ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം കയ്യടക്കി ഇന്ത്യൻ ടീം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലാൻഡ് പരാജയപ്പെട്ടതോടെയാണ് കിവികളെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നിലവിൽ 64.58 പോയിന്റ് ശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്.
60 പോയിന്റ് ശതമാനമുള്ള ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. 59.09 വിജയ ശതമാനമുള്ള ഓസ്ട്രേലിയയാണ് ടേബിളിൽ മൂന്നാം സ്ഥാനത്ത് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ മാർച്ച് ധർമശാലയിൽ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വളരെ നിർണായകമായിട്ടുണ്ട്.
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 172 റൺസിന്റെ വമ്പൻ വിജയമായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്. 10 വിക്കറ്റുകൾ സ്വന്തമാക്കിയ ലയണാണ് മത്സരത്തിൽ ഓസ്ട്രേലിയയുടെ തുറുപ്പ് ചീട്ടായി മാറിയത്. ഇതിന് ശേഷമാണ് പോയിന്റ്സ് ടേബിളിൽ വലിയ രീതിയിൽ ചലനങ്ങളുണ്ടായത്. ഇതുവരെ 8 ടെസ്റ്റ് മത്സരങ്ങൾ ഈ സർക്കിളിൽ കളിച്ച ഇന്ത്യ 5 വിജയങ്ങളും 2 പരാജയങ്ങളുമാണ് നേരിട്ടുള്ളത്. ഇതോടെ 62 പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
മറുവശത്ത് കിവിസ് 5 ടെസ്റ്റ് മത്സരങ്ങൾ ഇതുവരെ കളിച്ചപ്പോൾ 3 മത്സരങ്ങളിൽ വിജയം നേടുകയും 2 മത്സരങ്ങളിൽ പരാജയം നേരിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 60 പോയിന്റ് ശതമാനവുമായി ന്യൂസിലാൻഡ് നിൽക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് 7 വിജയങ്ങൾ സ്വന്തമാക്കിയ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തിനായുള്ള കുതിപ്പിൽ സജീവമാണ്. ഓസ്ട്രേലിയക്ക് പിന്നിലായി ബംഗ്ലാദേശാണ് നാലാം സ്ഥാനത്ത് തുടരുന്നത്. ഇതുവരെ 2 മത്സരങ്ങൾ മാത്രമാണ് ഈ സർക്കിളിൽ ബംഗ്ലാദേശ് കളിച്ചിട്ടുള്ളത്. ഇതിൽ ഒരു മത്സരം വിജയിച്ച അവർക്ക് 50 പോയിന്റ് ശതമാനമാണ് നിലവിലുള്ളത്.
മറുവശത്ത് ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളെ സംബന്ധിച്ച് വളരെ ദയനീയമായ അവസ്ഥയാണുള്ളത്. ഇതുവരെ 9 മത്സരങ്ങളിൽ 3 മത്സരങ്ങൾ മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചിട്ടുള്ളത്. 5 മത്സരങ്ങൾ അവർ പരാജയപ്പെട്ടതിനാൽ തന്നെ പോയിന്റ്സ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് നിലനിൽക്കുന്നത്.
21 പോയിന്റ്കളാണ് ഇംഗ്ലണ്ടിനുള്ളത്. 19.44 പോയിന്റ് ശതമാനമാണ് ഇംഗ്ലണ്ടിന് നേടാൻ സാധിച്ചിട്ടുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള ശ്രീലങ്ക 2 മത്സരങ്ങൾ കളിച്ചപ്പോൾ 2 മത്സരങ്ങളിലും പരാജയം നേരിടുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് അഞ്ചാം ടെസ്റ്റിന് മുൻപ് വലിയൊരു സന്തോഷ വാർത്തയാണ് ഈ മുന്നോട്ടുപോക്ക്.