ന്യൂസിലാൻഡിനെതിരായ പരാജയത്തിന് ശേഷം, ഇന്ത്യക്കെതിരായ തങ്ങളുടെ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ 60 റൺസിന്റെ കൂറ്റൻ പരാജയമായിരുന്നു പാക്കിസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നത്.
ഇതിന് ശേഷം വലിയ വിമർശനങ്ങൾ പാകിസ്ഥാൻ ടീമിനെതിരെ ഉയരുകയും ചെയ്തു. പാകിസ്താന്റെ സൂപ്പർതാരമായ ബാബർ ആസം അടക്കമുള്ള താരങ്ങൾ ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിനുശേഷമാണ് ശക്തമായ മറുപടിയുമായി ഹാരിസ് റൗഫ് എത്തിയിരിക്കുന്നത്.
നിലവിൽ ഇന്ത്യക്കെതിരായ മത്സരത്തിന് മുൻപ് തങ്ങൾക്ക് യാതൊരു തരത്തിലും സമ്മർദ്ദമില്ല എന്ന് റൗഫ് തുറന്നുപറയുന്നു. കഴിഞ്ഞ മത്സരത്തെപ്പറ്റി ചിന്തിക്കാതെ മുൻപോട്ടു പോവാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് ഹാരിസ് റൗഫ് പറഞ്ഞത്.

“നിലവിൽ ക്യാമ്പിലുള്ള എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഞങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങളിലേക്കാണ് ശ്രദ്ധ ചെലുത്തുന്നത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കുകയും വിജയം സ്വന്തമാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യാതൊരുതര സമ്മർദ്ദവും നിലവിൽ ഞങ്ങൾക്കില്ല. ഞങ്ങൾ വളരെ റിലാക്സ്ഡാണ്. എല്ലാവരും പോസിറ്റീവായി തന്നെ കാണപ്പെടുന്നുണ്ട്. എല്ലാ മത്സരങ്ങളും പോലെ തന്നെയാവും ഞങ്ങൾ ഇന്ത്യയ്ക്കെതിരായ മത്സരത്തെയും സമീപിക്കുക.”- ഹാരിസ് റൗഫ് പറഞ്ഞു.
“ന്യൂസിലാൻഡിനെതിരായ മത്സരം ഇതിനോടകം തന്നെ അവസാനിച്ചു. അതുകൊണ്ട് തന്നെ ഞങ്ങൾ ഇന്ത്യക്കെതിരായ മത്സരത്തിലേക്കാണ് പൂർണമായി ശ്രദ്ധ ചെലുത്തുന്നത്. ആദ്യ മത്സരത്തിൽ വരുത്തിയ പിഴവുകൾ ഇന്ത്യക്കെതിരെയും ആവർത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഞങ്ങളെ സംബന്ധിച്ച് ഇന്ത്യക്കെതിരെ നടക്കാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്. ടൂർണ്ണമെന്റിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഞങ്ങൾക്ക് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിജയം നേടേണ്ടതുണ്ട്.”- ഹാരിസ് റൗഫ് കൂട്ടിച്ചേർത്തു.
2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരെ ഏറ്റുമുട്ടിയപ്പോൾ 180 റൺസിന്റെ കൂറ്റൻ വിജയം പാക്കിസ്ഥാൻ സ്വന്തമാക്കിയിരുന്നു. ഇത് തങ്ങൾക്ക് വരു മത്സരത്തിലും വലിയ ആത്മവിശ്വാസം നൽകുമെന്നാണ് ഹാരിസ് റൗഫ് പറയുന്നത്. പക്ഷേ മത്സരഫലം ഓരോ താരങ്ങളുടെയും പ്രകടനത്തെ ഒരുപാട് ആശ്രയിക്കുന്നുണ്ടെന്ന് റോഫ് പറഞ്ഞു. “കഴിഞ്ഞ വർഷങ്ങളിലൊക്കെ ഇന്ത്യയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതു തന്നെയാണ് ഞങ്ങൾ തുടരാൻ ശ്രമിക്കുന്നത്. ഇതൊരു നല്ല മത്സരമായിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് നല്ല റെക്കോർഡുകളാണ് ഇന്ത്യയ്ക്കെതിരെ ഉള്ളത്. പക്ഷേ ഇതെല്ലാം പിച്ചിനെ ആശ്രയിച്ചിരിക്കും. ദുബായിലുള്ളത് ഒരു സ്പിന്‍ ട്രാക്ക് ആണ്. അതിനനുസരിച്ചുള്ള പ്രകടനമാവും ഞങ്ങൾ കാഴ്ചവയ്ക്കുക.”- റൗഫ് പറഞ്ഞുവെക്കുന്നു.



