ഇനിയെങ്കിലും സഞ്ജുവിനെ ഇന്ത്യ ചേർത്ത് നിർത്തണം.. ഇത് അവന്റെ പുതിയ ആരംഭമെന്ന് ഗൗതം ഗംഭീർ..

sanju vs sa 3rd odi

തന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടാൻ സഞ്ജു സാംസണ് സാധിച്ചു. ഇത് സഞ്ജുവിനെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് നൽകിയിരിക്കുന്നത്.

ബിസിസിഐക്ക് ഒരു വലിയ മെസ്സേജ് തന്നെ സഞ്ജു അയച്ചിരിക്കുകയാണ്. എന്നാൽ 4 വർഷങ്ങൾക്കപ്പുറമാണ് ഇനി ഏകദിന ലോകകപ്പ് നടക്കുന്നത്. അതിനാൽ  സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് യാതൊരു വ്യക്തതയും വന്നിട്ടില്ല. എന്നിരുന്നാലും ഇന്ത്യ സഞ്ജു സാംസണെ എല്ലായിപ്പോഴും ടീമിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന നിലപാടാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ എടുത്തിരിക്കുന്നത്.

മത്സരത്തിൽ സെഞ്ച്വറി നേടാൻ സാധിച്ചതോടെ സെലക്ടർമാർക്ക് മേൽ സമ്മർദ്ദം ചെലുത്താനും സഞ്ജുവിന് കഴിഞ്ഞു എന്ന് ഗംഭീർ പറയുന്നു. “സഞ്ജു സാംസണിന്റെ കഴിവുകളെപ്പറ്റി നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. നമുക്ക് മാത്രമല്ല എല്ലാവരും തന്നെ സഞ്ജുവിനെ സംബന്ധിച്ച് സംസാരിക്കാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം ഇത്തരത്തിൽ മികച്ച പ്രകടനം സഞ്ജു കാഴ്ച വച്ചിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയൊരു തുടക്കമാണ് സഞ്ജു നടത്തിയിരിക്കുന്നത്. ഈ ഇന്നിങ്സിന് മുമ്പ് സഞ്ജു സാംസൺ ഇടയ്ക്കിടെ വന്നു പോകുന്ന താരമായിരുന്നു. ചില സമയങ്ങളിൽ സഞ്ജുവിന് ഇന്ത്യ അവസരം നൽകി. ചില സമയങ്ങളിൽ സഞ്ജു പുറത്തിരുന്നു. പക്ഷേ ഇത്തരമൊരു സെഞ്ച്വറി നേടിയതോടുകൂടി സെലക്ടർമാരെ സ്വാധീനിക്കുക എന്നതിനപ്പുറം, അവർക്കുമേൽ സമ്മർദം ചെലുത്താൻ സഞ്ജുവിന് സാധിച്ചു.”- ഗംഭീർ പറഞ്ഞു.

See also  ഇത്തവണയെങ്കിലും കോഹ്ലി ഐപിഎൽ കപ്പ്‌ ഉയർത്തുമോ? ഉത്തരവുമായി സുരേഷ് റെയ്‌ന.

“എന്നാൽ ഈ സെഞ്ചുറിക്ക് ശേഷവും ഇന്ത്യ സഞ്ജുവിനെ തങ്ങളുടെയൊപ്പം ചേർത്തുനിർത്താൻ നിർബന്ധിതരാകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. കാരണം അടുത്ത ഏകദിന ലോകകപ്പ് 4 വർഷങ്ങൾക്കപ്പുറമാണ്. എന്നിരുന്നാലും സഞ്ജു സാംസൺ പുറത്തെടുക്കുന്ന നിലവാരം വെച്ച് ഇന്ത്യ അയാളെ ടീമിൽ നിലനിർത്തേണ്ടതുണ്ട്. കീപ്പർ എന്ന നിലയിൽ കൂടി കണക്കിലെടുത്താൽ ഇന്ത്യയെ സംബന്ധിച്ച് ഒരു മികച്ച മധ്യനിര താരമാണ് സഞ്ജു സാംസൺ. ഇന്ത്യയ്ക്ക് എല്ലായിപ്പോഴും വളരെ ശക്തമായതും ബലമുള്ളതുമായ മുൻനിരയുണ്ട്. എന്നാൽ സഞ്ജു സാംസൺ ടീമിലെത്തുന്നതോടെ മധ്യനിരയിലും മികച്ച ഒരു ഓപ്ഷൻ ഇന്ത്യയ്ക്ക് ലഭിക്കുന്നു. ഈ ഇന്നിംഗ്സോടെ സഞ്ജു സാംസൺ തന്റെ കരിയർ പുനരാരംഭിച്ചിരിക്കുകയാണ്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

ഒരുപാട് നാളുകൾക്കു ശേഷമായിരുന്നു സഞ്ജു സാംസണിന് ഇന്ത്യയുടെ ഏകദിന ടീമിൽ അവസരം ലഭിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസന് ബാറ്റിംഗ് അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും 23 പന്തുകളിൽ 12 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. എന്നാൽ അവസാന മത്സരത്തിൽ സഞ്ജു സാംസൺ തീയായി മാറുകയായിരുന്നു. 114 പന്തുകൾ നേരിട്ടാണ് സഞ്ജു സാംസൺ മത്സരത്തിൽ 108 റൺസ് സ്വന്തമാക്കിയത്. ഇന്ത്യ പരമ്പര സ്വന്തമാക്കിയതിൽ വലിയൊരു പങ്കുതന്നെ സഞ്ജു സാംസൺ വഹിക്കുകയുണ്ടായി.

Scroll to Top