“ഞങ്ങൾ കൃത്യമായി പ്ലാൻ ചെയ്തിരുന്നു. ടീമംഗങ്ങൾ അവരുടെ ജോലി നന്നായി ചെയ്തു”. രോഹിത് ശർമ പറയുന്നു.

GQiVog3b0AA4UeG

ലോകകപ്പ് സൂപ്പർ 8ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആവേശകരമായ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സൂര്യകുമാർ യാദവ് മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുകയുണ്ടായി. സൂര്യയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 181 റൺസ് ആയിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാനെ ബൂമ്ര തുടക്കത്തിൽ തന്നെ എറിഞ്ഞ് ഒതുക്കുകയായിരുന്നു. ശേഷം അർഷദീപ് സിംഗും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തതോടെ അഫ്ഗാനിസ്ഥാൻ ഇന്നിങ്സ് കേവലം 134 റൺസിൽ അവസാനിച്ചു. ഇതോടെ 47 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തെ പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

മത്സരത്തിനായി പൂർണമായ തയ്യാറെടുപ്പുകൾ തങ്ങൾ എടുത്തിരുന്നു എന്നാണ് രോഹിത് ശർമ പറഞ്ഞത്. “കഴിഞ്ഞ 2 വർഷങ്ങൾക്കിടയിൽ പലതവണയും ഞങ്ങൾ വിൻഡിസിൽ എത്തുകയും ട്വന്റി20 മത്സരങ്ങൾ കളിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിന് മുമ്പ് കൃത്യമായ പദ്ധതികൾ ഞങ്ങൾക്കുണ്ടായിരുന്നു. ഇവിടെയുള്ള സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കളിക്കുക എന്നതിലാണ് ഞങ്ങൾ ആദ്യം ശ്രദ്ധിച്ചത്. ഇത്തരം വിക്കറ്റുകളിൽ ഏതുതരം ലക്ഷ്യങ്ങൾ ഞങ്ങൾക്ക് പ്രതിരോധിക്കാൻ സാധിക്കുമെന്ന് കൃത്യമായി മനസ്സിലാക്കി. എല്ലാവരും മൈതാനത്തെത്തി തങ്ങളുടെ ജോലി ഗംഭീരമായി തന്നെ ചെയ്യുകയുണ്ടായി. അതേപ്പറ്റിയാണ് ഞങ്ങൾ എല്ലായിപ്പോഴും സംസാരിക്കാറുള്ളതും.”- രോഹിത് ശർമ പറഞ്ഞു.

Read Also -  "ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പേസർ ", ഇന്ത്യൻ താരത്തെപറ്റി ആർ പി സിംഗ് പറയുന്നു..

“മത്സരത്തിൽ ഞങ്ങളുടെ ഇന്നിംഗ്സിന്റെ അവസാന സമയത്ത് സൂര്യയും ഹർദിക്കും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു. ബൂമ്ര എന്ന ബോളർക്ക്, ഞങ്ങൾക്കായി എന്താണ് ചെയ്യാൻ സാധിക്കുക എന്ന പൂർണ ബോധ്യം എല്ലാവർക്കുമുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും വിദഗ്ധമായി അവനെ ഉപയോഗിക്കുക എന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. എല്ലായിപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുന്ന ബോളറാണ് ബുമ്ര. എവിടെ അവനെ കളിപ്പിച്ചാലും അവൻ ഉത്തരവാദിത്വം തന്റേതാക്കി മാറ്റും. കൃത്യമായി സാഹചര്യങ്ങൾ എനിക്ക് മനസ്സിലാക്കേണ്ടതുണ്ടായിരുന്നു.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.

“പൂർണ്ണമായും എതിർ ടീമിന്റെ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമാണ് ഞങ്ങൾ ടീമിൽ മാറ്റങ്ങൾ വരുത്തുന്നത്. ഈ മത്സരത്തിൽ 3 സ്പിന്നർമാരെ ഞങ്ങൾക്ക് ആവശ്യമാണ് എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് കൃത്യസമയത്ത് അങ്ങനെ ഒരു കാര്യം കൈക്കൊണ്ടത്. ഇനി മുൻപിലേക്ക് പോകുമ്പോൾ 3 പേസർമാരെ ആവശ്യമായ സമയത്ത് ഞങ്ങൾ അത് ചെയ്യും.”- രോഹിത് ശർമ പറഞ്ഞു വെക്കുന്നു. മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് വളരെയേറെ ആത്മവിശ്വാസം നൽകുന്നതാണ്. മറ്റന്നാൾ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ അടുത്ത മത്സരം നടക്കുന്നത്.

Scroll to Top