അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് ഗംഭീര തുടക്കം.

സൂപ്പർ 8ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 47 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് സൂര്യകുമാർ യാദവായിരുന്നു. ദുർഘടമായ പിച്ചിൽ ഒരു തകർപ്പൻ അർദ്ധ സെഞ്ച്വറി സ്വന്തമാക്കാൻ സൂര്യയ്ക്ക് സാധിച്ചിരുന്നു.

ശേഷം ബോളിങ്ങിൽ ബൂമ്രയും അർഷദീപു മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ലോകകപ്പിന്റെ സെമിഫൈനലിലേക്കുള്ള ആദ്യപടി വയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ജൂൺ 22ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ 8ലെ രണ്ടാം മത്സരം നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് പതിവുപോലെ രോഹിത് ശർമയെ(8) തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം വിരാട് കോഹ്ലി ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. 24 പന്തുകളിൽ 24 റൺസാണ് കോഹ്ലി നേടിയത്. പക്ഷേ മൂന്നാമനായി ക്രീസിലെത്തിയ പന്ത് തന്റെ വീര്യം കാട്ടി.

11 പന്തുകളിൽ 20 റൺസാണ് പന്ത് നേടിയത്. ഒപ്പം സൂര്യകുമാർ യാദവും ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യ മത്സരത്തിൽ കുതിക്കുകയായിരുന്നു. ബാറ്റിങ്ങിന് പ്രതികൂലമായ പിച്ചിൽ വളരെ കരുതലോടെയാണ് സൂര്യ ആരംഭിച്ചത്. പക്ഷേ പിന്നീട് തന്റെ താളത്തിലേക്ക് തിരികെ വരാൻ സൂര്യകുമാറിന് സാധിച്ചു.

28 പന്തുകൾ നേരിട്ട സൂര്യകുമാർ 5 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 53 റൺസാണ് മത്സരത്തിൽ നേടിയത്. ഒപ്പം 24 പന്തുകളിൽ 32 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ അടിച്ചു തകർത്തതോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 181 റൺസ് എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാനെ തുടക്കത്തിൽ തന്നെ തകർക്കാൻ ബുമ്രയ്ക്ക് സാധിച്ചു.

അപകടകാരിയായ ഗുർബാസിനെയും(11) സസായിയെയും(2) പുറത്താക്കി ബൂമ്ര ഇന്ത്യക്ക് തുടക്കം നൽകി. ശേഷം കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

അഫ്ഗാനിസ്ഥാനായി മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് ഒമാർസായാണ്. 20 പന്തുകളിൽ 26 റൺസ് സ്വന്തമാക്കാൻ ഒമാർസായിക്ക് സാധിച്ചു. പക്ഷേ ഇന്ത്യൻ ബോളിങ്ങിന്റെ കൂർമതയ്ക്ക് മുൻപിൽ അഫ്ഗാനിസ്ഥാൻ നിലം പതിക്കുന്നതാണ് മത്സരത്തിൽ കണ്ടത്.

മത്സരത്തിൽ ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത് ജസ്പ്രീറ്റ് ബുമ്രയും അർഷദീപ് സിംഗും കുൽദീവ് യാദവുമാണ്. ബുമ്ര മത്സരത്തിൽ 4 ഓവറുകളിൽ 7 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. അർഷദീപും 3 വിക്കറ്റുകൾ നേടി. കുൽദീപ് യാദവ് 2 വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്.