പട്ടിദാറിനെ ഇന്ത്യ അഞ്ചാം ടെസ്റ്റിലും കളിപ്പിക്കും. അവസരങ്ങൾ നൽകാൻ ഇന്ത്യൻ ടീം.

rajat patidar

തന്റെ ടെസ്റ്റ് കരിയറിൽ അത്ര മികച്ച തുടക്കമല്ല രജത് പട്ടിദാറിന് ലഭിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ശേഷമാണ് ഇന്ത്യൻ ടീം പട്ടിദാറിനെ തങ്ങളുടെ ദേശീയ ടീമിലേക്ക് ക്ഷണിച്ചത്. എന്നാൽ ആ പ്രകടനം തന്റെ തുടക്ക മത്സരങ്ങളിൽ ആവർത്തിക്കാൻ പട്ടിദാറിന് സാധിച്ചില്ല.

വിരാട് കോഹ്ലി, രാഹുൽ എന്നിവരുടെ ഒഴിവിലേക്കെത്തിയ പട്ടിദാർ ഇതുവരെ ഓർത്തിരിക്കാൻ പാകത്തിനുള്ള ഇന്നിങ്സ് കാഴ്ചവെച്ചിട്ടില്ല. ഇതുവരെ 6 ഇന്നിസുകളിൽ നിന്ന് കേവലം 63 റൺസ് മാത്രമാണ് ഈ താരം നേടിയിട്ടുള്ളത്. 10.5 എന്ന ശരാശരിയിലാണ് പട്ടിദാർ കളിക്കുന്നത്.

മാത്രമല്ല ക്രീസിൽ പട്ടിദാറിന് കാര്യങ്ങൾ അത്ര എളുപ്പമാകുന്നുമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ അവസാന ടെസ്റ്റിൽ പട്ടിദാറിനെ മാറ്റിനിർത്തും എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യ ഇനിയും പട്ടിദാറിന് അവസരം കൊടുക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

അഞ്ചാം ടെസ്റ്റ് മത്സരത്തിൽ പട്ടിദാറിനെ മാറ്റിനിർത്തി ദേവദത്ത് പഠിക്കലിന് ഇന്ത്യ അവസരം നൽകുമെന്നായിരുന്നു മുമ്പ് വന്ന റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ പഠിക്കലിന്റെ അരങ്ങേറ്റ മത്സരമാവും അഞ്ചാം ടെസ്റ്റ്. പക്ഷേ ഇപ്പോൾ മറ്റൊരു ബിസിസിഐ ഉറവിടത്തിൽ നിന്ന് ലഭിക്കുന്ന വിവരം പട്ടിദാറിനെ ഇന്ത്യ ഇപ്പോഴും വിശ്വസിക്കുന്നു എന്നതാണ്. അഞ്ചാം ടെസ്റ്റ് മത്സരത്തിൽ വീണ്ടും താരത്തിന് ഇന്ത്യ അവസരം നൽകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

“പട്ടിദാറിന് ഇനിയും അവസരം നൽകാൻ തയ്യാറാവുകയാണ് ഇന്ത്യൻ ടീം. കാരണം പട്ടിദാർ വളരെ കഴിവുള്ള താരമാണെന്ന് ഇന്ത്യയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇതൊരു തുടക്കക്കാരന്റെ പതർച്ച മാത്രമായാണ് കാണുന്നത്. പരമ്പരയിൽ ഇതിനോടകം തന്നെ ഇന്ത്യ വിജയം കണ്ടെത്തിയ സാഹചര്യത്തിൽ, ഇനിയും പട്ടിദാറിന് അവസരം നൽകാനാണ് തയ്യാറായിരിക്കുന്നത്. ദേവദത്ത് പടിക്കലിന് അരങ്ങേറ്റ മത്സരം നൽകുന്നതിന് ഉപരിയായി പട്ടിദാറിന് ഒരു അവസരം കൂടി ഇന്ത്യ നൽകും.”- ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു വൃത്തം അറിയിച്ചു.

See also  "ഞാൻ വലുതായി ആക്രമിക്കാൻ ശ്രമിച്ചില്ല. ബോൾ കൃത്യമായി ബാറ്റിലേക്ക് എത്തിയുമില്ല". ഇന്നിങ്സിനെപ്പറ്റി കോഹ്ലി.

മുൻപ് ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്ലിയേഴ്സും ഇതേ സംബന്ധിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. പട്ടിദാറിന് ഇന്ത്യ ഇനിയും അവസരം നൽകാൻ സാധ്യതയുണ്ട് എന്നാണ് ഡിവില്ലിയെഴ്സ് പറഞ്ഞത്. “പട്ടിദാറിന്റെ മനോഭാവം വളരെ മികച്ചതായി തോന്നിയിട്ടുണ്ട്. ഡ്രസിങ് റൂമിൽ അവൻ നല്ല ഒരു കഥാപാത്രമാണെങ്കിൽ രോഹിത് ശർമയും സെലക്ഷൻ പാനലും ഇനിയും അവനെ നിലനിർത്തണം.”

“ഞങ്ങൾ നിന്നിൽ ഭാവി കാണുന്നുണ്ട് എന്നും, മുൻപോട്ടു പോകുമ്പോൾ ടീമിന്റെ ഭാഗമായി നീ തുടരണമെന്നും രോഹിത് പറയുന്നുണ്ടാവും. അവൻ കഴിഞ്ഞ മത്സരങ്ങളിൽ റൺസ് സ്വന്തമാക്കിയില്ലെങ്കിലും അവന് ഇന്ത്യ ഇനിയും അവസരം നൽകും.”- ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർക്കുന്നു.

നിലവിൽ രാഹുലിന്റെ ഒഴിവിലാണ് പട്ടിദാർ ടീമിൽ തുടരുന്നത്. രാഹുൽ ഇതുവരെയും തന്റെ പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ല. അതിനാൽ തന്നെ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരവും രാഹുലിന് നഷ്ടമാവും എന്നത് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ധരംശാലയിലും ഇന്ത്യ പട്ടിദാറിന് കൂടുതൽ അവസരങ്ങൾ നൽകാൻ തയ്യാറാവുന്നത്.

Scroll to Top