ബാംഗ്ലൂരിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര ആയിരുന്നു. 2024 മിനി ലേലത്തിൽ ചെറിയ തുകയ്ക്കാണ് ചെന്നൈ രവീന്ദ്രയെ സ്വന്തമാക്കിയത്. മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയ രവീന്ദ്ര 15 പന്തുകളിൽ 37 റൺസാണ് തന്റെ ആദ്യ ഐപിഎൽ മത്സരത്തിൽ നേടിയത്.
3 ബൗണ്ടറികളും 3 സിക്സറുകളും ഈ കിവി താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.ഇത് ചെന്നൈയെ സംബന്ധിച്ച് വലിയൊരു പ്ലാറ്റ്ഫോം തന്നെ മത്സരത്തിൽ സൃഷ്ടിക്കുകയുണ്ടായി. മത്സരത്തിലെ തന്റെ ബാറ്റിംഗ് പ്രകടനത്തെപ്പറ്റി രചിൻ രവീന്ദ്ര സംസാരിച്ചു. താൻ ഒരിക്കലും തന്നെ സ്റ്റാറായി വിലയിരുത്തിയിട്ടില്ല എന്നാണ് രചിൻ പറഞ്ഞത്.
മത്സരത്തിലെ വിജയത്തിൽ അതിയായ സന്തോഷമുണ്ടന്നും രജിൻ പറയുകയുണ്ടായി. “ഞങ്ങളെ സംബന്ധിച്ച് ഇത് പൂർണമായ ഒരു പ്രകടനം തന്നെയായിരുന്നു. മത്സരത്തിലെ വിക്കറ്റ് വളരെ മികച്ചതായിരുന്നു. മാത്രമല്ല ഞങ്ങൾക്ക് അവസാനം വരെ മികവ് പുലർത്താനും സാധിച്ചു. എല്ലാത്തരത്തിലും മികച്ച ഒരു നിര തന്നെയാണ് ഞങ്ങൾക്കുള്ളത്. രഹാനെ, ഋതുരാജ് തുടങ്ങിയ ശാന്തരായ താരങ്ങളോടൊപ്പം ബാറ്റ് ചെയ്യുന്നത് വളരെ മികച്ച അനുഭവമാണ് നൽകിയത്. അവർ എന്റേതായ രീതിയിൽ കളിക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്.”- രചിൻ പറഞ്ഞു.
“ഞാൻ ഇതുവരെയും എന്നെ സ്റ്റാർ എന്ന രീതിയിൽ വിലയിരുത്തിയിട്ടില്ല. ഭാഗ്യവശാൽ ഞങ്ങൾക്ക് 4-5 ദിവസത്തെ പൂർണമായ പരിശീലനം ലഭിച്ചിരുന്നു. അതിലൂടെയാണ് ഇങ്ങനെയൊരു വിജയം സ്വന്തമായത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നിശ്ചിത ഓവർ ക്രിക്കറ്റിലേക്ക് വളരെ അനായാസം തന്നെ മാറാൻ എനിക്ക് സാധിച്ചിട്ടുണ്ട്. കാരണം ഇരു ഫോർമാറ്റുകളിലും വളരെ സമാനമായ പൊസിഷനിലാണ് ഞാൻ മുൻപോട്ടു പോയിരുന്നത്.”
”കാര്യങ്ങൾ കൂടുതൽ ശാന്തമായി വീക്ഷിക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്. മത്സരം കൃത്യമായി സ്ലോ ആക്കാനും കൂടുതൽ ചിന്തിക്കാനും ശ്രമിച്ചു. അതുതന്നെയാണ് ചെന്നൈ പോലെ ഒരു ടീമിനും ആവശ്യം. ഡ്രസിങ് റൂമിൽ സീനിയർ താരങ്ങളോടൊപ്പം ഇടപഴകുന്നതും കൂടുതൽ സഹായിക്കുന്നുണ്ട്.”- രചിൻ കൂട്ടിച്ചേർത്തു.
“മത്സരത്തിലെ ആദ്യ ക്യാച്ച് സ്വന്തമാക്കാൻ സാധിച്ചത് വലിയ സന്തോഷം നൽകുന്നു. ചില സമയങ്ങളിൽ കൃത്യമായി ഷോട്ടുകൾ കളിക്കാൻ സാധിച്ചിരുന്നില്ല. ചെറിയ രീതിയിലുള്ള സമ്മർദ്ദം എന്നെ ബാധിച്ചിരുന്നു. എന്നാൽ ശേഷം എനിക്ക് എന്റേതായ രീതിയിൽ തിരികെ വരാൻ സാധിച്ചു. ഇത്തരത്തിൽ അവിശ്വസനീയമായ ആരാധക കൂട്ടം വലിയ സന്തോഷം നൽകുന്നുണ്ട്. ഇത്ര കൂടുതല്‍ ആരാധകരെ ഞാൻ ആദ്യമായാണ് കാണുന്നത്. എല്ലാവർക്കും തന്നെ ഞാൻ നന്ദി അറിയിക്കുന്നു.”- രചിൻ പറഞ്ഞു വെക്കുന്നു.