ഞാൻ നേടിയ 7 റൺസാണ് പാകിസ്ഥാനെതിരെ ഇന്ത്യയെ രക്ഷിച്ചത്. മുഹമ്മദ്‌ സിറാജ്.

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മുഹമ്മദ് സിറാജിന് സാധിച്ചിരുന്നു. 4 ഓവറുകൾ പന്തെറിഞ്ഞ സിറാജ് മത്സരത്തിൽ 19 റൺസ് മാത്രമാണ് വിട്ടു നൽകിയത്. ഇത് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. അതേപോലെ തന്നെ ബാറ്റിങ്ങിലും ചെറിയ സംഭാവന നൽകി ഇന്ത്യയെ കൈ പിടിച്ചു കയറ്റിയത് സിറാജ് ആയിരുന്നു.

പതിനൊന്നാമനായി ക്രീസിലേത്തിയ സിറാജ് 7 റൺസ് ഇന്ത്യക്കായി സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ 6 റൺസിനായിരുന്നു വിജയം സ്വന്തമാക്കിയത്. തന്റെ ബാറ്റിംഗ് ഇന്നിങ്സിൽ പാക്കിസ്ഥാൻ ബോളർമാരുടെ യോർക്കറുകൾക്കെതിരെ വലിയ പ്രതിരോധം തീർക്കാൻ സിറാജിന് സാധിച്ചിരുന്നു. ഇതിനുശേഷം തന്റെ ബാറ്റിംഗ് ഇന്നിങ്സിനെ പറ്റി സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിറാജ്.

ന്യൂയോർക്കിൽ നടന്ന ലോ സ്കോറിംഗ് മത്സരത്തിൽ 7 റൺസ് സ്വന്തമാക്കാൻ സാധിച്ചത് ഗുണകരമായി മാറി എന്ന് സിറാജ് പറയുന്നു. “ഞാൻ എല്ലായിപ്പോഴും നെറ്റ്സിൽ ബാറ്റിംഗ് പ്രാക്ടീസുകൾ നടത്താറുണ്ട്. ഐപിഎല്ലിനിടയിലും ഞാൻ ബാറ്റിംഗ് പരിശീലനങ്ങൾ നടത്തിയിരുന്നു. കാരണം പല മത്സരങ്ങളുടെയും അവസാന സമയത്ത് വാലറ്റത്തെ ബാറ്റർമാർ നേടുന്ന റൺസ് പ്രധാനമായി മാറാറുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഞാൻ നേടിയ 7 റൺസ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമായി മാറുകയുണ്ടായി.”- സിറാജ് ചഹലുമായി നടന്ന അഭിമുഖത്തിൽ പറഞ്ഞു.

“ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ എല്ലായിപ്പോഴും ആവേശം നിറഞ്ഞതാണ്. ആരാധകർക്ക് അത് വലിയ സംതൃപ്തിയും നൽകുന്നു. കാര്യങ്ങൾ വളരെ ലളിതമായി കാണാനാണ് മത്സരത്തിൽ ഞാൻ ശ്രമിച്ചത്. കാരണം അവരുടെ വിജയലക്ഷ്യം വളരെ ചെറുതായിരുന്നു. അതുകൊണ്ട് പുതുതായി ഒന്നും തന്നെ ചെയ്യാൻ ഞാൻ ശ്രമിച്ചില്ല. എന്റെ തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിൽ പൂർണമായും ശ്രദ്ധിച്ചു. ഒരു മികച്ച ക്രിക്കറ്റ് ഷോട്ടിലൂടെ മാത്രമേ ബാറ്റർമാർ റൺസ് കണ്ടെത്താവു എന്ന വാശി എനിക്കുണ്ടായിരുന്നു. അതിനാൽ തന്നെ എന്റേതായ രീതിയിൽ പന്തറിയാൻ ഞാൻ ശ്രമിച്ചു.”- സിറാജ് കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ താൻ സ്വന്തമാക്കിയ ക്യാച്ചുകളെപ്പറ്റി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തും സംസാരിക്കുകയുണ്ടായി. “മത്സരത്തിൽ ഞാൻ സ്വന്തമാക്കിയ ക്യാച്ചുകളൊക്കെയും എനിക്ക് ഫേവറൈറ്റുകളാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ തിരികെ വരുന്നത്. അതിനാൽ മത്സരത്തിന്റെ എല്ലാ മേഖലകളിലും ശോഭിക്കേണ്ടത് അത്യാവശ്യമാണ്.”- പന്ത് പറയുകയുണ്ടായി. പാകിസ്ഥാനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടുകൂടി ഇന്ത്യ സൂപ്പർ 8ൽ സ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ടൂർണമെന്റിലെ മൂന്നാം മത്സരം നടക്കുന്നത്.

Previous articleകൂറ്റൻ വിജയം നേടി ഓസ്ട്രേലിയ സൂപ്പർ 8ൽ. നമീബിയയെ തകർത്തത് 9 വിക്കറ്റുകൾക്ക്.
Next articleപിന്നിലേക്ക് ചാടി വേറെ ലെവൽ ക്യാച്ചുമായി സിറാജ് 🔥 നിതീഷ് കുമാർ പുറത്ത് 🔥