ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസാണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിൽ 104 റൺസ് നേടാനെ ഓസ്ട്രേലിയയ്ക്ക് സാധിച്ചുള്ളൂ. 46 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ജയസ്വാളും കോഹ്ലിയും സെഞ്ച്വറികൾ സ്വന്തമാക്കിയിരുന്നു. ഇതോടെ ഒരു വലിയ വിജയലക്ഷ്യം ഓസ്ട്രേലിയക്ക് മുൻപിലേക്ക് വയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 238 റൺസിന് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഓൾഔട്ട് ആയതോടെ ഇന്ത്യ 295 റൺസിന്റെ വിജയവും മത്സരത്തിൽ സ്വന്തമാക്കി. മത്സരത്തിലെ വിജയത്തെപ്പറ്റി ഇന്ത്യൻ നായകൻ ബുംറ സംസാരിക്കുകയുണ്ടായി.
തങ്ങളുടെ പ്രക്രിയകളിൽ എല്ലാ താരങ്ങളും വിശ്വസിച്ചതാണ് മത്സരത്തിലെ വിജയത്തിൽ പ്രധാന കാരണമായി മാറിയത് എന്നാണ് ബുമ്ര പറഞ്ഞത്. “ഈ തുടക്കത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഞങ്ങൾ അല്പം സമ്മർദ്ദത്തിലായിരുന്നു. പക്ഷേ അതിന് ശേഷം ഞങ്ങൾ നടത്തിയ തിരിച്ചുവരവിൽ വലിയ അഭിമാനമുണ്ട്. 2018ൽ ഞാൻ ഇവിടെ കളിച്ചിരുന്നു. അന്നും ഇതേപോലെ മത്സരത്തിന്റെ തുടക്കത്തിൽ വിക്കറ്റ് മൃദുലമായിരുന്നു. ശേഷം അത് കൂടുതൽ വേഗമേറിയതായി മാറുകയായിരുന്നു. ആ പരിചയസമ്പന്നത ഞാൻ ഇവിടെ മുതലാക്കാൻ ശ്രമിച്ചു.”- ബുമ്ര പറഞ്ഞു.
“വളരെ വലിയ തയ്യാറെടുപ്പുകളോടെ തന്നെയാണ് ഞങ്ങൾ മത്സരത്തിന് ഇറങ്ങിയത്. അതുകൊണ്ട് തന്നെ നമ്മുടെ പ്രക്രിയയിലും കഴിവിലും അങ്ങേയറ്റം വിശ്വസിക്കണം എന്നായിരുന്നു ഞാൻ എല്ലാവരോടും പറഞ്ഞത്. ചില ദിവസങ്ങളിൽ അനുഭവസമ്പത്ത് വലിയ കാര്യമായി മാറില്ല. പക്ഷേ നമ്മുടെ പ്രകടനത്തിൽ വിശ്വസിച്ചാൽ അത് കൂടുതൽ സ്പെഷ്യൽ കാര്യങ്ങൾ ചെയ്യാൻ സഹായകരമായി മാറും. മത്സരത്തിൽ എടുത്തുകാട്ടേണ്ട ഒരു പ്രകടനം കാഴ്ചവച്ചത് ജയസ്വാളാണ്. തന്റെ ടെസ്റ്റ് കരിയറിൽ വളരെ മികച്ച തുടക്കമാണ് ജയസ്വാളിനെ ലഭിച്ചിരിക്കുന്നത്.”- ബുമ്ര കൂട്ടിച്ചേർത്തു.
“ജയസ്വാളിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സുകളിൽ ഒന്നാണ് ഇവിടെ ഉണ്ടായത്. അവൻ നന്നായി തന്നെ ബോളുകളെ ലെഫ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. സാധാരണയായി അവൻ ആക്രമണ മനോഭാവത്തിൽ കളിക്കുന്ന ബാറ്ററാണ്. പക്ഷേ ഇവിടെ നന്നായി പന്തുകളെ ലീവ് ചെയ്യാൻ അവന് സാധിച്ചു. ഒപ്പം ദൈർഘ്യമേറിയ ഇന്നിംഗ്സും കളിച്ചു. വിരാട് കോഹ്ലിയെ പറ്റി പറയുകയാണെങ്കിൽ, ഒരിക്കൽപോലും അദ്ദേഹം ഫോം ഔട്ടായി ഞാൻ കണ്ടിട്ടില്ല. വെല്ലുവിളികൾ നിറഞ്ഞ വിക്കറ്റുകളിൽ ബാറ്റർമാരുടെ ഫോം നിർണയിക്കുക കഠിനമാണ്. നെറ്റ്സിൽ വളരെ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ചവയ്ക്കാനുള്ളത്. ഇവിടത്തെ ആരാധക പിന്തുണയും ഞങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ട്.”- ബുമ്ര പറഞ്ഞുവയ്ക്കുന്നു..