ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ വലിയൊരു സൂചനയാണ് സഞ്ജു സാംസൺ നൽകിയിരിക്കുന്നത്. രണ്ടാം മത്സരത്തിൽ സഞ്ജു ബാറ്റിംഗിൽ പരാജയപ്പെട്ടതിന് പിന്നാലെ ഒരുപാട് മുൻ താരങ്ങൾ രംഗത്ത് വന്നിരുന്നു. പലരും സഞ്ജുവിനെ അങ്ങേയറ്റം വിമർശിച്ചുകൊണ്ടാണ് സംസാരിച്ചത്.
എന്നാൽ ഈ വിമർശനങ്ങൾക്കൊക്കെയും ഉള്ള മറുപടി തന്റെ ബാറ്റ് കൊണ്ട് നൽകിയിരിക്കുകയാണ് സഞ്ജു സാംസൺ ഇപ്പോൾ. മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയതിന് പിന്നാലെ സഞ്ജുവിന് പ്രശംസകളുമായി പലരും രംഗത്ത് വരുന്നുണ്ട്. ഇപ്പോൾ സഞ്ജു തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ച പോസ്റ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
സെഞ്ചുറി നേടിയതിന് പിന്നാലെ തന്റെ ബാറ്റുർത്തി കാണികളെ അഭിവാദ്യം ചെയ്യുന്ന സഞ്ജു സാംസന്റെ ചിത്രമാണ് സഞ്ജു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. “മുന്നോട്ടുതന്നെ” എന്നാണ് ഈ ചിത്രത്തിന് സഞ്ജു നൽകിയിരിക്കുന്ന ശീർഷകം. തന്റെ വിമർശകർക്ക് മുൻപിൽ താൻ ആടിത്തിമർക്കുകയാണ് എന്ന തരത്തിലാണ് സഞ്ജു ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതൊക്കെയും വിമർശകർക്കുള്ള ചുട്ട മറുപടിയാണ് എന്ന് സഞ്ജു ആരാധകർ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നു. ഇനിയും ഇത്തരത്തിൽ സഞ്ജുവിൽ നിന്ന് മികച്ച ഇന്നിങ്സുകളാണ് തങ്ങൾക്ക് ആവശ്യമെന്നും ആരാധകർ പറയുന്നു.
ഏകദിന കരിയറിൽ മികച്ച പ്രകടനങ്ങൾ സമീപകാലത്തടക്കം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ സഞ്ജുവിന് ഇന്ത്യ ആവശ്യമായ അവസരങ്ങൾ നൽകിയിരുന്നില്ല. പല മത്സരങ്ങളിലും സഞ്ജുവിന് ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചിരുന്നില്ല. ഇത് സഞ്ജുവിന്റെ ടീമിനെ കൃത്യതയാർന്ന പ്രകടനത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരമായി ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ സഞ്ജു ആഭ്യന്തര ക്രിക്കറ്റിൽ ഒതുങ്ങിപ്പോകുമോ എന്ന സംശയം പോലും പലർക്കും ഉദിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വലിയ മറുപടിയാണ് സഞ്ജു ഇപ്പോൾ നൽകിയിരിക്കുന്നത്.
ട്വന്റി20 ലോകകപ്പ് അടക്കമുള്ള വലിയ പരമ്പരകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ ഈ ഫോം വളരെ നിർണായകമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം വലിയ പ്രകടനങ്ങൾ പുറത്തെടുത്താൽ സഞ്ജുവിന് ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് ക്ഷണം ലഭിച്ചേക്കും. അതുകൊണ്ടുതന്നെ ഈ ഫോം സഞ്ജു സാംസൺ 2024ന്റെ തുടക്ക സമയത്തും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. കൃത്യതയോടെ സഞ്ജു കുറച്ച് ഇന്നിംഗ്സുകൾ കൂടി കളിക്കുകയാണെങ്കിൽ 2024 ട്വന്റി20 ലോകകപ്പിനുള്ള ആദ്യ ചോയ്സ് തന്നെയായിരിക്കും അദ്ദേഹം.