ഡൽഹിയ്ക്കെതിരെ തിളങ്ങാനാവാതെ സഞ്ജു. കേവലം 15 റൺസിന് പുറത്ത്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട് സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും കേവലം 15 റൺസ് മാത്രമേ രാജസ്ഥാന്റെ നായകന് നേടാൻ സാധിച്ചുള്ളൂ.

ആദ്യ മത്സരത്തിൽ തകർപ്പൻ അർത്ഥ സെഞ്ച്വറിയുമായി തിളങ്ങിയ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ വിളിച്ചോതുന്ന മത്സരമാണ് ജയ്പൂരിൽ നടന്നത്. മത്സരത്തിൽ ഒരു സുവർണാവസരം കൈവന്നിട്ടും സഞ്ജുവിന് അത് മുതലാക്കാൻ സാധിക്കാതെ പോയത് ആരാധകർക്കിടയിൽ പോലും വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അപകടകാരികളായ രാജസ്ഥാൻ ഓപ്പണർമാർക്കെതിരെ കരുതലോടെയാണ് ഡൽഹി ആരംഭിച്ചത്. അതിനാൽ തന്നെ ജയസ്വാളിനെ(5) തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഡൽഹിക്ക് സാധിച്ചു.

ശേഷമായിരുന്നു സഞ്ജു സാംസൺ ക്രിസിലെത്തിയത്.താരതമ്യേന ബാറ്റിംഗിന് അത്ര അനുകൂലമല്ലാത്ത പിച്ചാണ് ജയ്പൂരിലെത്. ആദ്യ പന്തുകളിൽ വളരെ കരുതലോടെയാണ് സഞ്ജു ബാറ്റ് വീശിയത്. ശേഷം തന്റെ ആക്രമണ മനോഭാവത്തിലേക്ക് സഞ്ജു സാംസൺ തിരിച്ചെത്തുന്നതാണ് കാണാൻ സാധിച്ചത്.

മത്സരത്തിൽ രാജസ്ഥാന്റെ ഇന്നിങ്സിലെ നാലാം ഓവറിൽ മുകേഷ് കുമാറിനെതിരെ തുടർച്ചയായി ബൗണ്ടറുകൾ സ്വന്തമാക്കിയാണ് സഞ്ജു തന്റെ വരവ് അറിയിച്ചത്. ക്ലാസ്സ് ഷോട്ടുകളുമായി തുടർച്ചയായി 3 ബൗണ്ടറികളാണ് ഓവറിൽ സഞ്ജു നേടിയത്.

ഇതോടെ സഞ്ജു രണ്ടാം മത്സരത്തിലും തകർത്തടിക്കും എന്ന സൂചനകൾ ലഭിച്ചു. പക്ഷേ നിരാശ മാത്രമായിരുന്നു ഫലം. ഖലീൽ അഹമ്മദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പന്തിന് ക്യാച്ച് നല്കിയാണ് സഞ്ജു സാംസൺ കൂടാരം കയറിയത്. 14 പന്തുകളിൽ കേവലം 15 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്.

കഴിഞ്ഞ ഐപിഎൽ സീസണുകളിൽ ഒക്കെയും ആദ്യ മത്സരത്തിൽ വമ്പൻ പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ സഞ്ജു സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടുത്തത് നിരാശ സമ്മാനിച്ചിരുന്നു. ഇത്തവണ ട്വന്റി20 ലോകകപ്പടക്കമുള്ള വമ്പൻ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിൽ നിന്ന് സ്ഥിരതയാർന്ന പ്രകടനം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പക്ഷേ ആദ്യ മത്സരത്തിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സഞ്ജു രണ്ടാം മത്സരത്തിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. വരും മത്സരങ്ങളിൽ സഞ്ജു ഫോമിലേക്ക് തിരികെയെത്തി തകർത്തടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകവൃന്ദം.

Previous articleപ്രസീദ്ദ് കൃഷ്ണക്ക് പകരം താരത്തെ പ്രഖ്യാപിച്ചു. എത്തുന്നത് സൗത്താഫ്രിക്കയില്‍ നിന്നും.
Next articleഎന്തുകൊണ്ട് രാജസ്ഥാന്‍ പിന്തുണക്കുനു എന്നതിന് ഉത്തരം നല്‍കി റിയാന്‍ പരാഗ്. നാലാം നമ്പറില്‍ എത്തി ടീമിനെ മികച്ച നിലയില്‍ എത്തിച്ചു.