2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു രാജസ്ഥാനും ബാംഗ്ലൂരും നമ്മൾ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് 183 എന്ന സ്കോറിൽ എത്തിയത്. മത്സരത്തിൽ 67 പന്തുകളിൽ നിന്നായിരുന്നു വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തീകരിച്ചത്.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറികളിൽ ഒന്നാണ് മത്സരത്തിൽ വിരാട് നേടിയത്. മത്സരത്തിൽ 72 പന്തുകൾ നേരിട്ട വിരാട് 113 റൺസ് സ്വന്തമാക്കുകയുണ്ടായി. 12 ബൗണ്ടറികളും 4 സിക്സറുകളുമാണ് വിരാടിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. എന്നാൽ കോഹ്ലിയുടെ ഈ പേസ് കുറഞ്ഞ സെഞ്ച്വറി ഒരുപാട് വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.
മത്സരത്തിലെ തന്റെ സെഞ്ച്വറിയെപ്പറ്റി ഇന്നിംഗ്സിന്റെ ഇടവേളയിൽ കോഹ്ലി സംസാരിക്കുകയുണ്ടായി. “ഈ മൈതാനത്ത് കൃത്യമായ ലെങ്ത്തിലും പന്തറിയുകയാണെങ്കിൽ ബോളർമാർക്ക് ഒരുപാട് ഗുണമുണ്ടാകും. ഞാൻ യാതൊരു മുൻധാരണകളും വച്ചല്ല ഇവിടെ എത്തിയത്. ആദ്യ 10 പന്തുകളിൽ 12 റൺസ് മാത്രമാണ് എനിക്ക് നേടാൻ സാധിച്ചത്. അതിനാൽ തന്നെ ഞാൻ ഒരുപാട് ആക്രമണം അഴിച്ചുവിടാൻ ശ്രമിച്ചതുമില്ല. എല്ലായിപ്പോഴും ബോളർമാർക്ക് സംശയം ഉണ്ടാക്കാനാണ് ഞാൻ ശ്രമിച്ചത്. അവർക്കെതിരെ ഞാൻ കൂറ്റൻ ഷോട്ടുകൾ കളിക്കണമെന്ന് അവർ ആഗ്രഹിച്ചു. ആ വഴിയിലൂടെ എന്നെ പുറത്താക്കാനാണ് അവർ ശ്രമിച്ചത്.”- കോഹ്ലി പറയുന്നു.
തന്റെ പരിചയസമ്പന്നതയാണ് മത്സരത്തിൽ മികച്ച ഇന്നിങ്സ് കാഴ്ചവെക്കാൻ കാരണമായത് എന്നും കോഹ്ലി പറഞ്ഞു. “എന്റെ പരിചയസമ്പന്നതയും പക്വതയുമാണ് ഞാൻ ഇവിടെ പുറത്തുകാട്ടാൻ ശ്രമിച്ചത്. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാനാണ് ഞാൻ മത്സരത്തിൽ തയ്യാറായത്. ആദ്യം ഇവിടെ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇത് ഇതേപോലെ തന്നെ തുടരും എന്നാണ് ഞാൻ കരുതുന്നത്. മത്സരത്തിൽ ബോൾ കൃത്യമായി ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇത് മികച്ച സ്കോറായി തുടരുമെന്ന് ഞാൻ കരുതുന്നു.”- ആദ്യ ഇന്നിങ്സിന് ശേഷം കോഹ്ലി പറഞ്ഞു.
മത്സരത്തിലെ മികച്ച പ്രകടനത്തോടുകൂടി ഇന്ത്യൻ പ്രീമിയർ ലീഗിൽ കോഹ്ലി ഒരുപാട് നാഴികക്കല്ലുകൾ പിന്നിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 7500 റൺസ് സ്വന്തമാക്കാൻ മത്സരത്തിലൂടെ കോഹ്ലിയ്ക്ക് സാധിച്ചു. മാത്രമല്ല ട്വന്റി20 ക്രിക്കറ്റിൽ 8000 റൺസ് സ്വന്തമാക്കുന്ന ആദ്യ ബാംഗ്ലൂർ ബാറ്ററായും കോഹ്ലി മാറുകയുണ്ടായി. ഐപിഎല്ലിലെയും ചാമ്പ്യൻസ് ലീഗ് ട്വന്റി20യിലെയും കണക്കുകൾ പ്രകാരമാണ് കോഹ്ലിയുടെ ഈ നേട്ടം. എന്നിരുന്നാലും മത്സരത്തിൽ ഇത്ര മികച്ച സെഞ്ച്വറി നേടിയിട്ടും ടീമിനെ വിജയിപ്പിക്കാൻ സാധിക്കാതിരുന്നത് കോഹ്ലിയെ നിരാശനാക്കുന്നു.