ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യം. പുതിയ തന്ത്രവുമായി ബിസിസിഐ.

gill and jurel

ഇന്ത്യൻ യുവതാരങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി നിർണായക നീക്കങ്ങൾ നടത്തി ബിസിസിഐ. ക്രിക്കറ്റിന്റെ ദൈർഘമേറിയ ഫോർമാറ്റ് ഉപേക്ഷിച്ച് യുവതാരങ്ങൾ കുട്ടി ക്രിക്കറ്റിന് പ്രാധാന്യം നൽകുന്ന സാഹചര്യത്തിലാണ് പുതിയ ഓഫറുകളുമായി ബിസിസിഐ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ പല യുവതാരങ്ങളും ടെസ്റ്റ് ക്രിക്കറ്റിൽ ഉപരിയായി ട്വന്റി20 ക്രിക്കറ്റിന് പ്രാധാന്യം നൽകുന്നത് സംബന്ധിച്ച് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ഇഷാൻ കിഷൻ, ശ്രേയസ് അയ്യര്‍ തുടങ്ങിയവരൊക്കെയും രഞ്ജി ട്രോഫി അടക്കമുള്ള മത്സരങ്ങളിൽ നിന്നും മാറി നിൽക്കുകയും ഐപിഎല്ലിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്ത് ബിസിസിഐ രംഗത്ത് എത്തിയിരിക്കുന്നത്.

ടെസ്റ്റ് മത്സരത്തിൽ കളിക്കുന്ന താരങ്ങൾക്ക് കൂടുതൽ ആനുകൂല്യം നൽകുക എന്നതാണ് ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അവസാന ഭാഗത്തിൽ ഇതേ സംബന്ധിച്ചുള്ള കൂടുതൽ പ്രഖ്യാപനം പുറത്തുവരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഭേദഗതി അനുസരിച്ച് ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് തങ്ങളുടെ വാർഷിക കരാറിലെ തുകയ്ക്ക് പുറമേ മറ്റു ആനുകൂല്യങ്ങളും ഉണ്ടാകും.

ഇതോടുകൂടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിലൂടെ ഒരു വമ്പൻ തുക സ്വന്തമാക്കാൻ താരങ്ങൾക്ക് സാധിക്കും. ഇത്തരത്തിൽ പൂർണ്ണമായും പ്രതിഫലത്തിൽ പൊളിച്ചെഴുത്ത് നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

മുൻപ് യുവതാരങ്ങളായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ തുടങ്ങിയവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാറി നിന്നിരുന്നു. ഇഷാൻ കിഷൻ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടു മുന്നോടിയായാണ് പിന്മാറിയത്. ശേഷം ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇഷാൻ കിഷനോട് രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ച് ടീമിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടു. എന്നാൽ കിഷൻ ഇത് അനുസരിക്കാൻ തയ്യാറായതുമില്ല.

ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള തയ്യാറെടുപ്പുകളും കിഷൻ ആരംഭിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലവിലുള്ളപ്പോഴാണ് ബിസിസിഐ പുതിയ നീക്കത്തിന് തയ്യാറാവുന്നത്.

ഇപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് വലിയൊരു തുക തന്നെ ടെസ്റ്റ് മത്സരങ്ങൾക്ക് ലഭിക്കുന്നുണ്ട്. വാർഷിക കരാറിൽ പറഞ്ഞിരിക്കുന്ന തുകയ്ക്ക് പുറമെ ഒരു ടെസ്റ്റ്‌ മത്സരത്തിൽ കളിച്ചാൽ 15 ലക്ഷം രൂപയോളം ഒരു ഇന്ത്യൻ താരത്തിന് ലഭിക്കും. മാച്ച് ഫീസായാണ് ഇത്ര വലിയ തുക ലഭിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ 6 ലക്ഷം രൂപയും ട്വന്റി20 ക്രിക്കറ്റിൽ 3 ലക്ഷം രൂപയുമാണ് ഒരു താരത്തിന് മാച്ച് ഫീസ് ഇനത്തിൽ ലഭിക്കുന്നത്.

മാച്ച് ഫീസ് ഇനത്തിൽ വലിയ വർദ്ധനവ് വരുത്തിയിലെങ്കിലും വാർഷിക ബോണസ് എന്ന രീതിയിൽ കൂടുതൽ തുക ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് നൽകാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഈ സംരംഭം വിജയകരമായാൽ കൂടുതൽ താരങ്ങൾ ടെസ്റ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top