഓവറുകളിൽ കാണാൻ സാധിച്ചത് ട്രിസ്റ്റൻ സ്റ്റബ്സിന്റെ ഒരു വെടിക്കെട്ട് തന്നെയായിരുന്നു. ലക്നൗ ബോളർമാരെ പൂർണമായും പഞ്ഞിക്കിട്ട സ്റ്റബ്സ് 25 പന്തുകളിൽ 57 റൺസ് നേടി പുറത്താവാതെ നിന്നു. 3 ബൗണ്ടറികളും 4 സിക്സറുകളും താരം മത്സരത്തിൽ നേടി. ഇങ്ങനെ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 208 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ലക്നൗവിന് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്. ഡികോക്ക്(12) രാഹുൽ(5) സ്റ്റോയിനിസ്(5) ഹൂഡ(0) ബഡോണി(6) എന്നിവർ ചെറിയ ഇടവേളയിൽ തന്നെ കൂടാരം കയറിയത് ലക്നൗവിനെ ബാധിച്ചു. എന്നാൽ ഒരുവശത്ത് നിക്കോളാസ് പൂറാന്റെ ഒറ്റയാൾ പോരാട്ടമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.

പൂറൻ മത്സരത്തിൽ പൂർണ്ണമായ അഴിഞ്ഞാട്ടം നടത്തി. 27 പന്തുകൾ നേരിട്ട പൂറൻ 6 ബൗണ്ടറികളും 4 സിക്സറുകളും അടക്കം 61 റൺസാണ് നേടിയത്. മറുവശത്തു നിന്ന് പിന്തുണ ഉണ്ടാവാതിരുന്നിട്ടും പൂറൻ അടിച്ചു തകർക്കുകയായിരുന്നു. പക്ഷേ പൂറാൻ പുറത്തായതോടെ മത്സരത്തിൽ ഡൽഹി അനായാസ വിജയം സ്വന്തമാക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു എന്നാൽ വാലറ്റത്ത് അർഷദ് ഖാന്റെ ഒരു കടന്നാക്രമണമാണ് പിന്നീട് കണ്ടത്. അവസാന ഓവറുകളിൽ അർഷാദ് ഒറ്റയാൾ പോരാട്ടം നയിക്കുകയായിരുന്നു. 26 പന്തുകളിലാണ് അർഷാദ് ഖാൻ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ മറുവശത്തു നിന്ന് അർഷദിന് ആവശ്യമായ പിന്തുണ ലഭിച്ചില്ല. അവസാന ഓവറിൽ 23 റൺസ് ആയിരുന്നു ലക്നവിന് ആവശ്യം. എന്നാൽ ലക്നൗ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.

Previous articleഇപ്പോളത്തെ ഫോം നോക്കണ്ട. ലോകകപ്പിൽ രോഹിത് ഫോം ആകും. ഗാംഗുലിയുടെ പിന്തുണ.
Next articleമോശം താരങ്ങളെ ബെസ്റ്റ് പ്ലയറാക്കി മാറ്റിയവൻ. സ്റ്റീഫൻ ഫ്ലമിങ് ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനത്തേക്ക് പരിഗണനയിൽ.