ഞാൻ കോഹ്ലിയെ കുറ്റം പറയില്ല. തോൽവിയ്ക്ക് കാരണം ബാംഗ്ലൂരിന്റെ മണ്ടൻ തീരുമാനം. മുൻ ഓസീസ് ക്യാപ്റ്റൻ.

രാജസ്ഥാനെതിരായ മത്സരത്തിൽ നിർഭാഗ്യകരമായ പരാജയമായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ വിരാട് കോഹിയുടെ സെഞ്ചുറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 183 റൺസാണ് നേടിയത്. മത്സരത്തിൽ 67 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി സെഞ്ച്വറി നേടിയത്.

എന്നാൽ മറുപടി ബാറ്റിംഗിൽ ബട്ലർ മറ്റൊരു വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞതോടെ രാജസ്ഥാൻ വിജയം സ്വന്തമാക്കി. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ശേഷം മത്സരത്തിലെ വിരാട് കോഹ്ലിയുടെ പതിഞ്ഞ താളത്തിലുള്ള സെഞ്ച്വറിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. പക്ഷേ താൻ ഈ വിമർശനങ്ങൾക്ക് എതിരെയാണ് എന്ന് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക് പറയുകയുണ്ടായി.

ബാംഗ്ലൂരിന്റെ ഈ പരാജയത്തിൽ താൻ ഒരിക്കലും വിരാട് കോഹ്ലിയ്ക്ക് നേരെ കൈ ചൂണ്ടില്ല എന്നാണ് മൈക്കിൾ ക്ലാർക്ക് പറഞ്ഞത്. “വിരാട് കോഹ്ലിക്ക് നേരെ ഞാൻ ഒരിക്കലും വിരൽ ചൂണ്ടില്ല. മത്സരത്തിൽ അവിസ്മരണീയ ബാറ്റിംഗ് പ്രകടനമാണ് കോഹ്ലി കാഴ്ചവച്ചത്. ഏതുതരത്തിലാണോ മത്സരത്തിൽ കളിക്കേണ്ടത്, ആ രീതിയിൽ തന്നെയാണ് കോഹ്ലി കളിച്ചത്. കാരണം അവന് ചുറ്റുമുള്ള മറ്റു ബാറ്റർമാർ ആരുംതന്നെ വേണ്ട രീതിയിൽ റൺസ് കണ്ടെത്തിയിരുന്നില്ല. അവർ ആവശ്യമായ ആത്മവിശ്വാസമോ സ്വാതന്ത്ര്യമോ ഇല്ലാതെ കളിക്കുന്നതാണ് തോന്നിയത്.”- ക്ലാർക്ക് പറയുന്നു.

“മൈതാനത്ത് തന്നെ ബാംഗ്ലൂർ ടീം 15 റൺസോളം ഉപേക്ഷിച്ചതായി എനിക്ക് തോന്നി. അവരുടെ ചില തീരുമാനങ്ങൾ മനസ്സിലാക്കാൻ തന്നെ ബുദ്ധിമുട്ടുള്ളതാണ്. അവർക്ക് കാർത്തിക് എന്നൊരു മികച്ച ഫിനിഷറുണ്ട്. എന്തുകൊണ്ടാണ് മാക്സ്വൽ പുറത്തായ ശേഷം കാർത്തിക് മൈതാനത്ത് എത്താതിരുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഗ്രീനിന് പകരം മാക്സ്വെല്ലായിരുന്നു ക്രീസിൽ എത്തിയിരുന്നത്. അത് വളരെ വ്യത്യസ്തമായ തീരുമാനമായി എനിക്ക് തോന്നി.”- ക്ലാർക്ക് കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 72 പന്തുകൾ മത്സരത്തിൽ നേരിട്ട കോഹ്ലി 12 ബൗണ്ടറികളും 4 സിക്സറുകളും അടക്കം 113 റൺസ് നേടുകയുണ്ടായി. എന്നാൽ മത്സരത്തിലെ പരാജയത്തിനുശേഷം പലരും കോഹ്ലിക്കെതിരെ വലിയ രീതിയിലുള്ള വിമർശനം ഉന്നയിക്കുന്നതും കാണാൻ സാധിച്ചു.

മറ്റു ബാറ്റർമാരൊക്കെയും പരാജയപ്പെട്ടപ്പോൾ ഒറ്റയാൾ പോരാട്ടം നയിച്ചാണ് കോഹ്ലി ബാംഗ്ലൂരിന് ഇത്ര ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ശേഷം കോഹ്ലിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും തക്കതായ മറുപടി നൽകിയാണ് പല മുൻ താരങ്ങളും രംഗത്ത് വന്നിരിക്കുന്നത്.

Previous article“ഞാൻ വലുതായി ആക്രമിക്കാൻ ശ്രമിച്ചില്ല. ബോൾ കൃത്യമായി ബാറ്റിലേക്ക് എത്തിയുമില്ല”. ഇന്നിങ്സിനെപ്പറ്റി കോഹ്ലി.
Next article“സഞ്ജുവിന് ഞാൻ 100 മാർക്ക് കൊടുക്കുന്നു. തകർപ്പൻ തന്ത്രങ്ങൾ”- പ്രശംസയുമായി ബോണ്ട്‌.